Photo: AFP
തിരുവനന്തപുരം: ''രവികുമാര്‍ പിന്നിലായിരുന്നെങ്കിലും (29) എനിക്ക് ചെറിയ ടെന്‍ഷന്‍പോലും ഉണ്ടായിരുന്നില്ല. അവസാനനിമിഷംവരെയും പോരാടുന്ന ആളാണവന്‍. എത്രയോവട്ടം അത് നേരിട്ട് കണ്ടിരിക്കുന്നു. എതിരാളിയെ മലര്‍ത്തിയടിക്കാന്‍ കോച്ച് പറഞ്ഞത് കൃത്യമായി അവന്‍ ചെയ്തു'' -പേട്ടയിലെ വീട്ടിലിരുന്ന് രവികുമാര്‍ ദഹിയയുടെ മുന്‍ പരിശീലകനായ വി.ആര്‍. ഗിരിധര്‍ 'മാതൃഭൂമി'യോട് പറഞ്ഞു.

2015 മുതല്‍ ദേശീയ ജൂനിയര്‍ ഗുസ്തി ടീമിന്റെയും പിന്നീട് സീനിയര്‍ ടീമിന്റെയും പരിശീലകനായിരുന്നു ഗിരിധര്‍. 2015-ല്‍ ഗിരിധറിന്റെ കീഴിലാണ് രവികുമാര്‍ ദഹിയയെന്ന താരത്തിന്റെ ഉദയവും. ''ബ്രസീലിലെ സാല്‍വദോറില്‍നടന്ന ലോക ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയപ്പോഴേ ഉറപ്പിച്ചിരുന്നു, രവികുമാര്‍ വലിയ വിജയം കൊണ്ടുവരുമെന്ന്. അന്നേ അവനെ മാധ്യമങ്ങളുടെ കണ്ണില്‍പ്പെടാതെ ഒളിച്ചുസൂക്ഷിക്കുകയായിരുന്നു'' - ഗിരിധര്‍ വ്യക്തമാക്കി.
എതിരാളിയെ ടെയ്ക് ഡൗണ്‍ ചെയ്ത് (മുട്ടുകുത്തിച്ച്) പോയന്റെടുക്കുക എന്നതാണ് രവികുമാറിന്റെ തന്ത്രം. സനയേവ് നന്നായി ഗൃഹപാഠം ചെയ്തിട്ടാണ് വന്നതെന്ന് വ്യക്തമായിരുന്നു. അതിനാലാണ് കിട്ടിയ അവസരത്തില്‍ രവികുമാറിന്റെ കാലില്‍ പിടിത്തമിട്ടത്. എന്നാല്‍, മൂന്നുവട്ടം കാലില്‍ പിടിച്ചുകറക്കിക്കഴിഞ്ഞപ്പോഴേക്കും അവന്‍ പ്രതിരോധിച്ചു. അവിടെനിന്നും കളിയിലേക്ക് തിരിച്ചുവരാനായി എന്നതാണ് രവികുമാറിന് രക്ഷയായത്. ഒരു പോയന്റുകൂടി സനയേവ് എടുത്തിരുന്നെങ്കില്‍ കളി കൈവിട്ടുപോകുമായിരുന്നു. അക്കാര്യം എതിരാളിക്കും മനസ്സിലായതുകൊണ്ടാണ് പരിക്കേറ്റതായി അഭിനയിച്ചത്. എന്നാല്‍, പിന്നീടുള്ള ഒരുമിനിറ്റ് രവികുമാറിന് ധാരാളമായിരുന്നു.
പരിശീലകന്‍ അടുത്തുനിന്ന് ഹിന്ദിയില്‍ 'ജീത് നാ ഹേ ബേട്ടാ' എന്ന് പറഞ്ഞത് രവികുമാര്‍ കൃത്യമായി കേട്ടു. തുടര്‍ച്ചയായി ആക്രമിച്ചതോടെ സനയേവിന്റെ നിലതെറ്റി. രവി കുമാര്‍ വിജയത്തിലേക്കും കുതിച്ചു. എവിടെ മത്സരിക്കാന്‍ പോയാലും മെഡല്‍ നേടുന്ന പതിവും രവികുമാറിനുണ്ട്. ടോക്യോ ഒളിമ്പിക്‌സിന് മുന്നോടിയായി റഷ്യയില്‍ പരിശീലനത്തിന് പോയപ്പോഴും വിളിച്ചിരുന്നു. മെഡല്‍ കൊണ്ടുവരുമെന്ന് ഉറപ്പും നല്‍കി. അവസാനനിമിഷംവരെയും തോല്‍വി സമ്മതിക്കാത്ത അപൂര്‍വം ഗുസ്തിക്കാരിലൊരാളാണ് രവികുമാര്‍ - ഗിരിധര്‍ പറയുന്നു.
Content Highlights: Tokyo 2020 Ravi Dahiya confirms Wrestling medal