Photo: twitter.com|EURO2020
വെംബ്ലി: അത്ഭുതങ്ങള്‍ സംഭവിച്ചില്ല, അട്ടിമറി വീരന്മാരായ ഡെന്മാര്‍ക്കിനെ കീഴടക്കി കരുത്തരായ ഇംഗ്ലണ്ട് യൂറോ 2020 ന്റെ ഫൈനലില്‍ പ്രവേശിച്ചു. എക്‌സ്ട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് ഡെന്മാര്‍ക്കിനെ കീഴടക്കിയത്. ഇംഗ്ലണ്ടിനായി ഹാരി കെയ്ന്‍ സ്‌കോര്‍ ചെയ്തപ്പോള്‍ സിമോണ്‍ കെയറിന്റെ സെല്‍ഫ് ഗോളും ത്രീ ലയണ്‍സിന് തുണയായി. ഡെന്മാര്‍ക്കിനായി മിക്കേല്‍ ഡംസ്ഗാര്‍ഡ് ആശ്വാസ ഗോള്‍ നേടി.
മത്സരത്തില്‍ ആദ്യം ലീഡെടുത്തത് ഡെന്മാര്‍ക്കായിരുന്നെങ്കിലും പിന്നീട് രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ഇംഗ്ലണ്ട് ഫൈനല്‍ ടിക്കറ്റെടുക്കുകയായിരുന്നു. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 എന്ന സ്‌കോറിന് സമനില വഴങ്ങിയതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടത്. എക്‌സ്ട്രാ ടൈമില്‍ ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്ന്‍ ത്രീ ലയണ്‍സിനായി വിജയഗോള്‍ നേടി.
ഈ വിജയം ഇംഗ്ലണ്ടിന്റെ ഫുട്‌ബോള്‍ ചരിത്രത്തില്‍ വലിയ സ്ഥാനമാണ് നേടിയിരിക്കുന്നത്. ഇതാദ്യമായാണ് ഇംഗ്ലണ്ട് യൂറോ കപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. 1996-ല്‍ സെമി ഫൈനലിലെത്തിയതായിരുന്നു ഇതിനുമുന്‍പുണ്ടായ വലിയ നേട്ടം.1966-ലെ ലോകകപ്പിന് ശേഷം ഇംഗ്ലണ്ട് ആദ്യമായാണ് ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇടം നേടുന്നത്. കലാശപ്പോരാട്ടത്തില്‍ കരുത്തരായ ഇറ്റലിയാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. ഞായറാഴ്ച രാത്രി 12.30 നാണ് ഫൈനല്‍ നടക്കുക. ആദ്യ രണ്ട് മത്സരങ്ങളിലും തോല്‍വി വഴങ്ങിയ ശേഷം ടൂര്‍ണമെന്റില്‍ അദ്ഭുതക്കുതിപ്പ് നടത്തിയ ഡെന്മാര്‍ക്ക് തലയുയര്‍ത്തിത്തന്നെയാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഡെന്മാര്‍ക്ക് ഗോള്‍കീപ്പര്‍ കാസ്‌പെര്‍ ഷ്‌മൈക്കേല്‍ ആരാധകരുടെ മനം കവര്‍ന്ന പ്രകടനം കാഴ്ചവെച്ചു. ഗോളെന്നുറച്ച അരഡസണോളം ഷോട്ടുകളാണ് താരം തട്ടിയകറ്റിയത്.
ഡെന്മാര്‍ക്ക് ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ ഇംഗ്ലണ്ട് ഒരു മാറ്റമാണ് ടീമില്‍ വരുത്തിയത്. ജേഡന്‍ സാഞ്ചോയ്ക്ക് പകരം ബുക്കായോ സാക്ക ആദ്യ ഇലവനില്‍ ഇടം നേടി. ഇംഗ്ലണ്ട് 4-2-3-1 ശൈലിയിലും ഡെന്മാര്‍ക്ക് 3-4-3 ഫോര്‍മേഷനിലുമാണ് കളിച്ചത്.
മത്സരത്തിന്റെ തുടക്കത്തില്‍ ഇംഗ്ലണ്ട് മികച്ച പ്രകടനം പുറത്തെടുത്തു. മനോഹരമായ പാസിങ് ഗെയിമാണ് ഇംഗ്ലണ്ട് ഡെന്മാര്‍ക്കിനെതിരേ കാഴ്ചവെച്ചത്. അഞ്ചാം മിനിട്ടില്‍ ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്‌നിന്റെ ഉജ്ജ്വലമായ ക്രോസിന് കാല്‍ വെച്ച് ഗോള്‍ നേടാന്‍ റഹിം സ്‌റ്റെര്‍ലിങ്ങിന് സാധിച്ചില്ല. 12-ാം മിനിട്ടില്‍ രണ്ട് പ്രതിരോധ താരങ്ങളെ കബിളിപ്പിച്ച് സ്‌റ്റെര്‍ലിങ് ബോക്‌സിനകത്തേക്ക് കയറിയെങ്കിലും താരത്തിന്റെ ദുര്‍ബലമായ ഷോട്ട് ഗോള്‍കീപ്പര്‍ കാസ്‌പെര്‍ ഷ്‌മൈക്കേല്‍ കൈയ്യിലൊതുക്കി.
15-ാം മിനിട്ടിലാണ് മത്സരത്തിലാദ്യമായി ഡെന്മാര്‍ക്ക് ഒരു മുന്നേറ്റം നടത്തിയത്. അതിന്റെ ഭാഗമായി ടീം ഒരു കോര്‍ണര്‍ നേടിയെടുത്തു. പക്ഷേ കോര്‍ണര്‍ കിക്ക് ഗോളവസരമാക്കി മാറ്റാന്‍ ഡെന്മാര്‍ക്കിന് സാധിച്ചില്ല. ആദ്യമിനിട്ടുകളില്‍ തണുത്ത കളിയാണ് പുറത്തെടുത്തതെങ്കിലും പതിയേ ഡെന്മാര്‍ക്ക് മത്സരത്തില്‍ പിടിമുറുക്കി.
25-ാം മിനിട്ടില്‍ ഡെന്മാര്‍ക്കിന്റെ ഡോള്‍ബെര്‍ഗിന്റെ ലോങ്‌റേഞ്ചര്‍ ഇംഗ്ലണ്ട് പോസ്റ്റിന് പുറത്തേക്ക് പോയി. ഒടുവില്‍ 30-ാം മിനിട്ടില്‍ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നു. ഇംഗ്ലീഷ് നിരയെ ഞെട്ടിച്ചുകൊണ്ട് ഡെന്മാര്‍ക്കാണ് മത്സരത്തില്‍ ലീഡെടുത്തത്. തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ മിക്കേല്‍ ഡംസ്ഗാര്‍ഡാണ് ടീമിന് ലീഡ് നല്‍കിയത്.
ടൂര്‍ണമെന്റില്‍ ഇതാദ്യമായാണ് ഇംഗ്ലണ്ട് ഒരു ഗോള്‍ വഴങ്ങിയത്. 729 മിനിട്ടിനുശേഷമാണ് ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡിനെ മറികടന്ന് പന്ത് വലയിലെത്തുന്നത്. ഡംസ്ഗാര്‍ഡിന്റെ മികച്ച ഷോട്ട് തടയാന്‍ ശ്രമിച്ചെങ്കിലും പിക്ക്‌ഫോര്‍ഡിന് അത് സാധിച്ചില്ല. യൂറോ 2020-ലെ ആദ്യ ഫ്രീകിക്ക് ഗോളുമാണിത്.
ഗോള്‍ വഴങ്ങിയതോടെ ഇംഗ്ലണ്ട് ഉണര്‍ന്നുകളിച്ചു. 37-ാം മിനിട്ടില്‍ സ്‌റ്റെര്‍ലിങ്ങിന് ഓപ്പണ്‍ അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ഷ്‌മൈക്കേല്‍ അവിശ്വസനീയമായി തട്ടിയകറ്റി. എന്നാല്‍ തൊട്ടുപിന്നാലെ ഇംഗ്ലണ്ട് ഒരു ഗോള്‍ തിരിച്ചടിച്ച് സമനില പിടിച്ചു.
39-ാം മിനിട്ടിലാണ് ഗോള്‍ പിറന്നത്. ഡെന്മാര്‍ക്ക് നായകന്‍ സിമോണ്‍ കെയറിന്റെ സെല്‍ഫ് ഗോളാണ് ഇംഗ്ലണ്ടിന് തുണയായത്. പന്തുമായി മുന്നേറിയ ബുക്കായോ സാക്ക ഡെന്മാര്‍ക്ക് താരങ്ങളെ മറികടന്ന് സ്‌റ്റെര്‍ലിങ്ങിനെ ലക്ഷ്യമാക്കി അളന്നുമുറിച്ചൊരു ക്രോസ് നല്‍കി. സ്‌റ്റെര്‍ലിങ്ങിന് മുന്‍പ് പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കവേ കെയറിന്റെ കാലില്‍ തട്ടി പന്ത് വലയില്‍ കയറി. ഈ ഗോള്‍ വീണതോടെ വെംബ്ലി ആരാധകരുടെ കരഘോഷത്താല്‍ പൊട്ടിത്തെറിച്ചു. ആദ്യ പകുതിയില്‍ ഇരുടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഡെന്മാര്‍ക്ക് ബോക്‌സിന് തൊട്ടുപുറത്തുനിന്നും ഇംഗ്ലണ്ടിന് ഫ്രീകിക്ക് ലഭിച്ചു. പക്ഷേ അത് ഗോളവസരമാക്കി മാറ്റാന്‍ ത്രീ ലയണ്‍സിന് സാധിച്ചില്ല.
51-ാം മിനിട്ടില്‍ ഡെന്മാര്‍ക്കിന്റെ കാസ്‌പെര്‍ ഡോള്‍ബെര്‍ഗിന്റെ ഗോളെന്നുറച്ച ഷോട്ട് അവിശ്വസനീയമായി ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ പിക്ക്‌ഫോര്‍ഡ് തട്ടിയകറ്റി. 55-ാം മിനിട്ടില്‍ ഇംഗ്ലണ്ടിന്റെ ഹാരി മഗ്വയറിന്റെ ഗോളെന്നുറച്ച ഹെഡ്ഡര്‍ ഗോള്‍കീപ്പര്‍ ഷ്‌മൈക്കേല്‍ മികച്ച ഡൈവിലൂടെ തട്ടിയകറ്റി.
72-ാം മിനിട്ടില്‍ മേസണ്‍ മൗണ്ടെടുത്ത ഷോട്ട് പോസ്റ്റിലേക്ക് താണിറങ്ങി വന്നെങ്കിലും ഷ്‌മൈക്കേല്‍ അത് തട്ടിയകറ്റി. 80-ാം മിനിട്ടില്‍ ഇംഗ്ലണ്ടിന്റെ കാല്‍വിന്‍ ഫിലിപ്‌സിന്റെ ലോങ്‌റേഞ്ചര്‍ പോസ്‌റ്റൊഴിഞ്ഞ് പുറത്തേക്ക് പോയി. നിശ്ചിത സമയത്ത് ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി.
എക്‌സ്ട്രാ ടൈമില്‍ 94-ാം മിനിട്ടില്‍ ഹാരി കെയ്‌നിന്റെ പോസ്റ്റിലേക്കുള്ള ഷോട്ട് ഗോള്‍കീപ്പര്‍ ഷ്‌മൈക്കേല്‍ തട്ടിയകറ്റി. 98-ാം മിനിട്ടില്‍ ജാക്ക് ഗ്രീലിഷിന്റെ ലോങ്‌റേഞ്ചറും ഷ്‌മൈക്കേല്‍ തട്ടിയകറ്റി. എക്‌സ്ട്രാ ടൈമിലും ഇംഗ്ലീഷ് ആധിപത്യമാണ് ഗ്രൗണ്ടില്‍ കണ്ടത്. ഡെന്മാര്‍ക്ക് പ്രതിരോധത്തില്‍ മാത്രമാണ് ശ്രദ്ധ ചെലുത്തിയത്.
102-ാം മിനിട്ടില്‍ ബോക്‌സില്‍ വെച്ച് സ്‌റ്റെര്‍ലിങ്ങിനെ യോക്കിം മേയ് വീഴ്ത്തിയതിനേത്തുടര്‍ന്ന് ഇംഗ്ലണ്ടിന് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. നായകന്‍ ഹാരി കെയ്‌നാണ് കിക്കെടുത്തത്. കെയ്‌നിന്റെ കിക്ക് ഷ്‌മൈക്കേല്‍ തട്ടി. പക്ഷേ പന്ത് വീണ്ടും കെയ്‌നിന്റെ കാലിലേക്കാണെത്തിയത്. ഷ്‌മൈക്കേലിനെ നിസ്സഹായനാക്കി കെയ്ന്‍ ഇംഗ്ലണ്ടിന് അതിനിര്‍ണായകമായ ലീഡ് സമ്മാനിച്ചു. കെയ്‌നിന്റെ യൂറോ കപ്പിലെ നാലാം ഗോളാണിത്.
ഗോള്‍ വഴങ്ങിയതോടെ പ്രതിരോധത്തിലൂന്നിയുള്ള പ്രകടനം ഒഴിവാക്കി ഡെന്മാര്‍ക്ക് ആക്രമണ ഫുട്‌ബോള്‍ കാഴ്ചവെച്ചു. എന്നാല്‍ ഡെന്മാര്‍ക്ക് മുന്നേറ്റങ്ങളെ ഇംഗ്ലീഷ് പ്രതിരോധനിര സമര്‍ഥമായി തന്നെ നേരിട്ടു. 113-ാം മിനിട്ടില്‍ ഡെന്മാര്‍ക്കിന്റെ ബ്രാത്ത്വെയ്റ്റിന്റെ മികച്ച ലോങ്‌റേഞ്ചര്‍ ഗോള്‍കീപ്പര്‍ പിക്ക്‌ഫോര്‍ഡ് തട്ടിയകറ്റി. വൈകാതെ ഡെന്മാര്‍ക്കിനെ കീഴടക്കി ഇംഗ്ലണ്ട് ഫൈനലിലേക്ക് പ്രവേശിച്ചു.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം....
Content Highlights: England vs Denmark 2020 euro semi final