മത്സരശേഷം ഷെറീക ജാക്ക്‌സൺന്റെ നിരാശ | Photo: Reuters
വനിതകളുടെ 100 മീറ്ററില്‍ ഒരു മെഡലെങ്കിലും നേടുമെന്ന് പ്രതീക്ഷിച്ച ലോകറാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള താ ലൗവിനെ മറികടന്ന് വെങ്കലം സ്വന്തമാക്കിയ ജമൈക്കയുടെ ഷെറീക്ക ജാക്ക്‌സണെ ആരും പെട്ടെന്ന് മറിക്കില്ല. ലോക റാങ്കിങ്ങില്‍ 39-ാം സ്ഥാനത്തുള്ള ഷെറീക്കയുടെ കുതിപ്പില്‍ 100 മീറ്ററിലെ മൂന്നു മെഡലും ജമൈക്കയില്‍ എത്തി. ഇതോടെ ഷെറീക്കയുടെ ആത്മവിശ്വാസം കൂടിയിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. എന്നാല്‍ അമിതമായാല്‍ അമൃതവും വിഷമാണ് എന്ന് കേട്ടിട്ടില്ലേ. അതുപോെലാരു അക്കിടിയാണ് 200 മീറ്റര്‍ ഹീറ്റ്‌സില്‍ ജമൈക്കന്‍ താരത്തിന് സംഭവിച്ചത്.
ബഹാമാസിന്റെ ആന്റോണിക്ക് സ്‌ട്രേഷന്‍, പോര്‍ച്ചുഗലിന്റെ ലോറയിന്‍ ഡോര്‍ക്കസ് ബസോളോ, ഇറ്റലിയുടെ ദലിഖ ഖാദരി, ബള്‍ഗേറിയയുടെ ഇവറ്റ് ലാലോവ, സിംഗപ്പൂരിന്റെ വെറോണിക്ക ശാന്തി പേരേര എന്നിവര്‍ക്കൊപ്പമാണ് ഷെറീക്ക ഹീറ്റ്‌സില്‍ മത്സരിച്ചത്. പ്രകടനത്തില്‍ തന്നേക്കാള്‍ പിന്നിലുള്ള ഈ താരങ്ങള്‍ക്കെതിരേ ഷെറീക്ക വ്യക്തമായി ലീഡ് നേടി. പത്ത് മീറ്ററിലേറെ ലീഡ് നേടിയ ശേഷം ജമൈക്കന്‍ താരത്തിന് ഒരു കുസൃതി തോന്നി. മറ്റുള്ളവരെ പരിഹസിക്കുന്ന തരത്തില്‍ വേഗം കുറച്ചു. ട്രാക്കിലൂടെ നടക്കാന്‍ തുടങ്ങി. അനായാസം യോഗ്യത നേടും എന്ന വിശ്വാസത്തിലായിരുന്നു ഈ പരിഹാസം.
അപ്പോഴേക്കും ആന്റോണിക്ക് സ്ട്രേഷന്‍, ലോറയിന്‍ ഡോര്‍ക്കസ് ബസോളോ, ദലിഖ ഖാദരി എന്നിവര്‍ ഷെറീക്കയെ മറികടന്ന് ഫിനിഷ് ചെയ്തു. മൂന്നാമത്തെത്തിയ ദലിഖ ഖാദരിയോട് സെക്കന്റിന്റെ ആയിരത്തില്‍ ഒരംശത്തില്‍ പിന്നിലായി ജമൈക്കന്‍ താരം സെമി ഫൈനല്‍ പോലും കാണാതെ പുറത്തുപോയി. ചുരുക്കി പറഞ്ഞാല്‍ ആമയും മുയലും ഓട്ടമത്സരംവെച്ച കഥ പോലെയായി ഷെറീക്കയുടെ തോല്‍വി.
Content Highlights: Shericka Jackson is out of the 200m sprint after jogging over the finish line