Photo: ani
ന്യൂഡല്‍ഹി: ടോക്യോയില്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ നിമിഷം സമ്മാനിച്ച ഭാരോദ്വഹന താരം മീരാഭായ് ചാനു തിങ്കളാഴ്ച ഇന്ത്യയില്‍ തിരിച്ചെത്തി.
24-ാം തീയതി നടന്ന മത്സരത്തിനു മുമ്പത്തെ രണ്ടു ദിവസം താന്‍ ഒന്നും കഴിച്ചിരുന്നില്ലെന്നും ചാനു വെളിപ്പെടുത്തി.
വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി നേടിയ ചാനു, കര്‍ശനമായ ഭക്ഷണക്രമം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എന്‍.ഡി.ടി.വിയോട് സംസാരിക്കുകയായിരുന്നു അവര്‍.
''മത്സരത്തിന് മുമ്പുള്ള രണ്ട് ദിവസം മുമ്പ് ഞാന്‍ ഒന്നും കഴിച്ചില്ല, കാരണം ഭാരത്തെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു. ഇത് വളരെ ബുദ്ധിമുട്ടാണ് (ഭാരം നിലനിര്‍ത്താന്‍). ഈ വിഭാഗത്തിന് ഭാരം നിലനിര്‍ത്താന്‍ ഞങ്ങള്‍ നമ്മുടെ ഭക്ഷണത്തെ കര്‍ശനമായി നിയന്ത്രിക്കേണ്ടതുണ്ട്. അതിനാല്‍ എനിക്ക് ജങ്ക് ഫുഡ് കഴിക്കാന്‍ കഴിയില്ല, എന്റെ ഭക്ഷണക്രമം പഴങ്ങളും മാംസം മുതലായവയില്‍ മാത്രം പരിമിതപ്പെടുത്തിയിരിക്കുകയാണ്.'' - ചാനു പറഞ്ഞു.
സ്‌നാച്ചില്‍ 87 കിലോയും ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 115 കിലോയുമായി ആകെ 202 കിലോഗ്രാം ഉയര്‍ത്തിയാണ് ചാനു വെള്ളി മെഡല്‍ സ്വന്തമാക്കിയത്.
ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിത ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടുന്നത്. പി.വി.സിന്ധുവിന് ശേഷം ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടുന്ന ഇന്ത്യന്‍ വനിതകൂടിയാണ് ചാനു. 2000-ലെ സിഡ്നി ഒളിമ്പിക്സില്‍ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരിക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഭാരോദ്വാഹനത്തില്‍ ഒളിമ്പിക് മെഡല്‍ സ്വന്തമാക്കുന്നത്.
Content Highlights: Tokyo 2020 Silver-Medallist Mirabai Chanu on diet