മത്സരത്തിനിടെ ചൂടിൽ നിന്ന് രക്ഷ നേടാൻ ശ്രമിക്കുന്ന മെദ്‌വെദേവ് | Photo: AP
ടോക്യോ: ഒളിമ്പിക്‌സിലെ ടെന്നീസ് മത്സരത്തിന് ചൂടുപിടിക്കുന്നു. മത്സരത്തിനിടെ ചൂടു കാരണം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിയ റഷ്യന്‍ താരം ഡാനിയല്‍ മെദ്‌വദേവ് ചെയര്‍ അമ്പയറോട് ദേഷ്യപ്പെടുന്നത് വരെയെത്തി കാര്യങ്ങള്‍. മത്സരത്തിനിടയില്‍ ഞാന്‍ മരിച്ചാല്‍ താങ്കള്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്നായിരുന്നു അമ്പയറോട് ലോക രണ്ടാം നമ്പര്‍ താരത്തിന്റെ ചോദ്യം.
ഇറ്റാലിയന്‍ താരം ഫാബിയോ ഫോഗ്നിനിക്ക് എതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരമാണ് മെദ്‌വെദേവിന് നരകമായത്. മത്സരത്തിനിടയില്‍ മെഡിക്കല്‍ ടൈം ഔട്ട് എടുത്തും വെള്ളം കുടിച്ചും വിയര്‍പ്പ് ടവ്വല്‍കൊണ്ട് ഒപ്പിയുമെല്ലാമാണ് താരം ആശ്വാസം കണ്ടെത്തിയത്. ഓരോ സെറ്റിനും ഇടയിലുള്ള 10 മിനിറ്റ് ഇടവേളയില്‍ വെള്ളം ഒഴിച്ചു തല തണുപ്പിക്കുകയും ചെയ്തു മെദ്‌വെദേവ്.
ഏതായാലും ഈ പ്രതിസന്ധികളെല്ലാം അതിജീവിച്ച് 6-2,3-6,6-2ന് ഫോഗ്നിനിയെ തോല്‍പ്പിച്ച് റഷ്യന്‍ താരം ക്വാര്‍ട്ടറിലേക്ക് മുന്നേറി. മത്സരശേഷം ട്വിറ്ററിലൂടേയും താരം തന്റെ പ്രതിഷേധം അറിയിച്ചു. മത്സരത്തിനിടയിലുള്ള ചിത്രത്തിനൊപ്പം 'ഇപ്പോഴും ജീവനോടെയുണ്ട്' എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.
മെദ്‌വെദേവിന് മത്സരം പൂര്‍ത്തിയാക്കാനായെങ്കില്‍ അതായിരുന്നില്ല സ്പാനിഷ് താരം പൗല ബദോസയുടെ കാര്യം. തളര്‍ന്നുവീണ ബദോസ മത്സരം പൂര്‍ത്തായാക്കാതെ വീല്‍ചെയറിലാണ് കോര്‍ട്ട് വിട്ടത്.
ടെന്നീസ് മത്സരങ്ങള്‍ നടക്കുമ്പോള്‍ ടോക്യോയിലെ താപനില 33 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. ഇത്രയും ചൂട് താങ്ങാനാകില്ലെന്നും മത്സരങ്ങളുടെ സമയം മാറ്റണമെന്നും സംഘാടകരോട് ലോക ഒന്നാം നമ്പര്‍ താരം ദ്യോക്കോവിച്ചും മെദ്‌വെദേവും നേരത്തതന്നെ ആവശ്യപ്പെട്ടതാണ്. എന്നാല്‍ അതു ചെവികൊള്ളാതിരുന്ന സംഘാടകര്‍ ഇപ്പോള്‍ തീരുമാനം മാറ്റിയിട്ടുണ്ട്. ഇനി രാവിലെ 11 മണിക്ക് തുടങ്ങേണ്ട മത്സരങ്ങള്‍ വൈകുന്നേരം മൂന്നിന് ആരംഭിക്കും.
Content Highlights: Tokyo Olympics Tennis Daniil Medvedev struggle in heat