Photo: twitter.com|EURO2020
സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗ്: 2020 യൂറോകപ്പില്‍ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി റഷ്യ. ഗ്രൂപ്പ് ബിയില്‍ ഫിന്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് റഷ്യ വിജയം ആഘോഷിച്ചത്. അലെക്‌സി മിറാന്‍ചുക്കാണ് റഷ്യയ്ക്കായി വിജയഗോള്‍ നേടിയത്. ആദ്യ മത്സരത്തില്‍ ബെല്‍ജിയത്തോട് റഷ്യ പരാജയപ്പെട്ടിരുന്നു. ഈ വിജയം റഷ്യയുടെ നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കി.
മത്സരം തുടങ്ങി ആദ്യ മിനിട്ടില്‍ തന്നെ റഷ്യ ഒരു കോര്‍ണര്‍ നേടിയെടുത്തു. എന്നാല്‍ അത് ഗോളവസരമാക്കാന്‍ സാധിച്ചില്ല. മൂന്നാം മിനിട്ടില്‍ ഫിന്‍ലന്‍ഡ് നടത്തിയ ആദ്യ മുന്നേറ്റത്തില്‍ തന്നെ പൊഹാന്‍പോളോ റഷ്യന്‍ വല കുലുക്കിയെങ്കിലും റഫറി വാറിലൂടെ(വി.എ.ആര്‍) ഓഫ് സൈഡ് വിളിച്ചു.
പിന്നാലെ റഷ്യയുടെ ആദം സ്യൂബ ഫിന്‍ലന്‍ഡ് പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും അത് പോസ്റ്റില്‍ തട്ടിത്തെറിച്ചു. റഫറി ഓഫ് സൈഡും വിളിച്ചു. പതിയെ റഷ്യ കളിയില്‍ ആധിപത്യം സ്ഥാപിച്ചു.
20-ാം മിനിട്ടില്‍ റഷ്യയുടെ മുന്നേറ്റതാരം പൊഹാന്‍പോളോയ്ക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിനത് ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. 22-ാം മിനിട്ടില്‍ റഷ്യയുടെ മരിയോ ഫെര്‍ണാണ്ടസ് പരിക്കേറ്റ് പുറത്തായത് ടീമിന് തിരിച്ചടിയായി. ഫെര്‍ണാണ്ടസിന് പകരക്കാരനായി കാരവയേവ് ഗ്രൗണ്ടിലെത്തി.
എന്നാല്‍ 37-ാം മിനിട്ടില്‍ കാരവയേവിനും ഗുരുതരമായി പരിക്കേറ്റു. ഗോളടിക്കാന്‍ ശ്രമിക്കുന്നതിനിടേ പോസ്റ്റില്‍ കാലിടിച്ചാണ് താരത്തിന് പരിക്കേറ്റത്. അല്‍പ സമയത്തിനുശേഷം താരം ഗ്രൗണ്ടില്‍ തിരിച്ചെത്തി.
ഒടുവില്‍ നിരന്തര പ്രയത്‌നങ്ങള്‍ക്കൊടുവില്‍ റഷ്യ ഗോള്‍ നേടി. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനിട്ടില്‍ അലെക്‌സി മിറാന്‍ചുക്കാണ് റഷ്യയ്ക്കായി ഗോള്‍ നേടിയത്. മികച്ച പാസിങ് ഗെയിം പുറത്തെടുത്തുത്ത റഷ്യന്‍ താരങ്ങള്‍ ബോക്‌സിനുള്ളിലുള്ള മിറാന്‍ചുക്കിന് പന്ത് നല്‍കി. പന്ത് സ്വീകരിച്ചയുടന്‍ ഫിന്‍ലന്‍ഡ് പ്രതിരോധതാരങ്ങളെ മറികടന്ന് മിറാന്‍ചുക്ക് മഴവില്‍ പോലെ പന്ത് വലയിലേക്ക് കോരിയിട്ടു. വൈകാതെ ആദ്യപകുതിയും അവസാനിച്ചു.
രണ്ടാം പകുതിയില്‍ ഫിന്‍ലന്‍ഡ് ഉണര്‍ന്നുകളിച്ചു. അതിന്റെ ഭാഗമായി 49-ാം മിനിട്ടില്‍ മുന്നേറ്റതാരം പുക്കിയ്ക്ക് ഓപ്പണ്‍ അവസരം ലഭിച്ചു. പക്ഷേ താരത്തിന്റെ ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പറന്നു.
51-ാം മിനിട്ടില്‍ റഷ്യയുടെ ഗൊളോവിന്റെ ലോങ്‌റേഞ്ചര്‍ ഫിന്‍ലന്‍ഡ് പോസ്റ്റിലുരുമ്മി കടന്നുപോയി. പിന്നാലെ നിരന്തരം ആക്രമിച്ച് കളിച്ച് റഷ്യ ഫിന്‍ലന്‍ഡിന് മേല്‍ ആധിപത്യം സ്ഥാപിച്ചു.
72-ാം മിനിട്ടില്‍ ഗോളോവിന്റെ ഗോളെന്നുറച്ച ഷോട്ട് തകര്‍പ്പന്‍ ഡൈവിലൂടെ ഫിന്‍ലന്‍ഡ് ഗോള്‍കീപ്പര്‍ റാഡെക്‌സി രക്ഷപ്പെടുത്തി. മധ്യനിര നന്നായി കളിച്ചെങ്കിലും സ്‌ട്രൈക്കര്‍മാരുടെ വേഗക്കുറവ് ഫിന്‍ലന്‍ഡിന് വിനയായി. താരങ്ങളെ മാറി പരീക്ഷിച്ചെങ്കിലും റഷ്യന്‍ പ്രതിരോധമതില്‍ തകര്‍ക്കാനുള്ള കരുത്ത് ആര്‍ജ്ജിക്കാന്‍ ഫിന്‍ലന്‍ഡിന് സാധിച്ചില്ല. വൈകാതെ റഷ്യ ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം....
Content Highlights: Denmark vs Russia Euro 2020 group B