Photo: Getty Images
ലണ്ടന്‍: പരിക്കേറ്റ ട്രെന്റ് അലക്സാണ്ടര്‍ അര്‍ണോള്‍ഡിന് പകരം യൂറോ കപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ ഡിഫന്‍ഡര്‍ ബെന്‍ വൈറ്റിനെ ഉള്‍പ്പെടുത്തി.
കഴിഞ്ഞയാഴ്ച ഓസ്ട്രിയയ്ക്കെതിരായ സൗഹൃദ മത്സരത്തിനിടെയാണ് അലക്സാണ്ടര്‍ അര്‍ണോള്‍ഡിന് പരിക്കേറ്റത്. ഇടതു തുടയ്ക്ക് പരിക്കേറ്റതോടെ യൂറോ കപ്പിലെ മത്സരങ്ങള്‍ പൂര്‍ണമായും അദ്ദേഹത്തിന് നഷ്ടമാകും.
ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്ത്‌ഗേറ്റിന്റെ 33 അംഗ സ്‌ക്വാഡിലെ അംഗമാണ് ബെന്‍ വൈറ്റ്. ജൂണ്‍ രണ്ടിന് ഓസ്ട്രിയയ്ക്കെതിരേ നടന്ന സൗഹൃദ മത്സരത്തിലാണ് വൈറ്റ് ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ചത്. 2020-21 പ്രീമിയര്‍ ലീഗ് സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് വൈറ്റ്.
ഗ്രൂപ്പ് ഡിയില്‍ ജൂണ്‍ 13-ന് ക്രൊയേഷ്യക്കെതിരേയാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം.
അര്‍ണോള്‍ഡിന് പരിക്കേറ്റത് ഇംഗ്ലണ്ടിന് വലിയ ആഘാതമാണ്. ഈ സീസണില്‍ ലിവര്‍പൂളിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നു. യൂറോ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്ക്, സ്‌കോട്ട്ലന്‍ഡ് എന്നീ ടീമുകള്‍ക്കെതിരേയാണ് ഇംഗ്ലണ്ട് മത്സരിക്കേണ്ടത്.
Content Highlights: Euro 2020 Ben White replaces injured Trent Alexander-Arnold