കൊച്ചി: പ്രോ വോളി ലീഗ് ശനിയാഴ്ച കൊച്ചിയില്‍ ആരംഭിക്കാനിരിക്കെ, ടീമുകള്‍ വെള്ളിയാഴ്ചയോടെ എത്തിത്തുടങ്ങും. തൃപ്രയാറില്‍ പരിശീലനത്തിലായിരുന്ന കൊച്ചി ബ്ലൂ സ്‌പൈക്കേഴ്സും കോഴിക്കോട്ട് പരിശീലനത്തിലായിരുന്ന കാലിക്കറ്റ് ഹീറോസും വെള്ളിയാഴ്ച കൊച്ചിയിലെത്തും.
എല്ലാ മത്സരങ്ങളും സോണി സിക്‌സിലും സോണി ടെന്‍-3യിലും തത്സമയം ഉണ്ടാകും. ലൈവ് സ്ട്രീം സോണി ലൈവിലും ലഭിക്കും.
കാലിക്കറ്റ് ഹീറോസ്
കേരളത്തില്‍ നിന്നുള്ള രണ്ടാം ടീം. അമേരിക്കന്‍ താരം പോള്‍ ലോട്ട്മാനും ക്യാപ്റ്റന്‍ ജെറോം വിനീതും നേതൃത്വം നല്‍കുന്ന ആക്രമണനിരയാണ് കാലിക്കറ്റിന്റെ കരുത്ത്. 2014-ല്‍ അമേരിക്ക വേള്‍ഡ് ലീഗ് ചാമ്പ്യന്‍മാരായപ്പോള്‍ ലോട്ട്മാന്‍ ടീമിലുണ്ടായിരുന്നു. 2015-ല്‍ ലോകകപ്പും സ്വന്തമാക്കി. അജിത്ലാലിന്റെ സാന്നിധ്യവും ടീമിന്റെ ശക്തികൂട്ടുന്നു. മിഡില്‍ ബ്ലോക്കറായ ഇലോനി എന്‍ഗാംപൊറോയാണ് ടീമിലെ രണ്ടാം വിദേശി. കോംഗോ താരമാണ്. കര്‍ണാടകയുടെ ബ്ലോക്കര്‍ എ. കാര്‍ത്തിക്കും എല്‍.എം. മനോജും കളിക്കളത്തില്‍ ഇലോനിക്ക് കൂട്ടാകും. മിക്കവാറും എല്ലാ ഇന്ത്യന്‍ കളിക്കാരുടെയും ശക്തിയും ദൗര്‍ബല്യവും നേരിട്ടറിയുന്ന ബി.പി.സി.എല്‍. താരം കിഷോര്‍ കുമാര്‍ പരിശീലകനായുള്ളത് ടീമിന്റെ മുതല്‍ക്കൂട്ടാണ്. മറ്റ് ടീമംഗങ്ങള്‍: സി.കെ. രതീഷ്, വിപുല്‍ കുമാര്‍, ഗഗന്‍ കുമാര്‍, നവീന്‍ കുമാര്‍, ജീത്തു, സഞ്ജയ്.
അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്
ഇന്ത്യന്‍ താരങ്ങളായ രഞ്ജിത്ത് സിങ്ങും ഗുരീന്ദര്‍ സിങ്ങുമാണ് അഹമ്മദാബാദ് ടീമിന്റെ കരുത്ത്. ഇപ്പോഴത്തെ ഇന്ത്യന്‍ ക്യാപ്റ്റനാണ് യൂണിവേഴ്സല്‍ താരമായ ഗുരീന്ദര്‍ സിങ്. സെര്‍ബിയന്‍ താരം നോവിക ജെലികയാണ് അവരുടെ ഐക്കണ്‍ താരം. 2008 ഒളിമ്പിക്‌സില്‍ പങ്കെടുത്ത സെര്‍ബിയന്‍ ടീമംഗമായിരുന്നു. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ്, ലോകകപ്പ്, വേള്‍ഡ് ലീഗ് എന്നിവയിലും പങ്കെടുത്തിട്ടുണ്ട്. അജയ് ജങ്ക്ര പരിശീലകനാകും. പതിനെട്ടുകാരനായ രജത് ബോദ്ല പുതിയ വാഗ്ദാനമാണ്. മറ്റ് ടീമംഗങ്ങള്‍: രാഹുല്‍ ഗ്രാക്ക്, ദിലീപ് കൊയ്വാള്‍, രാമന്‍ കുമാര്‍, ഗഗന്‍ദീപ് സിങ്, വിക്ടര്‍ സ്യോസേവ്, വൈഷ്ണവ്, ലിജോയ് റോബിന്‍, സയ്യദ് മുബാറക് അലി.
ബ്ലാക്ക്ഹോക്സ് ഹൈദരാബാദ്
ഒട്ടേറെ അന്താരാഷ്ട മത്സരങ്ങളില്‍ വിജയം വരിച്ച അമേരിക്കന്‍ ടീമംഗമായിരുന്ന കാര്‍സണ്‍ ക്ലാര്‍ക്കാണ് ഐക്കണ്‍ താരം. ഇദ്ദേഹം തന്നെയാണ് ക്യാപ്റ്റനും. കരുത്തന്മാര്‍ അടങ്ങിയ ടീമാണ് ഹൈദരാബാദ്. കാനഡ താരമായ അലക്‌സ് ബാദറാണ് ടീമിലെ രണ്ടാം വിദേശി. വൈസ് ക്യാപ്റ്റനായി നിയമിച്ച അശ്വല്‍ റായിയും പേടിക്കേണ്ട താരമാണ്. മറ്റ് ടീമംഗങ്ങള്‍: അമിത് കുമാര്‍, രോഹിത് കുമാര്‍, ചിരാഗ്, സോനു കുമാര്‍ ജാക്കര്‍, ഗുരംറിത് പാല്‍ സിങ്, നന്തി യശ്വന്ത് കുമാര്‍, മുത്തുസാമി, കമലേഷ് കഠിക്ക്, അംഗുമുത്തു രാമസ്വാമി. കോച്ച്: ബീര്‍സിങ് യാദവ്.
Content Highlights: Pro Volleyball League Calicut Heroes