ഇന്ത്യയുടെ ഗോളാഘോഷം | Photo: Reuters
ടോക്യോ: ഒളിമ്പിക് ഹോക്കിയില്‍ ഇന്ത്യ സെമി ഫൈനലില്‍. ബ്രിട്ടനെ ഒന്നിനെതിരേ മൂന്നു ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. 1980-ലെ മോസ്‌കോ ഒളിമ്പിക്‌സിന് ശേഷം ഹോക്കിയില്‍ ഇന്ത്യയുടെ മികച്ച പ്രകടനമാണിത്. ചൊവ്വാഴ്ച്ച നടക്കുന്ന സെമി ഫൈനലില്‍ കരുത്തരായ ബെല്‍ജിയമാണ് ഇന്ത്യയുടെ എതിരാളി.
കളി തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ ഇന്ത്യ ലീഡെടുത്തു. ദില്‍പ്രീത് സിങ്ങാണ് ലക്ഷ്യം കണ്ടത്. 16-ാം മിനിറ്റില്‍ ഗുജ്റന്ത് സിങ്ങിലൂടെ ഇന്ത്യ ലീഡ് ഇരട്ടിയാക്കി. 45-ാം മിനിറ്റില്‍ ഇയാന്‍ സാമുവല്‍ വാര്‍ഡിലൂടെ ബ്രിട്ടന്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. 57-ാം മിനിറ്റില്‍ ഹാര്‍ദിക് സിങ്ങിലൂടെ ഇന്ത്യ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.ഗോള്‍പോസ്റ്റിന് കീഴില്‍ മലയാളി താരം പിആര്‍ ശ്രീജേഷിന്റെ പ്രകടനവും നിര്‍ണായകമായി.
എട്ടു സ്വര്‍ണ മെഡലിന്റെ പ്രതാപമുള്ള ഇന്ത്യക്ക് കഴിഞ്ഞ മൂന്ന് ഒളിമ്പിക്സിലും കണ്ണീര്‍ക്കഥയാണ് പറയാനുള്ളത്. 2008 ബെയ്ജിങ് ഒളിമ്പിക്‌സിന് യോഗ്യത പോലും നേടാതിരുന്ന ഇന്ത്യ 2012-ല്‍ ലണ്ടനില്‍ അവസാന സ്ഥാനക്കാരായണ് മത്സരം പൂര്‍ത്തിയാക്കിയത്. 2016 റിയോയില്‍ നേടിയത് എട്ടാം സ്ഥാനവും
. എന്നാല്‍ പിന്നീടുള്ള അഞ്ചു വര്‍ഷം ഇന്ത്യയുടെ ജൈത്രയാത ആയിരുന്നു. ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനം വരെ എത്തിനില്‍ക്കുന്നതാണ് ഇന്ത്യയുടെ മികവ്. രണ്ടു വര്‍ഷം മുമ്പ് ഓസ്ട്രേലിയന്‍ പരിശീലകന്‍ ഗ്രഹാം റീഡ് ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നതോടെ താരങ്ങളുടെ ആത്മവിശ്വാസം വര്‍ധിച്ചു.
ടോക്യോയില്‍ മന്‍പ്രീതും സംഘവും മിന്നുന്ന ഫോമിലാണ്. രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേ 7-1 ന് തകര്‍ന്നശേഷം ടീം ഐതിഹാസികമായി തിരിച്ചുവന്നു. പിന്നീട് മൂന്ന് മത്സരങ്ങളും ജയിച്ച് പൂള്‍ എ യില്‍ രണ്ടാംസ്ഥാനക്കാരായാണ് ക്വാര്‍ട്ടറില്‍ കടന്നത്. നിലവിലെ ഒളിമ്പിക് ചാമ്പ്യന്മാരായ അര്‍ജന്റീന വരെ ഇന്ത്യന്‍ കുതിപ്പില്‍ തകര്‍ന്നു. അഞ്ചില്‍ നാല് കളിയും ജയിച്ചാണ് ഇന്ത്യന്‍ സംഘം മുന്നേറിയത്.
Content Highlights: Tokyo Olympics 2020 Hockey Quarter Final India vs Britain