Photo: twitter.com|EURO2020
സെയ്ന്റ് പീറ്റേഴ്‌സ്‌ബെര്‍ഗ്:ഫിന്‍ലന്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ബെല്‍ജിയം യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ബിയില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയം പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.
റൊമേലു ലുക്കാക്കു ബെല്‍ജിയത്തിനായി ഗോള്‍ നേടിയപ്പോള്‍ ഫിന്‍ലന്‍ഡ് ഗോള്‍കീപ്പര്‍ ലൂക്കാസ് ഹ്രാഡെസ്‌കിയുടെ സെല്‍ഫ് ഗോളും ചുവന്ന ചെകുത്താന്മാര്‍ക്ക് തുണയായി. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. തോറ്റെങ്കിലും ഫിന്‍ലന്‍ഡിന്റെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല.
കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്നും എട്ട് മാറ്റങ്ങളുമായാണ് ബെല്‍ജിയം ഫിന്‍ലന്‍ഡിനെതിരേ കളിക്കാനിറങ്ങിയത്. തുടക്കം മുതല്‍ ബെല്‍ജിയമാണ് കളി നിയന്ത്രിച്ചത്. കുറിയ പാസുകളുമായി ടീം നിരന്തരം ഫിന്‍ലന്‍ഡ് ഗോള്‍മുഖത്ത് ഭീതിപരത്തി. എന്നാല്‍ ഫിന്‍ലന്‍ഡ് പ്രതിരോധം ബെല്‍ജിയന്‍ ആക്രമണങ്ങളെ നന്നായി തന്നെ നേരിട്ടു. ആദ്യ പത്തുമിനിട്ടില്‍ ഒരു ഗോളവസരം സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല.
ബെല്‍ജിയത്തിനൊപ്പം ഫിന്‍ലന്‍ഡും ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കി. എന്നാല്‍ ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ടീം പരാജയപ്പെട്ടു. 15-ാം മിനിട്ടില്‍ കെവിന്‍ ഡിബ്രുയിനെയുടെ പാസില്‍ നിന്നും ബെല്‍ജിയത്തിന്റെ റൊമേലു ലുക്കാക്കുവിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല.
22-ാം മിനിട്ടില്‍ ഡിബ്രുയിനെ കൊടുങ്കാറ്റുപോലെ ഫിന്‍ലന്‍ഡ് ബോക്‌സിലേക്ക് ആക്രമിച്ച് കയറിയെങ്കിലും പ്രതിരോധതാരങ്ങള്‍ ഒരുവിധത്തില്‍ അപകടം ഒഴിവാക്കി. 33-ാം മിനിട്ടില്‍ ബെല്‍ജിയത്തിന്റെ ട്രോസാര്‍ഡിന്റെ ലോങ്‌റേഞ്ചര്‍ ഫിന്‍ലന്‍ഡ് പോസ്റ്റിന് മുകളിലൂടെ പറന്നു. 37-ാം മിനിട്ടില്‍ ഹസാര്‍ഡ് ബോക്‌സിനകത്തേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് ലുക്കാക്കു ഹെഡ് ചെയ്‌തെങ്കിലും ലക്ഷ്യം തെറ്റി പന്ത് കൃത്യമായി ഗോള്‍കീപ്പറുടെ കൈയ്യില്‍ പതിച്ചു.
41-ാം മിനിട്ടില്‍ ബെല്‍ജിയത്തിന്റെ ഡോക്കുവിന്റെ ഗോളെന്നുറച്ച മനോഹരമായ ഒരു ഷോട്ട് ഫിന്‍ലന്‍ഡ് ഗോള്‍കീപ്പര്‍ ഹാര്‍ഡെസ്‌കി തട്ടിയകറ്റി. പിന്നാലെ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.
രണ്ടാം പകുതിയിലും ബെല്‍ജിയം ആക്രമണത്തിന് കുറവുണ്ടായിരുന്നില്ല. 55-ാം മിനിട്ടില്‍ ബെല്‍ജിയത്തിന്റെ ചാര്‍ഡ്‌ലിയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ദുര്‍ബലമായ കിക്ക് ഗോള്‍കീപ്പര്‍ അനായാസം കൈയ്യിലൊതുക്കി. പിന്നാലെ 58-ാം മിനിട്ടില്‍ ഹസാര്‍ഡിനും മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല.
62-ാം മിനിട്ടില്‍ ഫിന്‍ലന്‍ഡിന്റെ കമാറ ബെല്‍ജിയം പോ്‌സ്റ്റിലേക്ക് വെടിയുതിര്‍ത്തെങ്കിലും ഗോള്‍കീപ്പര്‍ കുര്‍ട്വ അനായാസം പന്ത് കൈയ്യിലൊതുക്കി. 64-ാം മിനിട്ടില്‍ ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കേ ഹസാര്‍ഡിന് തുറന്ന അവസരം ലഭിച്ചിട്ടും താരത്തിന്റെ കിക്ക് ഹാര്‍ഡെസ്‌കി കൈയ്യിലൊതുക്കി.
66-ാം മിനിട്ടില്‍ ലുക്കാക്കുവിലൂടെ ബെല്‍ജിയം മത്സരത്തില്‍ ലീഡെടുത്തെങ്കിലും പിന്നീട് നടത്തിയ വിദഗധ പരിശോധനയില്‍ (വി.എ.ആര്‍) താരം ഓഫ്‌സൈഡാണെന്ന് കണ്ടെത്തി. ഇതോടെ ഗോള്‍ അസാധുവായി.
ഒടുവില്‍ 74-ാം മിനിട്ടില്‍ ബെല്‍ജിയം ഒരു ഗോളിന് ലീഡെടുത്തു. ഫിന്‍ലന്‍ഡ് ഗോള്‍കീപ്പര്‍ ലുക്കാസ് ഹ്രാഡെസ്‌കിയുടെ സെല്‍ഫ് ഗോളിലൂടെയാണ് ബെല്‍ജിയം മുന്നില്‍ കയറിയത്. കോര്‍ണര്‍ കിക്കിലൂടെയാണ് ഗോള്‍ പിറന്നത്. ബോക്‌സിലേക്കുയര്‍ന്നുവന്ന കോര്‍ണര്‍ കിക്കില്‍ കൃത്യമായി ബെല്‍ജിയത്തിന്റെ വെര്‍മാലെന്‍ തലവെച്ചു. എന്നാല്‍ താരത്തിന്റെ ഹെഡ്ഡര്‍ ഫിന്‍ലന്‍ഡ് പോസ്റ്റില്‍ തട്ടിത്തെറിച്ചു. നിര്‍ഭാഗ്യവശാല്‍ പന്ത് വന്ന് തട്ടിയത് ഗോള്‍കീപ്പര്‍ ലൂക്കാസ് ഹ്രാഡെസ്‌കിയുടെ ദേഹത്താണ്. താരത്തിന്റെ ശരീരത്തില്‍ തട്ടി പന്ത് വലയിലെത്തി. ഇത് ലക്ഷപ്പെടുത്താന്‍ ഹ്രാഡെസ്‌കി ശ്രമിച്ചെങ്കിലും പന്ത് ഗോള്‍വര കടന്നു.
ഒരു ഗോള്‍ വീണതോടെ ഫിന്‍ലന്‍ഡ് പ്രതിരോധത്തിന്റെ കെട്ടുറപ്പ് തകര്‍ന്നു. പിന്നാലെ 81-ാം മിനിട്ടില്‍ ബെല്‍ജിയം രണ്ടാം ഗോള്‍ നേടി. ഇത്തവണ റൊമേലു ലുക്കാക്കുവാണ് ഗോള്‍ നേടിയത്. ഡിബ്രുയിനെ നല്‍കിയ പാസ് സ്വീകരിച്ച ലുക്കാക്കു പ്രതിരോധതാരങ്ങളെ കബിളിപ്പിച്ച് പന്ത് പോസ്റ്റിന്റെ വലത്തേ മൂലയിലേക്ക് പായിച്ചു. ഇതോടെ ബെല്‍ജിയം വിജയമുറപ്പിച്ചു.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: Belgium vs Finland Euro 2020