സാനിയ മിർസ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം |Photo: Instagram|Sania Mirza
ടോക്യോ: നാല് ഒളിമ്പിക്‌സുകളില്‍ മത്സരിച്ച ഇന്ത്യന്‍ വനിതാ താരങ്ങളാകാനുള്ള ഒരുക്കത്തിലാണ് ടെന്നീസ് താരം സാനിയ മിര്‍സയും ഡിസ്‌കസ് ത്രോ താരം സീമ പുനിയയും. ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചത് മലയാളി അത്‌ലറ്റ് ഷൈനി വിത്സണാണ്. ടെന്നീസ് വനിതാ ഡബിള്‍സില്‍ അങ്കിത റെയ്‌നയ്‌ക്കൊപ്പമാണ് സാനിയ മെഡലിലേക്ക് റാക്കറ്റ് വീശാന്‍ ഒരുങ്ങുന്നത്.
ആദ്യ റൗണ്ട് മത്സരത്തിന് മുമ്പ് ടോക്യോയിലെ ഒളിമ്പിക് ആസ്വദിക്കുകയാണ് സാനിയ. ഒളിമ്പിക് വേദിയില്‍ നിന്നുള്ള വ്യത്യസ്ത ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവെച്ചു. നാല് ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ സാനിയ പോസ്റ്റ് ചെയ്തത്.
അതില്‍ ആദ്യ ചിത്രം ഒളിമ്പിക് വളയങ്ങള്‍ക്ക് മുന്നില്‍ നിന്നുള്ളതാണ്. അടുത്ത രണ്ട് ചിത്രങ്ങള്‍ പരിശീലനത്തിനിടയില്‍ എടുത്തതാണ്. അവസാന ചിത്രത്തില്‍ ടോക്യോ ഒളിമ്പിക് കിറ്റില്‍ മോഡലിനെപ്പോലെ പോസ് ചെയ്ത് നില്‍ക്കുന്ന സാനിയയെ കാണാം.
ഇന്‍സ്റ്റാ സ്‌റ്റോറിയിലും സാനിയ നിരവധി ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിനൊപ്പമുള്ള ചിത്രവും ഈ കൂട്ടത്തിലുണ്ട്.
യുക്രെയ്ന്‍ ജോഡിയായ ല്യുദ്മയ്‌ല കിചെനോക്-നാദിയ കിചെനോക് സഖ്യത്തിനെതിരേയാണ് ആദ്യ റൗണ്ടില്‍ സാനിയ-അങ്കിത സഖ്യത്തിന്റെ മത്സരം.
Content Highlights: Sania Mirza Shares Photos From Olympic Village