നെതർലൻഡ്‌സിന്റെ ഗോളാഘോഷം | Photo: AFP
ടോക്യോ: ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വിയോടെ തുടക്കം. പൂള്‍ എയിലെ ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് ഇന്ത്യയെ അനായാസം കീഴടക്കി. 5-1നായിരുന്നു ഇന്ത്യയുടെ തോല്‍വി.
ഒന്നാം ക്വാര്‍ട്ടറിലും രണ്ടാം ക്വാര്‍ട്ടറിലും മത്സരം 1-1ന് സമനിലയില്‍ ആയിരുന്നു. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യ മത്സരം കൈവിട്ടു. മൂന്നു ഗോളുകളാണ് നെതര്‍ലന്‍ഡ്‌സ് ഇന്ത്യന്‍ വലയിലെത്തിച്ചത്. 12 മിനിറ്റിനിടെയാണ് ഈ മൂന്നു ഗോളുകളും വന്നത്. ഇതോടെ നെതര്‍ലന്‍ഡ്‌സ് 4-1ന്റെ ലീഡ് നേടി. നാലാം ക്വാര്‍ട്ടറില്‍ ഒരു ഗോള്‍ കൂടി നേടി നെതര്‍ലന്‍ഡ്‌സ് മത്സരം 5-1ന് വിജയിച്ചു.
ആറാം മിനിറ്റില്‍ ആല്‍ബെര്‍സ് ഫെലിസയിലൂടെ നെതര്‍ലന്‍ഡ്‌സ് ലീഡെടുത്തു. 28-ാം മിനിറ്റില്‍ ഇന്ത്യ തിരിച്ചടിച്ചു. ക്യാപ്റ്റന്‍ റാണി രാംപാല്‍ ആണ് ഗോള്‍ നേടിയത്. 33-ാം മിനിറ്റില്‍ വാന്‍ ഗെഫെനിലൂടെ നെതര്‍ലന്‍ഡ്‌സ് 2-1ന് മുന്നിലെത്തി. 43-ാം മിനിറ്റില്‍ ആല്‍ബെര്‍സ് വീണ്ടും വല ചലിപ്പിച്ചു. 45-ാം മിനിറ്റില്‍ മാറ്റ്‌ലയും 52-ാം മിനിറ്റില്‍ വാന്‍ മസാക്കറും ലക്ഷ്യം കണ്ടതോടെ നെതര്‍ലന്റ്‌സിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായി.
പൂള്‍ എയിലെ മറ്റൊരു മത്സരത്തില്‍ അയര്‍ലന്റ് എതിരില്ലാത്ത രണ്ട് ഗോളിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. പൂള്‍ എയില്‍ ഇനി ജര്‍മനിക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Content Highlights: Tokyo Olympics Womens Hockey Netherlands beats India 5-1