To advertise here, Contact Us



എട്ടു ഗോളുകള്‍ പിറന്ന മത്സരം; ക്രൊയേഷ്യന്‍ വെല്ലുവിളി മറികടന്ന് സ്‌പെയ്ന്‍ ക്വാര്‍ട്ടറില്‍


2 min read
Read later
Print
Share

എട്ടു ഗോളുകള്‍ പിറന്ന മത്സരത്തില്‍ മൂന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് ടീമിന്റെ ജയം

Photo: twitter.com|EURO2020

കോപ്പന്‍ഹേഗന്‍: യൂറോ കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നില്‍ ക്രൊയേഷ്യ ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് സ്‌പെയ്ന്‍ ക്വാര്‍ട്ടറില്‍.

To advertise here, Contact Us

എട്ടു ഗോളുകള്‍ പിറന്ന മത്സരത്തില്‍ മൂന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് ടീമിന്റെ ജയം. എക്‌സ്ട്രാ ടൈമില്‍ രണ്ടു ഗോളുകള്‍ കൂടി നേടിയാണ് സ്‌പെയ്ന്‍ മത്സരം സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് ഇരു ടീമും മൂന്നു ഗോളുകള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് വിജയിയെ തീരുമാനിക്കാന്‍ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടത്.

പാബ്ലോ സരാബിയ, സെസാര്‍ അസ്പിലിക്വെറ്റ, ഫെറാന്‍ ടോറസ്, അല്‍വാരോ മൊറാട്ട, മൈക്കല്‍ ഒയര്‍സബാല്‍ എന്നിവരാണ് സ്പാനിഷ് ടീമിനായി സ്‌കോര്‍ ചെയ്തത്. യൂറോ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന രണ്ടാമത്തെ മത്സരമാണിത്.

84-ാം മിനിറ്റ് വരെ രണ്ടു ഗോളിന് പിന്നിലായിരുന്ന ക്രൊയേഷ്യ എഴു മിനിറ്റിനിടെ രണ്ടു ഗോളുകള്‍ വലയിലെത്തിച്ചാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീട്ടിയത്. സ്പാനിഷ് ഗോള്‍കീപ്പര്‍ സിമോണിന്റെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ ക്രൊയേഷ്യയ്ക്കായി മിസ്ലാവ് ഓര്‍സിച്ചും മാരിയോ പസാലിച്ചുമാണ് ഗോളുകള്‍ നേടിയത്.

കളിയുടെ തുടക്കം മുതല്‍ തന്നെ നിയന്ത്രണം ഏറ്റെടുത്ത സ്പാനിഷ് നിര മികച്ച ഒട്ടേറെ അവസരങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ 20-ാം മിനിറ്റില്‍ സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനായ് സിമോണിന്റെ പിഴവില്‍ നിന്ന് ക്രൊയേഷ്യയാണ് ആദ്യം മുന്നിലെത്തിയത്. മൈതാന മധ്യത്തു നിന്ന് പെഡ്രി നല്‍കിയ ബാക്ക് പാസ് പിടിച്ചെടുക്കുന്നതില്‍ സിമോണിന് സംഭവിച്ച അബദ്ധമാണ് ഗോളിന് കാരണമായത്. താരത്തിന്റെ കാലില്‍ തട്ടി പന്ത് വലയില്‍.

ഗോള്‍ വഴങ്ങിയതോടെ ഒന്ന് പതറിയ സ്പാനിഷ് നിര വൈകാതെ മത്സരത്തിലെ നിയന്ത്രണം തിരികെ പിടിച്ചു. സിമോണിന്റെ പിഴവിന് 38-ാം മിനിറ്റില്‍ പാബ്ലോ സരാബിയ പരിഹാരം കണ്ടെത്തി. സ്പാനിഷ് ടീമിന്റെ ഒന്നിച്ചുള്ള മുന്നേറ്റമാണ് സമനില ഗോളിന് വഴിവെച്ചത്. ക്രൊയേഷ്യ ബോക്‌സില്‍ ഗോളിനായുള്ള ശ്രമത്തിനിടെ ഗയയുടെ ഷോട്ട് ലിവാകോവിച്ച് തടഞ്ഞത് നേരെ സരാബിയയുടെ മുന്നില്‍. സമയമൊട്ടും പാഴാക്കാതെ ബുള്ളറ്റ് ഷോട്ടിലൂടെ സരാബിയ പന്ത് വലയിലെത്തിച്ചു, സ്‌കോര്‍ 1-1.

ഇതിനിടെ ആദ്യ പകുതിയില്‍ മികച്ച അവസരങ്ങളും സ്‌പെയ്ന്‍ നഷ്ടപ്പെടുത്തിയിരുന്നു. 16-ാം മിനിറ്റില്‍ ഗോളെന്നുറച്ച അവസരം കോക്കെ നഷ്ടപ്പെടുത്തി. ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍നില്‍ക്കേ താരത്തിന് ലക്ഷ്യം കാണാനായില്ല. കോക്കെയുടെ ഷോട്ട് ക്രൊയേഷ്യന്‍ ഗോളി ഡൊമിനിക് ലിവാകൊവിച്ച് തടഞ്ഞു. 19-ാം മിനിറ്റില്‍ അല്‍വാരോ മൊറാട്ടയും അവസരം നഷ്ടപ്പെടുത്തി.

പിന്നാലെ 57-ാം മിനിറ്റില്‍ ഫെറാന്‍ ടോറസിന്റെ മികച്ചൊരു ക്രോസില്‍ നിന്നായിരുന്നു സ്‌പെയ്‌നിന്റെ രണ്ടാം ഗോള്‍. താരത്തിന്റെ പിന്‍ പോയന്റ് ക്രോസ് സെസാര്‍ അസ്പിലിക്വെറ്റ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.

77-ാം മിനിറ്റില്‍ പാവു ടോറസ് പെട്ടെന്നെടുത്ത ഒരു ക്രോസ് ഫീല്‍ഡ് പാസില്‍ നിന്നായിരുന്നു സ്‌പെയ്‌നിന്റെ മൂന്നാം ഗോള്‍ വന്നത്. പാസ് സ്വീകരിച്ച ഫെറാന്‍ ടോറസ് കലേറ്റ കാറിനെ വെട്ടിച്ച് പന്ത് വലയിലെത്തിക്കുകയായിരുന്നു.

85-ാം മിനിറ്റില്‍ മിസ്ലാവ് ഓര്‍സിച്ചിലൂടെ ക്രൊയേഷ്യ രണ്ടാം ഗോള്‍ നേടി. ഗോള്‍ലൈന്‍ ടെക്‌നോളജി വഴിയാണ് ഈ ഗോള്‍ അനുവദിക്കപ്പെട്ടത്. പിന്നാലെ ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ പസാലിച്ചിന്റെ ഗോളില്‍ ക്രൊയേഷ്യ മൂന്നാം ഗോളും നേടി.

പിന്നാലെ എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 100-ാം മിനിറ്റില്‍ അല്‍വാരോ മൊറാട്ട സ്‌പെയ്‌നിനായി നാലാം ഗോള്‍ നേടി. ഡാനി ഒല്‍മോയുടെ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. 103-ാം മിനിറ്റില്‍ മൈക്കല്‍ ഒയര്‍സബാലിലൂടെ സ്‌പെയ്ന്‍ ഗോള്‍ പട്ടിക തികച്ചു. ഇത്തവണയും ഡാനി ഒല്‍മോയുടെ ക്രോസില്‍ നിന്നായിരുന്നു ഗോള്‍.

അബദ്ധത്തില്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയെങ്കിലും സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനായ് സിമോണ്‍ മികച്ച സേവുകളുമായി ടീമിന്റെ രക്ഷയ്‌ക്കെത്തി. എക്‌സ്ട്രാ ടൈമിലും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും കൂടുതല്‍ ഗോള്‍ നേടാന്‍ സ്‌പെയ്‌നിന് സാധിച്ചില്ല.

ക്വാര്‍ട്ടറില്‍ ഇന്നത്തെ ഫ്രാന്‍സ് - സ്വിറ്റ്‌സര്‍ലന്‍ഡ് മത്സര വിജയികളെ സ്‌പെയ്ന്‍ നേരിടും.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: Euro 2020 Croatia vs Spain Round of 16 clash Live Updates

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us