കോവിഡ്-19; ഒളിമ്പിക്സ് സാധ്യതയും മങ്ങുന്നു


2 min read
Read later
Print
Share

ഒളിമ്പിക്‌സുമായി മുന്നോട്ടുപോകുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബെയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്കും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ പന്തിയല്ല

Image Courtesy: Getty Images

ടോക്യോ: കായികരംഗത്ത് ഏതാണ്ടെല്ലാ മത്സരങ്ങളും മാറ്റിവെച്ചു. മാറ്റിവെക്കാന്‍ ഇനി പ്രധാനപ്പെട്ട ഒന്നേ ബാക്കിയുള്ളൂ - ടോക്യോ ഒളിമ്പിക്‌സ്. ജൂലായ് 24-ന് തുടങ്ങാന്‍ നിശ്ചയിച്ചിരിക്കുന്ന ഒളിമ്പിക്‌സ് സമയത്ത് നടക്കാനുള്ള സാധ്യത അടയുകയാണ്. മനുഷ്യജീവന്‍ വെച്ച് പന്താടരുതെന്നും ഗെയിംസ് മാറ്റിവെക്കണമെന്നും ജപ്പാനില്‍ ജനങ്ങള്‍ മുറവിളി കൂട്ടുന്നു.

വിദേശികളുടെ വരവ് തടയുകയാണ് കൊറോണവൈറസ് നിയന്ത്രിക്കാനുള്ള ഏകമാര്‍ഗമെന്ന് ചില നാട്ടുകാര്‍ പറയുന്നു. ഇരുനൂറോളം രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഒളിമ്പിക്‌സിനെത്തുക.

ഒളിമ്പിക്‌സുമായി മുന്നോട്ടുപോകുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബെയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്കും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ പന്തിയല്ല. ഗെയിംസിന് സമയമുണ്ട്, അപ്പോഴേക്കും വൈറസ് നിയന്ത്രണവിധേയമാകും എന്നാണ് അവരുടെ പ്രതീക്ഷ.

എന്നാല്‍, ജപ്പാനിലെ കായികരംഗം നിശ്ചലമാണിപ്പോള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മുതല്‍ അമേരിക്കന്‍ എന്‍.ബി.എ. വരെയുള്ള വമ്പന്‍ സംഭവങ്ങള്‍ നിര്‍ത്തിവെച്ചുകഴിഞ്ഞു. ഒളിമ്പിക്‌സ് ഒരു വര്‍ഷത്തേക്ക് മാറ്റിവെക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ജപ്പാനില്‍ അത്ര രൂക്ഷമല്ല സ്ഥിതി. 814 പേരിലേ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളൂ. 24 പേര്‍ മരിച്ചു. പക്ഷേ, വിദേശത്തുനിന്ന് ആളുകള്‍ വരുന്നത് തടഞ്ഞില്ലെങ്കില്‍ സ്ഥിതി വഷളാവുമെന്ന് നാട്ടുകാര്‍ ആശങ്കപ്പെടുന്നു.

45 ശതമാനവും ഒളിമ്പിക്സിന് എതിര്

മാര്‍ച്ച് ആറ് മുതല്‍ ഒമ്പത് വരെ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ എന്‍.എച്ച്.കെ. ജപ്പാനില്‍ ഒരു സര്‍വേ നടത്തിയിരുന്നു. ഒളിമ്പിക്‌സ് നടത്തുന്നതിനോട് ആളുകള്‍ക്കുള്ള പ്രതികരണം അറിയുകയായിരുന്നു ലക്ഷ്യം. 45 ശതമാനം പേരും അഭിപ്രായപ്പെട്ടത് മാറ്റിവെക്കണമെന്നാണ്. 40 ശതമാനം പേര്‍ ഗെയിംസിനെ അനുകൂലിച്ചു.

ഐ.ഒ.സി ചര്‍ച്ച ചെയ്യും

അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് സംഘടനകളുടെ മേധാവികളുമായി ഐ.ഒ.സി. ചൊവ്വാഴ്ച ചര്‍ച്ചനടത്തും. ടെലികോണ്‍ഫ്രന്‍സ് വഴിയാകും ചര്‍ച്ച. കൊറോണവൈറസ് ഭീഷണിയെത്തുടര്‍ന്ന് ഒളിമ്പിക്‌സിന്റെ ഭാവി വിലയിരുത്തുകയാണ് ലക്ഷ്യം. ഒളിമ്പിക് യോഗ്യതാമത്സരങ്ങളെല്ലാം മുടങ്ങിയിരിക്കുകയാണ്. ഒളിമ്പിക്‌സില്‍ പങ്കെടുക്കാനാവുമോ എന്ന കാര്യത്തില്‍ അത്ലറ്റുകള്‍ ആശങ്കയിലും. കഷ്ടി അഞ്ചുമാസം ബാക്കിനില്‍ക്കെ, വിഷമസന്ധിയിലാണ് ഐ.ഒ.സി.

വാതുവെപ്പും സജീവം

ഒളിമ്പിക്‌സ് നടക്കുമോ, ഉദ്ഘാടനച്ചടങ്ങ് ജൂലായ് 24-ന് തന്നെയുണ്ടാവുമോ തുടങ്ങിയ കാര്യങ്ങളില്‍ ഓണ്‍ലൈന്‍ വാതുവെപ്പുകള്‍ സജീവമാണ്. ഉദ്ഘാടനച്ചടങ്ങ് സമയത്തു നടക്കാനുള്ള സാധ്യത വാതുവെപ്പ് സ്ഥാപനമായ പാഡി പവറിന്റെ കണക്കുപ്രകാരം നാലില്‍ ഒന്ന് മാത്രമാണ്.

Content Highlights: Tokyo Olympics Organisers to discuss latest coronavirus developments

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram