അമിത് പംഗലും മേരി കോമും
ടോക്യോ: ഒളിമ്പിക് ബോക്‌സിങ് റിങ്ങില്‍ വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നുണ്ട് ഇന്ത്യ. ലണ്ടന്‍ ഒളിമ്പിക്‌സില്‍ മേരി കോമിലൂടെ ഇന്ത്യ ഒരു വെങ്കലം സ്വന്തമാക്കിയിരുന്നു. എന്നാല്‍, കഴിഞ്ഞ റിയോ ഒളിമ്പിക്‌സില്‍ റിങ്ങില്‍ നിന്ന് ഒരൊറ്റ മെഡലും നേടാന്‍ ഇന്ത്യയുടെ ബോക്‌സര്‍മാര്‍ക്കായില്ല. ഇക്കഥ ഇക്കുറി മാറ്റിയെഴുതുമെന്ന ദൃഢനിശ്ചയത്തിലാണ് ഒന്‍പതംഗ ഇന്ത്യന്‍ സംഘം ടോക്യോയിലെത്തിയിരിക്കുന്നത്. എന്നാല്‍, വലിയ പ്രതീക്ഷ വച്ചുപുര്‍ത്തുന്നുണ്ടെങ്കിലും ടോക്യോയിലും കാര്യങ്ങള്‍ അത്ര എളുപ്പമാകാന്‍ വഴിയില്ല ഇന്ത്യയുടെ ഇടിസംഘത്തിന്. നാലു പേര്‍ക്ക് ആദ്യറൗണ്ടില്‍ ബൈ ലഭിച്ചെങ്കിലും തുടര്‍ന്നുള്ള വഴി അതികഠിനം തന്നെയാണ്.
ആദ്യ റൗണ്ടില്‍ ബൈ ലഭിച്ചെങ്കിലും ലോക ഒന്നാം നമ്പറായ അമിത് പംഗലിന് 52 കിലോഗ്രാം വിഭാഗത്തില്‍ ശക്തരായ എതിരാളികളെയാണ് തുടര്‍ന്ന് നേരിടേണ്ടിവരുന്നത്. പംഗലിന് പ്രീക്വാര്‍ട്ടറിലേയ്ക്ക് നേരിട്ട് ബൈ ലഭിച്ചിരിക്കുകയാണ്. എന്നാല്‍, അവിടെ കാത്തിരിക്കുന്നത് റിയോയിലെ വെള്ളി മെഡല്‍ ജേതാവ് കൊളംബിയയുടെ യുബെര്‍ജെന്‍ ഹേണി റിയാസ് മാര്‍ട്ടിനെസിനെയോ ബോട്‌സ്വാനയുടെ മഹൊമ്മദ് രജബ് ഒടുകിലേയെയോ ആവും. ഇരുവരും ഒരുപോലെ കരുത്തര്‍. അഥവാ ഇവരെ മറികടക്കാനായാല്‍ അടുത്ത ഇര റിയോയിലെ തന്നെ വെങ്കല മെഡല്‍ ജേതാവ് ചൈനയുടെ ഹു ജിയാഗ്വാനാവും. ജൂലായ് 31നാണ് അമിതിന്റെ ആദ്യ ബൗട്ട്.
രണ്ടാം ഒളിമ്പിക് മെഡല്‍ ലക്ഷ്യമിടുന്ന മേരി കോം ജൂലായ് 25നാണ് റിങ്ങില്‍ കയറുന്നത്. ഡൊമിനിക്കയുടെ മിഗ്വെലിന ഹെര്‍ണാണ്ടസാണ് ആറു തവണ ലോകചാമ്പ്യനായ മേരി കോമിന്റെ എതിരാളി. മിഗ്വെലിനയെ മറികടക്കാനായാല്‍ അടുത്ത എതിരാളി റിയോയിലെ വെങ്കല മെഡല്‍ ജേതാവും പാന്‍ അമേരിക്ക ഗെയിംസിലെ ജേതാവുമായ കൊളംബിയയുടെ മൂന്നാം സീഡ് ഇന്‍ഗ്രിറ്റ് ലൊറേന വിക്‌ടോറിയ വലെന്‍സിയയായിരിക്കും.
ബൈ ലഭിച്ച മറ്റൊരു ഇന്ത്യന്‍ താരം സതീഷ് കുമാറാണ്. 91 കിലോഗ്രാം സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗത്തില്‍ ഒളിമ്പിക്‌സില്‍ മത്സരിക്കുന്ന ആദ്യ ഇന്ത്യ താരമായ സതീഷ് കുമാറിന്റെ പ്രീക്വാര്‍ട്ടറിലെ എതിരാളി നിലവിലെ ലോകചാമ്പ്യനും ടോപ് സീഡുമായ ഉസ്ബക്കിസ്ഥാന്റെ ബക്കൊദിര്‍ ജലോലോവാണ്. മൂന്ന് തവണ ഏഷ്യന്‍ ചാമ്പ്യനായ ചരിത്രം കൂടിയുണ്ട് ജലോലോവിന്.
75 കിലോഗ്രാം വിഭാഗത്തിലെ ഏഷ്യന്‍ വെള്ളി മെഡല്‍ ജേതാവായ അരങ്ങേറ്റക്കാരന്‍ ആശിഷ് ചൗധരിയുടെ എതിരാളി എര്‍ബെയ്‌ക്കെ ടൗഹെട്ടെയാണ്. ഈ കടമ്പ കടക്കാനായാല്‍ 2019 ലോചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവും മൂന്നാം സീഡുമായ ബ്രസീലിന്റെ ഹെബേര്‍ട്ട് സൗസയാവും എതിരാളി.
ഒളിമ്പിക്‌സില്‍ അരങ്ങേറ്റം കുറിക്കുന്ന മറ്റൊരു ഇന്ത്യന്‍ താരമാണ് 63 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്ന മനീഷ് കൗശിക്ക്. കോമണ്‍വെല്‍ത്ത് വെള്ളി മെഡല്‍ ജേതാവായ കൗശിക്കിന്റെ എതിരാളി യൂറോപ്പ്യന്‍ ചാമ്പ്യന്‍ഷിപ്പലെ വെള്ളി മെഡല്‍ ജേതാവ് ബ്രിട്ടന്റെ ലൂക്ക് മക്‌കോര്‍മാക്കാണ്. ഇതില്‍ വിജയിക്കാനായാല്‍ പ്രീക്വാര്‍ട്ടറില്‍ കാത്തിരിക്കുന്നത് പാന്‍ അമേരിക്കന്‍ ചാമ്പ്യനായ ക്യൂബയുടെ മൂന്നാം സീഡ് ആന്‍ഡി ക്രൂസാണ്.
69 കിലോഗ്രാം വിഭാഗത്തില്‍ മെഡല്‍ പ്രതീക്ഷയായ വികാസ് കൃഷ്ണന് ആദ്യ എതിരാളിയായി ലഭിച്ചത് ജപ്പാന്റെ മെന്‍സ ഒകാസാവയെയാണ്. ആതിഥേയതാരത്തെ മറികടക്കാനായാല്‍ പ്രീക്വാര്‍ട്ടറില്‍ എതിരാളിയായി എത്തുന്നത് ക്യൂബയുടെ മൂന്നാം സീഡും ലണ്ടനിലെ സ്വര്‍ണമെഡല്‍ ജേതാവുവും മുന്‍ ലോകചാമ്പ്യനുമായ റോണിയല്‍ ഇഗ്ലസ്യാസാവും.
വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തില്‍ പൂജാറാണിയുടെ ആദ്യ എതിരാളി അല്‍ജീരിയയുടെ ഇച്‌രക് ചൈബാണ്. ഈ വെല്ലുവിളി അതിജീവിക്കാനായാല്‍ അടുത്തുവരുന്നത് നിലവിലെ ഏഷ്യന്‍ ചാമ്പ്യനും മുന്‍ ലോകചാമ്പ്യനുമായ ചൈനയുടെ രണ്ടാം സീഡ് ലി ക്വിനാണ്.
അരങ്ങേറ്റം കുറിക്കുന്ന ലൊവ്‌ലിന ബൊര്‍ഗൊഹൈനും (69 കിലോ) സിംമ്രന്‍ജിത്ത് കൗറിനും (60 കിലോ) ആദ്യറൗണ്ടില്‍ ബൈ ലഭിച്ചു.
ഒളിമ്പിക് ബോക്‌സിങ്ങില്‍ എന്നും അമേരിക്കന്‍ ആധിപത്യമായിരുന്നു. ഇതുവരെയായി 50 സ്വര്‍ണം അടക്കം മൊത്തം 114 മെഡലുകളാണ് അവര്‍ നേടിയ്ത. 37 സ്വര്‍ണം നേടിയ ക്യൂബയാണ് തൊട്ടുപിറകില്‍. എന്നാല്‍ റിയോയില്‍ ഏഴ് മെഡല്‍ നേടി കസാഖ്‌സ്താന്‍ ഇരുവരെയും മറികടന്നു.
Content Highlights: Tough Road Ahead For Indian Boxers in Tokyo Olympics Amit Panghal Mary Kom