മുളങ്കമ്പിൽ പരിശീലനം, ഉയരങ്ങൾ കീഴടക്കി അതുൽ മോഹനൻ


2 min read
Read later
Print
Share

പുറ്റടി എൻ.എസ്.പി.എച്ച‌്.എസിൽ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർഥിയായ അതുൽ വിദഗ്ധ പരിശീലനവും നേടിയിട്ടില്ല.

കട്ടപ്പന: വീട്ടിൽ മരങ്ങൾക്ക് കുറുകെ വലിച്ചുകെട്ടിയ കയറിന് മുകളിലൂടെ അതുൽ മുളങ്കമ്പ് കുത്തി ചാടിപ്പടിച്ചത് വെറുതെയായില്ല. പരാധീനതകൾക്ക് നടുവിൽനിന്നു കട്ടപ്പനക്കാരനായ അതുൽ മോഹൻ എന്ന മിടുക്കൻ ചാടി ഉയർന്നത് റവന്യൂ ജില്ലാ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ പോൾവാൾട്ടിൽ ചാമ്പ്യനായാണ്. മത്സരത്തിനു ശേഷം വലത് കാൽമുട്ട് പൊട്ടി ചോര ഒലിക്കുമ്പോഴും വിജയിച്ച് വരുമെന്ന് ഓട്ടോ ഡ്രൈവറായ അച്ഛന് നൽകിയ വാക്ക് പാലിക്കാൻ കഴിഞ്ഞതിന്റെ പുഞ്ചിരി അതുലിന്റെ മുഖത്തുണ്ടായിരുന്നു.

പുറ്റടി എൻ.എസ്.പി.എച്ച‌്.എസിൽ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർഥിയായ അതുൽ വിദഗ്ധ പരിശീലനവും നേടിയിട്ടില്ല. സ്കുളിൽ പോൾവാൾട്ട‌് പരിശീലനത്തിന് സൗകര്യമില്ല. കഴിഞ്ഞ വർഷം കായികമേളയിൽ പങ്കെടുത്തിരുന്നു. മഴമൂലം തൊടുപുഴയിൽ നടന്ന രണ്ടാംഘട്ട കായികമേളയിൽ കെ.എസ്.ആർ.ടി.സി ബസിൽ മുളങ്കമ്പു കൊണ്ടുള്ള പോൾ കെട്ടിവച്ച് കൊണ്ടുപോയാണ് പങ്കെടുത്തത്. അത്തവണ നേടാൻ കഴിയാത്ത സ്വർണത്തിനായി ഒരു വർഷമായി കഠിന പ്രയത്നത്തിലായിരുന്നെന്നും അതുൽ പറഞ്ഞു.

സംസ്ഥാന െഗയിംസിൽ കഴിഞ്ഞ രണ്ട‌് വർഷമായി ജില്ലാ ക്രിക്കറ്റ‌് ടീമിലും അതുൽ അംഗമാണ്. രണ്ട‌് പ്രാവശ്യം സ്വർണവും നേടി. കട്ടപ്പന കുന്തളംപാറ ചെറിയകൊല്ലപ്പള്ളി സി.എസ്.മോഹനന്റെയും ലൈഷയുടെയും മകനാണ്.

മീറ്റ് സർട്ടിഫിക്കറ്റിന്റെ നിലവാരം കുറച്ചു; പ്രതിഷേധത്തെത്തുടർന്ന് മാറ്റിനൽകാൻ തീരുമാനം

കട്ടപ്പന: റവന്യൂ ജില്ലാ കായികമേളയിലെ മത്സര വിജയികൾക്കായി തയാറാക്കിയ സർട്ടിഫിക്കറ്റുകളെ ചൊല്ലി തർക്കം.

നിലവാരമില്ലാത്ത പേപ്പറിൽ നോട്ടീസിന് സമാനമായി തയാറാക്കിയ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റാൻ കുട്ടികൾ തയാറായില്ല. അധ്യാപകരുടെ പ്രതിഷേധത്തിനൊടുവിൽ നിലവാരമില്ലാത്ത സർട്ടിഫിക്കറ്റുകൾ നൽകേണ്ടതില്ലെന്നും പകരം പുതിയ സർട്ടിഫിക്കറ്റുകൾ കുട്ടികൾക്ക് സ്കൂളുകളിൽ എത്തിച്ചുനൽകുമെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അറിയച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

െചലവ് ചുരുക്കലിന്റെ ഭാഗമായി ഇത്തവണത്തെ വിജയികൾക്ക് മെഡലുകളോ ട്രോഫികളോ സംഘാടകർ നൽകുന്നില്ല. ആകെ സർട്ടിഫിക്കറ്റുകൾ മാത്രമാണ് ഇത്തവണ കുട്ടികൾക്ക് ലഭിക്കുന്നത്. അതിന്റെ പോലും നിലവാരം കുറച്ച് പണം ലാഭിക്കാൻ ശ്രമിച്ചതിലാണ് തോമസ് മാഷ് അടക്കമുള്ള കായികാധ്യാപകർ അതൃപ്തി പ്രകടിപ്പിച്ചത്.

ഇത്തവണ മേള നടത്താൻ ഫണ്ടില്ല. ഗ്രൗണ്ടിൽ ട്രാക്ക് രേഖപ്പെടുത്താൻ ഉപയോഗിച്ച കുമ്മായം പോലും ഓരോ സ്കൂളുകളുടെയും സംഭാവനയാണ്. സർട്ടിഫിക്കറ്റ് തയാറാക്കാൻ നിയോഗിച്ചവർക്ക് പറ്റിയ വീഴ്ച മനസ്സിലായി. അതിനാലാണ് റവന്യൂ ജില്ലാ മേളയുടെ നിലവാരത്തിലുള്ള പുതിയ സർട്ടിഫിക്കറ്റുകൾ തയാറാക്കി നൽകാൻ തീരുമാനിച്ചതെന്ന് ഡി.ഡി.ഇ. ദീപാ മാർട്ടിൻ മാതൃഭൂമിയോട് പറഞ്ഞു.

ആഘോഷങ്ങളില്ലെങ്കിലും ആവേശം ചോർന്നില്ല

കാൽവരിമൗണ്ട്: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ജില്ലാ കായികമേളയിലെ ചെലവുകൾ നാലിലൊന്നായി വെട്ടിച്ചുരുക്കിയിരുന്നു. കഴിഞ്ഞവർഷം വരെ നാലു ലക്ഷം രൂപ മേളയ്ക്കായി ചെലവഴിച്ചിരുന്നു എന്നാൽ ഇത്തവണ 50,000 രൂപ മാത്രമാണ് വിനിയോഗിച്ചത്. അധ്യാപക സംഘടനകളും പ്രഥമാധ്യാപക സംഘടനയും ചേർന്ന് മേളയുടെ നടത്തിപ്പിനുള്ള തുക കണ്ടെത്തുകയായിരുന്നു. കൂടാതെ കാമാക്ഷി പഞ്ചായത്തിലെ ജനപ്രതിനിധികളും വേണ്ട സഹായം നൽകി. മേള നിയന്ത്രിക്കുന്ന കായികാധ്യാപകർ സൗജന്യമായാണ് സേവനമനുഷ്ഠിക്കുന്നത്. മുൻവർഷങ്ങളിൽ വിജയികൾക്ക് മെഡലുകൾ നൽകിയിരുന്നു എങ്കിൽ ഇത്തവണ സർട്ടിഫിക്കറ്റുകൾ മാത്രമാണ് നൽകുന്നത്. ആഘോഷപ്പരിപാടികൾ വെട്ടിച്ചുരുക്കിയെങ്കിലും മേളയിലെ ആവേശം ചോർന്നിരുന്നില്ല. കായിക താരങ്ങളുടെ പ്രകടനം കാണാൻ മാതാപിതാക്കളും അധ്യാപകരും ഒപ്പം എത്തിയിരുന്നു. നിരവധി താരങ്ങളാണ് പ്രളയം തകർത്ത മേഖലകളിൽനിന്നു തളരാത്ത മനസ്സുമായെത്തി മികച്ച പ്രകടനം കാഴ്ചവെച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram