യുക്രൈനിനെ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് നാണം കെടുത്തി ഇംഗ്ലണ്ട് സെമി ഫൈനലില്‍


3 min read
Read later
Print
Share

ഇരട്ട ഗോളുകള്‍ നേടിയ നായകന്‍ ഹാരി കെയ്‌നും ഇരട്ട അസിസ്റ്റുകള്‍ നല്‍കിയ ലൂക്ക് ഷായുമാണ് ഇംഗ്ലണ്ട് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. കെയ്‌നിന് പുറമേ പ്രതിരോധതാരം ഹാരി മഗ്വയര്‍, മധ്യനിരതാരം ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍ എന്നിവരും ലക്ഷ്യം കണ്ടു.

Photo: twitter.com|EURO2020

റോം: യൂറോകപ്പിലെ അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ യുക്രൈനിനെ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് തകര്‍ത്ത് ഇംഗ്ലണ്ട് സെമി ഫൈനലില്‍ പ്രവേശിച്ചു. കളിയുടനീളം ലോകോത്തര നിലവാരമുള്ള ആക്രമണ ഫുട്‌ബോളാണ് ഇംഗ്ലണ്ട് കാഴ്ചവെച്ചത്.

1996-ന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് യൂറോ കപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിക്കുന്നത്. ഇംഗ്ലണ്ടിന്റെ ഹോം ഗ്രൗണ്ടായ വെബ്ലിയില്‍ വെച്ച് നടക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഡെന്മാര്‍ക്കാണ് എതിരാളികള്‍.

ഇരട്ട ഗോളുകള്‍ നേടിയ നായകന്‍ ഹാരി കെയ്‌നും ഇരട്ട അസിസ്റ്റുകള്‍ നല്‍കിയ ലൂക്ക് ഷായുമാണ് ഇംഗ്ലണ്ട് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. കെയ്‌നിന് പുറമേ പ്രതിരോധതാരം ഹാരി മഗ്വയര്‍, മധ്യനിരതാരം ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍ എന്നിവരും ലക്ഷ്യം കണ്ടു.

2020 യൂറോ കപ്പില്‍ ഒരു ഗോള്‍പോലും വഴങ്ങാതെയാണ് ഇംഗ്ലണ്ട് സെമി ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ തിളങ്ങാന്‍ ത്രീ ലയണ്‍സിന് സാധിച്ചു. മറുവശത്ത് ഇംഗ്ലണ്ടിനെതിരേ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ അട്ടിമറി വീരന്മാരായ യുക്രൈനിന് സാധിച്ചില്ല. യുക്രൈന്‍ പരിശീലകന്‍ ആന്ദ്രെ ഷെവ്‌ചെങ്കോയുടെ തന്ത്രങ്ങളെല്ലാം തുടക്കത്തില്‍ തന്നെ പാളി. മറുവശത്ത് ഇംഗ്ലണ്ട് പരിശീലകന്‍ ഗാരെത് സൗത്ത്‌ഗേറ്റ് കൃത്യമായി ടീമിനെ നിയന്ത്രിച്ച് സെമി ഫൈനലിലെത്തിച്ചു. യൂറോകപ്പില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ വിജയമാണിത്.

ഇംഗ്ലണ്ട് ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ യുക്രൈന്‍ ഒരു മാറ്റമാണ് വരുത്തിയത്. ഇംഗ്ലണ്ട് 4-2-3-1 ശൈലിയിലും യുക്രൈന്‍ 3-4-1-2 ശൈലിയിലുമാണ് കളിച്ചത്. ആദ്യ മിനിട്ടുകളില്‍ ഇംഗ്ലണ്ട് മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി. യുക്രൈന്‍ പ്രതിരോധത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കി.

നാലാം മിനിട്ടില്‍ തന്നെ യുക്രൈന്‍ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ട് ഇംഗ്ലണ്ട് മത്സരത്തില്‍ ലീഡെടുത്തത്. തകര്‍പ്പന്‍ ഗോള്‍ നേടിക്കൊണ്ട് നായകന്‍ ഹാരി കെയ്‌നാണ് ടീമിനായി സ്‌കോര്‍ ചെയ്തത്. ബോക്‌സിനുള്ളില്‍ നിന്ന കെയ്‌നിനെ ലക്ഷ്യം വെച്ച് റഹിം സ്‌റ്റെര്‍ലിങ് പാസ് നല്‍കി. കൃത്യമായ പാസ് സ്വീകരിച്ച കെയ്ന്‍ ഗോള്‍കീപ്പര്‍ ബുഷ്ചാനിന്റെ പ്രതിരോധം മറികടന്ന് പന്ത് വലയിലെത്തിച്ചു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കെയ്‌നിന് ഗോള്‍ നേടാനായി.

ഗോള്‍ വഴങ്ങിയതോടെ യുക്രൈന്‍ ആക്രമണ ഫുട്‌ബോള്‍ കാഴ്ചവെയ്ക്കാന്‍ തുടങ്ങി. എന്നാല്‍ ഇംഗ്ലീഷ് പ്രതിരോധത്തെ ഭേദിക്കാന്‍ ആദ്യ മിനിട്ടുകളില്‍ ടീമിന് സാധിച്ചില്ല. ഗോള്‍ നേടിയിട്ടും ആക്രമിച്ചുതന്നെയാണ് ഇംഗ്ലണ്ടും കളിച്ചത്.

17-ാം മിനിട്ടില്‍ ഇംഗ്ലീഷ് പ്രതിരോധത്തിന്റെ പിഴവില്‍ നിന്നും പന്ത് സ്വീകരിച്ച യുക്രൈനിന്റെ യാരെംചുക്ക് പന്തുമായി ബോക്‌സിലേക്ക് മുന്നേറി ഷോട്ടുതിര്‍ത്തെങ്കിലും ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ് അത് വിഫലമാക്കി.

ആദ്യം ഗോള്‍ വഴങ്ങിയെങ്കിലും പിന്നീട് യുക്രൈന്‍ പ്രതിരോധം മികച്ച പ്രകടനം പുറത്തെടുത്തു. ഇതോടെ ഇംഗ്ലീഷ് ആക്രമണങ്ങള്‍ പലതും പ്രതിരോധ മതിലില്‍ തട്ടിത്തെറിച്ചു. 29-ാം മിനിട്ടില്‍ ഹാരി കെയ്‌നിന്റെ ഹെഡ്ഡര്‍ യുക്രൈന്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

33-ാം മിനിട്ടില്‍ ഇംഗ്ലണ്ടിന്റെ ഡെക്ലാന്‍ റൈസിന്റെ തകര്‍പ്പന്‍ ലോങ്‌റേഞ്ചര്‍ ഗോള്‍കീപ്പര്‍ ബുഷ്ചാന്‍ തട്ടിയകറ്റി. പിന്നാലെ പന്ത് മേസണ്‍ മൗണ്ട് പിടിച്ചെടുത്ത് വീണ്ടും ഷോട്ടുതിര്‍ത്തെങ്കിലും അത് പ്രതിരോധ മതിലില്‍ തട്ടിത്തെറിച്ചു. 35-ാം മിനിട്ടില്‍ യുക്രൈനിന്റെ വിശ്വസ്ത പ്രതിരോധതാരം ക്രിവ്‌സ്‌റ്റോവ് പരിക്കേറ്റ് പുറത്തായത് ടീമിന് തിരിച്ചടിയായി.

ആദ്യ പകുതിയില്‍ സമനില നേടാനായി യുക്രൈന്‍ കിണഞ്ഞുപരിശ്രമിച്ചെങ്കിലും അതിശക്തമായ ഇംഗ്ലണ്ട് പ്രതിരോധത്തെ ഭേദിക്കാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ട് ഒരു ഫ്രീകിക്ക് നേടിയെടുത്തു. 46-ാം മിനിട്ടില്‍ ലൂക്ക് ഷായാണ് ഫ്രീകിക്കെടുത്തത്. കിക്ക് യുക്രൈന്‍ ബോക്‌സിലേക്ക് പറന്നിറങ്ങിയപ്പോള്‍ ഉയര്‍ന്നുചാടി തലവെച്ച് പന്ത് വലയിലെത്തിച്ച് ഹാരി മഗ്വയര്‍ ഇംഗ്ലണ്ടിന് രണ്ടാം ഗോള്‍ സമ്മാനിച്ചു. സെറ്റ് പീസിലൂടെ യൂറോ 2020-ല്‍ ഇംഗ്ലണ്ട് നേടുന്ന ആദ്യ ഗോളാണിത്. മഗ്വയറിന്റെ ശക്തമായ ഹെഡ്ഡര്‍ നോക്കി നില്‍ക്കാനേ ഗോള്‍കീപ്പര്‍ ബുഷ്ചാന് സാധിച്ചുള്ളൂ.

രണ്ടാം ഗോള്‍ നേടിയതിന്റെ ആവേശം കെട്ടടങ്ങുംമുന്‍പ് ഇംഗ്ലണ്ട് മൂന്നാം ഗോളും നേടി. ഇത്തവണ നായകന്‍ ഹാരി കെയ്‌നാണ് ഗോള്‍ നേടിയത്. 50-ാം മിനിട്ടില്‍ മികച്ച ഒരു ഹെഡ്ഡറിലൂടെയാണ് താരം വലകുലുക്കിയത്. ഇത്തവണയും ലൂക്ക് ഷായുടെ പാസില്‍ നിന്നാണ് ഗോള്‍ പിറന്നത്. ലൂക്ക് ഷാ ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ ക്രോസിന് കൃത്യമായി കെയ്ന്‍ തലവെച്ചു. താരം മത്സരത്തില്‍ നേടിയ രണ്ടാം ഗോളാണിത്. ഇതോടെ ഇംഗ്ലണ്ട് 3-0 എന്ന സ്‌കോറിന് മുന്നിലെത്തിച്ച് വിജയമുറപ്പിച്ചു.

മൂന്നുഗോളുകള്‍ വഴങ്ങിയതോടെ യുക്രൈന്‍ നിര തളര്‍ന്നു. താളം തെറ്റിയ കളിയാണ് ടീം പിന്നീട് പുറത്തെടുത്തത്. ഇംഗ്ലണ്ടാകട്ടെ വീണ്ടും ആക്രമണം തുടര്‍ന്നു. 62-ാം മിനിട്ടില്‍ ഹാരി കെയ്‌നിന്റെ ഗോളെന്നുറച്ച ലോങ്‌റേഞ്ചര്‍ ബുഷ്ചാന്‍ തട്ടിയകറ്റി. പിന്നാലെ വന്ന കോര്‍ണര്‍ കിക്കിലൂടെ ഇംഗ്ലണ്ട് നാലാം ഗോള്‍ നേടി.

ഇത്തവണ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണാണ് ത്രീ ലയണ്‍സിനായി സ്‌കോര്‍ ചെയ്തത്. മേസണ്‍ മൗണ്ടെടുത്ത കോര്‍ണര്‍ കിക്ക് ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് ഹെന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ ലീഡ് സമ്മാനിച്ചു.

നാല് ഗോളുകള്‍ വഴങ്ങിയതോടെ യുക്രൈന്‍ പ്രതിരോധത്തില്‍ മാത്രം ശ്രദ്ധ ചെലുത്തി. 70-ാം മിനിട്ടില്‍ നടത്തിയ കൗണ്ടര്‍ അറ്റാക്ക് ഗോളാക്കി മാറ്റാനും ടീമിന് സാധിച്ചില്ല.

നാല് ഗോളുകളുടെ ലീഡെടുത്തതോടെ ഇംഗ്ലണ്ട് പരിശീലകന്‍ ഗരെത്ത് സൗത്ത്‌ഗേറ്റ് പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കി. കാള്‍വെര്‍ട്ട് ലൂയിനും മാര്‍ക്കസ് റാഷ്‌ഫോര്‍ഡും ജൂഡ് ബെല്ലിങ്ങാമും ട്രിപ്പിയറുമെല്ലാം രണ്ടാം പകുതിയില്‍ ഗ്രൗണ്ടിലെത്തി. അവസാന പത്തുമിനിട്ടുകളില്‍ യുക്രൈന്‍ ഒരു ഗോളെങ്കിലും തിരിച്ചടിക്കാന്‍ വേണ്ടി കിണഞ്ഞു ശ്രമിച്ചെങ്കിലും ഇംഗ്ലീഷ് പ്രതിരോധം പാറപോലെ ഉറച്ചു. വൈകാതെ ത്രീ ലയണ്‍സ് സെമി ഫൈനലിലേക്ക് കുതിച്ചു.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: England vs Ukraine Euro 2020 live

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram