പെലെ ഒരു പഴയ ചിത്രം | Photo: Larry Ellis|Getty Images
എട്ട് പതിറ്റാണ്ടിലേക്ക് നീളുന്നജീവിതം. നൂറ്റാണ്ട് കഴിഞ്ഞാലും വിസ്മരിക്കാനാകാത്ത കായികപ്രതിഭ. പെലെയുടെ കളിയും ജീവിതവും കൊണ്ട് പ്രചോദിപ്പിക്കപ്പെട്ട അഞ്ച് മലയാളിതാരങ്ങള്‍ പറയുന്നു.

സിസര്‍കട്ടും ടോട്ടല്‍ ഫുട്ബോളറും
''പെലെ ഗോള്‍വേട്ടക്കാരന്‍ മാത്രമല്ല ടോട്ടല്‍ ഫുട്ബോളറാണ്. വീഡിയോ കാസറ്റുകളിലൂടെ കളിയും ഗോള്‍നേടുന്നതുമൊക്കെ കണ്ട് ഹരം കയറി കളിക്കളത്തില്‍ അനുകരിക്കാന്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. പെലെ പണ്ട് ചെയ്തതുകണ്ടാണ് ഞാന്‍ സിസര്‍കട്ട് ചെയ്തത്. സിസേഴ്സ് കപ്പില്‍ അത് വിജയം കണ്ടപ്പോള്‍ ഏറെ സന്തോഷവും തോന്നി.
സ്ട്രൈക്കറായതുകൊണ്ട് പെലെയുടെ കളിയില്‍ നിന്ന് പഠിക്കാനുള്ള ശ്രമം നടത്തിയിരുന്നു. പക്ഷേ, ഒരു ശതമാനം പോലും നടപ്പാക്കാന്‍ കഴിഞ്ഞില്ല. ഫുട്ബോളില്‍ ഒരുപാട് കളിക്കാരെയും ഇതിഹാസങ്ങളെയും നമ്മള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ ഒരേയൊരു രാജാവേയുള്ളൂ. അത് പെലെയാണ്.'' -
ഐ.എം. വിജയന്‍ - (മുന്‍ ഇന്ത്യന്‍ താരം, കേരള പോലീസ് ടെക്നിക്കല്‍ ഡയറക്ടര്‍)

അന്നും ഇന്നും ഓള്‍റൗണ്ടര്‍
''സ്‌കോറിങ്, പാസിങ്, ഡ്രിബ്ലിങ്, ടാക്ലിങ്... എല്ലാറ്റിലും പെലെ ഒന്നാമന്‍. അദ്ദേഹത്തെ ഓള്‍റൗണ്ടറെന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. കളിക്കളത്തില്‍ അസാമാന്യ കരുത്ത് കാണിച്ചതാരം. അത്രയും കരുത്തോടെ കളിക്കുന്നവര്‍ ഇന്നുമില്ല. എന്റേത് ഫുട്ബോള്‍ കുടുംബമായതിനാല്‍ പെലെ എന്ന പേര് കേട്ടാണ് വളര്‍ന്നത്. അതിനാല്‍തന്നെ കൂടുതലറിയാന്‍ താത്പര്യവുമുണ്ടായിരുന്നു. പെലെയുടെ കളിയും ഗോളുകളുമുള്ള വീഡിയോ കാസറ്റുകള്‍ ഒരുപാട് കണ്ടിട്ടുണ്ട്. പെലെയുടെ ഡ്രിബ്ലിങ് കളിയില്‍ സ്വാധീനിച്ചിട്ടുണ്ട്. കരുത്തോടെ കളിക്കാനും ശ്രമിച്ചിട്ടുണ്ട്. അന്നും ഇന്നും എന്റെ ഓള്‍റൗണ്ടര്‍ പെലെയാണ്.'' -
ആസിഫ് സഹീര്‍ (കേരള സന്തോഷ് ട്രോഫി ടീം മുന്‍ നായകന്‍)

ഫുട്ബോളിന്റെ ബ്രാന്‍ഡ് അംബാസഡര്‍
''ഫുട്ബോളിന്റെ അംബസഡറായി പെലെയെ വിശേഷിപ്പിക്കാം. ദുരിതം നിറഞ്ഞ കാലത്തുനിന്ന് പ്രതിഭകൊണ്ടുമാത്രം ഉയര്‍ന്നുവരികയും ബ്രസീല്‍ ഫുട്ബോളിനെ ആഗോള ബ്രാന്‍ഡാക്കി മാറ്റുകയും ചെയ്ത കളിക്കാരനാണ് പെലെ.
ബ്രസീല്‍ എന്ന രാജ്യം ലോകം മുഴുവന്‍ അറിയപ്പെടുന്നതില്‍ ഫുട്‌ബോളിനും വലിയ പങ്കുണ്ട്. അത്തരമൊരു ജനപ്രീതിയിലേക്ക് ടീമിനെ നയിച്ചതില്‍ പെലെയുടെ കളിമികവിനും കളിക്കളത്തില്‍ പുലര്‍ത്തിയ മാന്യതയ്ക്കും സ്ഥാനമുണ്ട്.
വിവാദങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും കളിക്കളത്തില്‍ അച്ചടക്കവും മാന്യതയും പുലര്‍ത്തുകയും ചെയ്ത പെലെ ഒരു റോള്‍ മോഡലാണ്. അതുകൊണ്ടാണ് ഫുട്ബോളിന്റെ ബ്രാന്‍ഡ് അംബസഡറായി വിശേഷിപ്പിക്കുന്നത്.'' -
കെ.പി. സേതുമാധവന്‍ (മുന്‍ ഇന്ത്യന്‍ താരം, പരിശീലകന്‍)
പ്രചോദിപ്പിക്കുന്ന കളിജീവിതം
''കഷ്ടപ്പാടുകളിലൂടെ വളര്‍ന്നുവന്ന് അപാരമായ കളിമികവ് കാട്ടിയ പെലെ ഫുട്ബോള്‍ താരങ്ങള്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും പ്രചോദനമാണ്. പരിശ്രമിച്ചാല്‍ ഏത് പ്രതികൂലസാഹചര്യത്തില്‍നിന്നും ഉയര്‍ന്നുവരാമെന്ന് അദ്ദേഹം ജീവിതംകൊണ്ട് കാണിച്ചുതന്നു. പെലെയുടെ എല്ലാ കളികളും ഗോളുകളും കാണാന്‍ അധികം അവസരങ്ങളില്ല. എന്നാല്‍ ആ ജീവിതവും ഫുട്ബോളിനായി അനുഭവിച്ച ത്യാഗങ്ങളും എല്ലാവര്‍ക്കുമറിയാം. അത് വരുംതലമുറയ്ക്കും വഴികാട്ടിയാകും.'' - പി.വി. പ്രിയ, (മുന്‍ കേരള താരം, പരിശീലക)
താരതമ്യങ്ങളില്ലാത്ത റോള്‍ മോഡല്‍
''ഫുട്ബോളിനോടുള്ള ആത്മ സമര്‍പ്പണവും കളിക്കളത്തിലെ കഠിനാധ്വാനവുമാണ് ഞങ്ങളെപ്പോലെയുള്ള പുതിയ തലമുറയ്ക്ക് പെലെയില്‍നിന്ന് പഠിക്കാനുള്ളത്. അന്നത്തെ കളിയും ഇപ്പോഴത്തേയും താരതമ്യപ്പെടുത്താന്‍ കഴിയില്ല. എന്നാല്‍ താരതമ്യങ്ങളില്ലാതെ പെലെ മുന്നിലുണ്ട്, റോള്‍ മോഡലായി.'' -
കെ.പി. രാഹുല്‍, (ഗോകുലം കേരള എഫ്.സി. താരം)
Content Highlights: Pele turns 80 footballers on their legend