ടോക്യോ ഒളിമ്പിക്‌സിന് കൊറോണ ഭീഷണി


1 min read
Read later
Print
Share

ഓഗസ്റ്റ് 25-നാണ് ഒളിമ്പിക്‌സ് തുടങ്ങുന്നത്‌

ടോക്യോയിലെ ഒഡെയ്ബയിൽ ഒളിമ്പിക് വലയങ്ങളുടെ പശ്ചാത്തലത്തിൽ മകനൊപ്പം സെൽഫിയെടുക്കുന്ന ജാപ്പനീസ് യുവതി

ടോക്യോ: കൊറോണ വൈറസ് ഭീതിദമായി പടരുന്നത് ഓഗസ്റ്റ് 25-ന് തുടങ്ങേണ്ട ടോക്യോ ഒളിമ്പിക്‌സിന് ഭീഷണിയാകുന്നു. തങ്ങള്‍ വളരെയധികം ആശങ്കയിലാണെന്ന് ടോക്യോ ഒളിമ്പിക്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ തോഷിരോ മുട്ടോ വ്യക്തമാക്കി. വൈറസിന്റെ വ്യാപനം താമസിയാതെ നിയന്ത്രണവിധേയമാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ഇതുവരെ രാജ്യത്ത് അഞ്ഞൂറോളംപേരുടെ മരണത്തിനിടയാക്കി. കാല്‍ലക്ഷത്തോളം പേര്‍ ചികിത്സയിലാണ്. ഇരുപതോളം രാജ്യങ്ങളില്‍ വൈറസ് എത്തിയിട്ടുണ്ട്. ജപ്പാനില്‍ ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും 20 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയ്ക്ക് പുറത്ത് റിപ്പോര്‍ട്ടുചെയ്ത രണ്ടു മരണങ്ങള്‍ ഹോങ് കോങ്ങിലും ഫിലിപ്പീന്‍സിലുമാണ്.

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി, അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റി, ലോകാര്യോഗ സംഘടന, ജപ്പാന്‍ സര്‍ക്കാര്‍, ടോക്യോ സിറ്റി ഭരണകൂടം എന്നിവര്‍ സംയുക്തമായി സഹകരിച്ച് വൈറസിനെ ചെറുക്കുമെന്ന് തോഷിരോ മുട്ടോ അറിയിച്ചു.

ഒളിമ്പിക്‌സ് തടസ്സംകൂടാതെ നടക്കുന്നതിനുള്ള മുന്നൊരുക്കങ്ങളിലാണ് തങ്ങളെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വ്യക്തമാക്കി. ചൈനയിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ നടത്തുന്നത് സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. ജപ്പാനിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണങ്ങളുണ്ട്.

ചൈനയിലെ വുഹാനില്‍ കുടുങ്ങിയ 565 ജപ്പാന്‍കാരെ തിരികെക്കൊണ്ടുവരുന്നതിനായി മൂന്ന് വിമാനങ്ങള്‍ ജപ്പാന്‍ ചാര്‍ട്ടര്‍ ചെയ്തിട്ടുണ്ട്.

ജപ്പാന്‍ കപ്പലിലെ 10 പേര്‍ക്ക് കൊറോണ

യോക്കോഹാമ: ജാപ്പനീസ് തീരത്ത് നങ്കൂരമിട്ട ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ 10 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. 3711 യാത്രക്കാരുള്ള കപ്പല്‍ രണ്ടാഴ്ചയായി തടഞ്ഞുവെച്ചിരിക്കുകയാണ്. യാത്രക്കാരെ പുറത്തിറക്കിയിട്ടില്ല. രോഗലക്ഷണങ്ങളുള്ള 273 പേരുടെ രക്തം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഫലം ലഭിച്ച 31-ല്‍ പത്തണ്ണമാണ് പോസിറ്റീവായത്. ഇതില്‍ മൂന്ന് ജപ്പാന്‍കാരും രണ്ട് ഓസ്ട്രേലിയക്കാരും മൂന്ന് ഹോങ് കോങ് സ്വദേശികളും ഉള്‍പ്പെടുന്നു. വൈറസ് ബാധിച്ചവരുടെ എണ്ണം ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാവരുടെയും പരിശോധന പൂര്‍ത്തിയായശേഷമേ കപ്പല്‍യാത്രക്കാരെ പുറത്തിറക്കൂ.

Content Highlights: Tokyo Olympics Corona threat

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram