Photo: twitter.com|EURO2020
ബാക്കു: തുല്യ ശക്തികളുടെ പോരാട്ടത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ തകര്‍ത്ത് ഡെന്മാര്‍ക്ക് യൂറോ കപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഡെന്മാര്‍ക്കിന്റെ വിജയം. ടൂര്‍ണമെന്റില്‍ അട്ടിമറികളുമായി മുന്നേറിയ ഡെന്മാര്‍ക്കും ചെക്കും മികച്ച പ്രകടനമാണ് ക്വാര്‍ട്ടറില്‍ പുറത്തെടുത്തത്.
ഡെന്മാര്‍ക്കിനായി തോമസ് ഡെലാനി, കാസ്പര്‍ ഡോള്‍ബെര്‍ഗ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ചെക്ക് റിപ്പബ്ലിക്കിനായി സൂപ്പര്‍താരം പാട്രിക്ക് ഷിക്ക് ആശ്വാസ ഗോള്‍ നേടി.
സെമി ഫൈനലില്‍ ഇംഗ്ലണ്ട്-യുക്രൈന്‍ മത്സര വിജയികളെയാണ് ഡെന്മാര്‍ക്ക് നേരിടുക. മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ തിളങ്ങാനായത് ഡെന്മാര്‍ക്കിന്റെ വിജയത്തിന് മാറ്റുകൂട്ടുന്നു. 1992-ല്‍ ഡെന്മാര്‍ക്ക് യൂറോ കപ്പ് കിരീടം സ്വന്തമാക്കിയിരുന്നു. 29 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡെന്മാര്‍ക്ക് സെമി ഫൈനലിലെത്തുന്നത്.
ഡെന്മാര്‍ക്ക് കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ ചെക്ക് റിപ്പബ്ലിക്ക് ഒരു മാറ്റമാണ് ടീമില്‍ വരുത്തിയത്. മത്സരം തുടങ്ങി അഞ്ചാം മിനിട്ടില്‍ തന്നെ ചെക്കിനെതിരേ ഡെന്മാര്‍ക്ക് ലീഡെടുത്തു.
മത്സരത്തില്‍ ലഭിച്ച ആദ്യ കോര്‍ണര്‍ തന്നെ ലക്ഷ്യത്തിലെത്തിച്ച് ഡെന്മാര്‍ക്ക് ചെക്ക് റിപ്പബ്ലിക്കിനെ ഞെട്ടിച്ചു. സ്‌ട്രൈഗര്‍ എടുത്ത കോര്‍ണര്‍ കിക്കിന് കൃത്യമായി തലവെച്ച് തോമസ് ഡെലാനി ടീമിന് ലീഡ് സമ്മാനിച്ചു. മാര്‍ക്ക് ചെയ്യപ്പെടാതെയിരുന്ന ഡെലാനിയിലേക്ക് പന്ത് വന്നപ്പോള്‍ അവസരം പാഴാക്കാതെ അദ്ദേഹം ഗോള്‍കീപ്പര്‍ വാസ്ലിക്കിനെ കീഴടക്കി പന്ത് വലയിലെത്തിച്ചു. ആദ്യ മുന്നേറ്റത്തില്‍ തന്നെയാണ് ഡെന്മാര്‍ക്ക് ഗോള്‍ നേടിയത്. ഗോള്‍ വീണതോടെ ചെക്ക് ഉണര്‍ന്നുകളിച്ചു.
11-ാം മിനിട്ടില്‍ ചെക്കിന്റെ കുന്തമുനയായ പാട്രിക്ക് ഷിക്ക് ഡെന്മാര്‍ക്ക് ബോക്‌സിനകത്തേക്ക് ഇരച്ചുകയറിയെങ്കിലും ലക്ഷ്യം പിഴച്ചു. പിന്നാലെ ഡെന്മാര്‍ക്കിന്റെ ഡാംസ്ഗാര്‍ഡിന് ഓപ്പണ്‍ അവസരം ലഭിച്ചിട്ടും പന്ത് വലയിലെത്തിക്കാന്‍ താരത്തിന് സാധിച്ചില്ല.
16-ാം മിനിട്ടില്‍ ഡെലാനിയ്ക്ക് ചെക്ക് ബോക്‌സിനകത്തുവെച്ച് തുറന്ന അവസരം ലഭിച്ചു. എന്നാല്‍ താരത്തിന് പന്ത് കൃത്യമായി കാലിലെടുത്ത് വലയിലെത്തിക്കാന്‍ സാധിച്ചില്ല. 21-ാം മിനിട്ടില്‍ ചെക്കിന്റെ ഹോള്‍സ് പന്തുമായി ബോക്‌സിലെത്തിയെങ്കിലും ഗോള്‍കീപ്പര്‍ ഷ്‌മൈക്കേല്‍ പന്ത് തട്ടിയകറ്റി.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചത് ചെക്ക് റിപ്പബ്ലിക്കാണ്. 33-ാം മിനിട്ടില്‍ സ്‌ട്രൈഗര്‍ക്ക് ബോക്‌സിനകത്തുവെച്ച് ഗോളവസരം ലഭിച്ചെങ്കിലും ചെക്ക് ഗോള്‍കീപ്പര്‍ വാസ്ലിക്ക് മുന്നോട്ട് കയറിവന്ന് പന്ത് പിടിച്ച് അപകടം ഒഴിവാക്കി.
ചെക്ക് മുന്നേറ്റനിരയുടെ തുടര്‍ച്ചായുള്ള ആക്രമണങ്ങളെ ഡെന്മാര്‍ക്ക് പ്രതിരോധം നന്നായി തന്നെ നേരിട്ടു. 37-ാം മിനിട്ടില്‍ ഡാംസ്ഗാര്‍ഡിന്റെ ലോങ്‌റേഞ്ചര്‍ വാസ്ലിക്ക് തട്ടിയകറ്റി.
ചെക്കിന്റെ ആത്മവിശ്വാസം തല്ലിക്കെടുത്തി ഡെന്മാര്‍ക്ക് 42-ാം മിനിട്ടില്‍ മത്സരത്തിലെ രണ്ടാം ഗോള്‍ നേടി. ഇത്തവണ ഗോളടിയന്ത്രം കാസ്പര്‍ ഡോള്‍ബെര്‍ഗാണ് ടീമിനായി ഗോള്‍ നേടിയത്. മെയ്‌ലിന്റെ അളന്നുമുറിച്ച ക്രോസില്‍ കാലുവെച്ച് ഗോള്‍കീപ്പര്‍ വാസ്ലിക്കിനെ കാഴ്ചക്കാരനാക്കി ഡോള്‍ബെര്‍ഗ് രണ്ടാം ഗോള്‍ നേടി. രണ്ട് മത്സരങ്ങളില്‍ നിന്നുമായി താരം നേടുന്ന മൂന്നാം ഗോളാണിത്. ഇതോടെ മത്സരത്തില്‍ ഡെന്മാര്‍ക്ക് ആധിപത്യം പുലര്‍ത്തി. ആദ്യ പകുതിയില്‍ ടീം 2-0 എന്ന സ്‌കോറിന് ലീഡെടുത്തു.
രണ്ടാം പകുതിയുടെ ആരംഭത്തില്‍ തന്നെ പകരക്കാരനായി വന്ന ചെക്ക് റിപ്പബ്ലിക്കിന്റെ മൈക്കിള്‍ ക്രിമെന്‍സിക്കിന് മികച്ച അവസരം ലഭിച്ചു. എന്നാല്‍ പന്ത് ഷ്‌മൈക്കേല്‍ കൃത്യമായി തട്ടിയകറ്റി. രണ്ടാം പകുതിയില്‍ ആക്രമണ ഫുട്‌ബോളാണ് ചെക്ക് അഴിച്ചുവിട്ടത്.
അതിന്റെ ഭാഗമായി 49-ാം മിനിട്ടില്‍ തന്നെ ചെക്ക് ഒരു ഗോള്‍ തിരിച്ചടിച്ചു. സൂപ്പര്‍ താരം പാട്രിക്ക് ഷിക്കാണ് ടീമിനായി ഗോള്‍ നേടിയത്. കൗഫാലിന്റെ പാസ് കൃത്യമായി പോസ്റ്റിന്റെ ഇടത്തേ മൂലയിലേക്ക് അടിച്ചിട്ട് ഷിക്ക് യൂറോ 2020 -ലെ തന്റെ അഞ്ചാം ഗോള്‍ സ്‌കോര്‍ ചെയ്തു. ഈ ഗോളോടെ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരത്തിനായുള്ള മത്സരത്തില്‍ ഷിക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം എത്തി.
രണ്ടാം പകുതിയില്‍ ഡെന്മാര്‍ക്ക് പ്രതിരോധത്തിലേക്ക് വലിഞ്ഞത് ചെക്കിന് കൂടുതല്‍ ഗുണം ചെയ്തു. എന്നാല്‍ കളി പുരോഗമിക്കവേ ഡെന്മാര്‍ക്ക് ആക്രമണം അഴിച്ചുവിട്ടു. ഇതോടെ കളി ആവേശത്തിലായി.
61-ാം മിനിട്ടില്‍ പന്തുമായി ബോക്‌സിനകത്തേക്ക് മുന്നേറിയ ഡെന്മാര്‍ക്കിന്റെ യൂസഫ് പോള്‍സണ് ഗോളടിക്കാന്‍ അവസരം ലഭിച്ചെങ്കിലും താരം അത് പാഴാക്കി. 68-ാം മിനിട്ടില്‍ പോള്‍സണിന്റെ ലോങ്‌റേഞ്ചര്‍ വാസ്ലിക്ക് കൈയ്യിലൊതുക്കി.
74-ാം മിനിട്ടില്‍ ഡെന്മാര്‍ക്ക് ബോക്‌സിന് അടുത്തുനിന്നും ചെക്കിന് ഫ്രീകിക്ക് ലഭിച്ചു. യാങ്‌ടോയുടെ വളഞ്ഞിറങ്ങിയ ഫ്രീകിക്ക് വലയിലേക്കെത്തും മുന്‍പ് തകര്‍പ്പന്‍ ഡൈവിലൂടെ ഗോള്‍കീപ്പര്‍ ഷ്‌മൈക്കേല്‍ തട്ടിയകറ്റി അപകടം ഒഴിവാക്കി.
78-ാം മിനിട്ടില്‍ പോള്‍സണിന്റെ ഗോളെന്നുറച്ച ലോങ്‌റേഞ്ചര്‍ ഗോള്‍കീപ്പര്‍ വാസ്ലിക്ക് തട്ടിയകറ്റി. 82-ാം മിനിട്ടില്‍ മേയുടെ ഷോട്ടും വാസ്ലിക്ക് തട്ടിത്തെറിപ്പിച്ചു.
അവസാന മിനിട്ടുകളില്‍ ടീം ഒന്നടങ്കം ആഞ്ഞുപരിശ്രമിച്ചെങ്കിലും ചെക്ക് റിപ്പബ്ലിക്കിന് സമനില ഗോള്‍ നേടാനായില്ല. ഇതോടെ ഡെന്മാര്‍ക്ക് അവസാന നാലില്‍ ഇടം നേടി.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം....
Content Highlights: Denmark vs Czech Republic Euro 2020 live