പുഞ്ചിരിയുമായി സിമോണ്‍ ബൈല്‍സ്; തിരിച്ചുവരവില്‍ വെങ്കലം


1 min read
Read later
Print
Share

തന്റെ പിന്മാറ്റം മാനസികാരോഗ്യത്തെ കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ക്ക് കാരമണമായതില്‍ സന്തോഷമുണ്ടെന്ന് മത്സരശേഷം ബൈല്‍സ് പ്രതികരിച്ചു

സിമോൺ ബൈൽസ് | Photo: Reuters

ടോക്യോ: തിരിച്ചുവരവില്‍ വെങ്കല മെഡലുമായി അമേരിക്കന്‍ ജിംനാസ്റ്റിക്‌സ് താരം സിമോണ്‍ ബൈല്‍സ്. ബാലന്‍സ് ബീമിലാണ് ബൈല്‍സ് മൂന്നാമതെത്തിയത്. നേരത്തെ വിഷാദ രോഗത്തെ തുടര്‍ന്ന് ഒളിമ്പിക്‌സിലെ അഞ്ചു ഫൈനലുകളില്‍ നിന്ന് താരം പിന്മാറിയിരുന്നു. ഒടുവില്‍ അവസാന ഇനമായ ബാലന്‍സ് ബീമില്‍ മത്സരിക്കാന്‍ താരം തയ്യാറാകുകയായിരുന്നു.

തന്റെ പിന്മാറ്റം മാനസികാരോഗ്യത്തെ കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ക്ക് കാരമണമായതില്‍ സന്തോഷമുണ്ടെന്ന് മത്സരശേഷം ബൈല്‍സ് പ്രതികരിച്ചു. 'മത്സരത്തിനിറങ്ങുക എന്നത് കടുപ്പമേറിയ തീരുമാനമായിരുന്നു. സ്റ്റാന്റില്‍ കാഴ്ച്ചക്കാരിയായി നില്‍ക്കാന്‍ ഞാന്‍ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. അവസാന അവസരം കൈവിടാന്‍ തോന്നിയില്ല. വികാരങ്ങളുള്ള മനുഷ്യരാണ് ഞങ്ങളും'. താരം കൂട്ടിച്ചേര്‍ത്തു.

ഈ ഇനത്തില്‍ ചൈനീസ് താരങ്ങള്‍ക്കാണ് സ്വര്‍ണവും വെള്ളിയും. ഗാന്‍ ചെന്‍ചെന്‍ സ്വര്‍ണവും ടാങ് സിങ്ങ് വെള്ളിയും നേടി. ടോക്യോയിലെ ബൈല്‍സിന്റെ രണ്ടാം മെഡലാണിത്. നേരത്തെ ആര്‍ട്ടിസിറ്റിക് ജിംനാസ്റ്റിക്‌സ് ടീമിനത്തില്‍ ബൈല്‍സ് വെള്ളി നേടിയിരുന്നു.

അഞ്ച് സ്വര്‍ണ മെഡലുകള്‍ പ്രതീക്ഷിച്ചാണ് സിമോണ്‍ ടോക്യോ ഒളിമ്പിക്സിനെത്തിയത്. അഞ്ച് വ്യക്തിഗത ഇനങ്ങളിലും ഒരു ടീം ഇനത്തിലും ഫൈനലിലെത്തുകയും ചെയ്തു. എന്നാല്‍ വിഷാദ രോഗം താരത്തെ തളര്‍ത്തുകയായിരുന്നു. ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ടീം ഫൈനലില്‍ നിന്നാണ് താരം ആദ്യം പിന്മാറിയത്. ഇതോടെ അമേരിക്കയെ പിന്തളളി റഷ്യന്‍ വനിതകള്‍ സ്വര്‍ണം നേടി.

പിന്നാലെ ഓള്‍ എറൗണ്ട്, ഫ്ളോര്‍ എക്സര്‍സൈസ്, വാള്‍ട്ട്, അണ്‍ഇവന്‍ ബാര്‍സ് ഫൈനലുകളില്‍ നിന്ന് താരം പിന്മാറി. ഓള്‍ എറൗണ്ടില്‍ യു.എസ്.എ ടീമിലെ സഹതാരം സുനി ലീ സ്വര്‍ണം നേടുകയും ചെയ്തു. 2016-ലെ റിയോ ഒളിമ്പിക്‌സില്‍ നാല് സ്വര്‍ണവും ഒരു വെങ്കലവും നേടിയ താരമാണ് സിമോണ്‍ ബൈല്‍സ്.

Content Highlights: Tokyo Olympics US Gymnast Simone Biles Takes Beam Bronze On Olympic Return

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram