Photo: ANI
രാവിലെ ടോക്യോ വിമാനത്താവളത്തില്‍നിന്ന് ഗെയിംസ് വില്ലേജിലെത്തുമ്പോള്‍ മീരാബായ് ചാനുവും കോച്ച് വിജയ് ശര്‍മയും കൂടി മത്സരവേദിയിലേക്കു പോകുന്നത് കണ്ടു. ചാനുവിനോടു 'ഗുഡ്ലക്ക്' പറഞ്ഞപ്പോള്‍ പുഞ്ചിരിയോടെ തല അല്‍പം കുനിച്ച് അവര്‍ പ്രത്യഭിവാദ്യം ചെയ്തു. ഒളിമ്പിക്‌സ് മത്സരത്തിന്റെ പിരിമുറുക്കം ആ മുഖത്തു നിറഞ്ഞുനില്‍ക്കുന്നുണ്ട്. ചാനുവിന്റെ ഏകാഗ്രത കളയേണ്ടെന്നുകരുതി അവരോടു പിന്നൊന്നും പറഞ്ഞില്ല. കോച്ചും ഞങ്ങളോടു ഏതാനും വാക്കുകളില്‍ കുശലം ചോദിച്ച് നടന്നകന്നു.
കോണ്‍ഫ്‌ളേക്‌സും ബ്രഡും ബോയില്‍ഡ് ചിക്കനുമായിരുന്നു പ്രഭാതഭക്ഷണം. പാശ്ചാത്യഭക്ഷണവും ജാപ്പനീസ് ഭക്ഷണവുമായി വിഭവങ്ങളുടെ വലിയൊരു നിര തന്നെയുണ്ട്. ഭക്ഷണം കഴിഞ്ഞു റൂമില്‍ തിരിച്ചെത്തിയ ഉടന്‍ ചാനുവിന്റെ മെഡല്‍നേട്ടം അറിഞ്ഞു. ആ വാര്‍ത്ത എനിക്ക് പുതിയൊരു ഊര്‍ജമായി.
ഞങ്ങളുടെ അപ്പാര്‍ട്ടുമെന്റില്‍ നാലുമുറികളുണ്ട്. ഓരോ മുറിയിലും രണ്ടുപേര്‍ ഉണ്ടാകും. ഇപ്പോള്‍ എന്റെ മുറിയില്‍ ഞാന്‍ മാത്രമേയുള്ളൂ. അടുത്തദിവസം ജാവലിന്‍ത്രോ താരം നീരജ് ചോപ്ര ഈ മുറിയിലേക്ക് വരുമെന്ന് കേട്ടു. അങ്ങനെയെങ്കില്‍ അതു വലിയ സന്തോഷമാകും.
ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ഞങ്ങള്‍ ടോക്യോയിലെത്തിയത്. വിമാനത്താവളത്തിലെ പരിശോധന രണ്ടുമണിക്കൂറോളം നീണ്ടു. കോവിഡ് പരിശോധനയ്ക്കായി ഉമിനീര്‍ ശേഖരിച്ചശേഷമുള്ള കാത്തിരിപ്പ് നീണ്ടുപോയി. നെഗറ്റീവാണെന്ന റിസള്‍ട്ട് വന്നതോടെ ആദ്യ കടമ്പ കടന്ന ആശ്വാസത്തിലായിരുന്നു എല്ലാവരും. വിമാനത്താവളത്തില്‍നിന്ന് ഗെയിംസ് വില്ലേജിലെത്തിയ ശേഷം മുറി ശരിയാകാനും കുറച്ചുനേരം കാത്തിരുന്നു. അക്രഡിറ്റേഷന്‍ പരിശോധന കഴിഞ്ഞ് മുറിയിലെത്തിയപ്പോള്‍ വലിയ സന്തോഷം തോന്നി. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതില്‍ അവസാനനിമിഷം ഉടലെടുത്ത അനിശ്ചിതത്വം വലിയ ടെന്‍ഷനുണ്ടാക്കി. നാട്ടിലേക്കു മടങ്ങാനുള്ള ടിക്കറ്റ് എടുക്കുന്നതിനെക്കുറിച്ചുപോലും ചിന്തിച്ചു. അനിശ്ചിതത്വം നീങ്ങി ടോക്യോയിലേക്കുപറക്കുമ്പോള്‍ മനസ്സ് പറഞ്ഞു: ''സുവര്‍ണാവസരമാണിത്, രാജ്യത്തിനായി പരമാവധി ശ്രമിക്കണം''.
Content Highlights: Tokyo 2020 Long jumper M Sreeshankar on Mirabai Chanu