നീരജ് ചോപ്രയുടെ ആഹ്ലാദം | Photo: Reuters
2016-ല്‍ പോളണ്ടിലെ ബിഡ്‌ഗോഷില്‍ നടന്ന ലോക ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലായിരുന്നു നീരജ് ചോപ്ര വരവറിയിച്ചത്. 20 വയസ്സിന് താഴെയുള്ള വിഭാഗത്തില്‍ 86.48 മീറ്റര്‍ ദൂരം എറിഞ്ഞ്, പുതിയ ലോക റെക്കോര്‍ഡുമായി ബിഡ്‌ഗോഷില്‍ നീരജ് സ്വര്‍ണ്ണം നേടി.
ലോക റെക്കോര്‍ഡ് തിളക്കവുമായി ഡല്‍ഹിയിലെത്തിയ നീരജിന് അന്നത്തെ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിന്റെ ഊദ്യോഗിക വസതിയില്‍ വെച്ച് സ്വീകരണം നല്‍കിയിരുന്നു. അവിടെ വെച്ചായിരുന്നു ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ പുതിയ താരോദയത്തെ നേരില്‍ കണ്ടത്.
ജാവലിനില്‍ തീര്‍ത്ത ലോക റെക്കോര്‍ഡിന്റെ ഭാവമല്ലായിരുന്നു മുഖത്ത്. കൗമാരക്കാരന്റെ ലജ്ജ വിട്ടു മാറിയിട്ടില്ല. കോച്ച് ഗ്യാരി കാല്‍വര്‍ട്ടിനൊപ്പം അനുസരണയുള്ള ശിഷ്യനായി നീരജ് ചോപ്ര ഒതുങ്ങി നിന്നു.
സ്വീകരണത്തിന്റെ ഇടവേളയില്‍ അല്‍പ്പ സമയം നേരിട്ട് സംസാരിക്കാന്‍ അവസരം ലഭിച്ചു. 2016 ഓഗസ്റ്റില്‍ നടക്കുന്ന റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ കഴിയാത്തതിലുള്ള നിരാശ നീരജ് പങ്കുവെച്ചു. യോഗ്യത നേടാനുള്ള സമയ പരിധി കഴിഞ്ഞതായിരുന്നു റിയോയില്‍ ഇടം ലഭിക്കാതെ പോയത്. അപ്പോഴും വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിക്കുമെന്ന പ്രതീക്ഷ നീരജിനുണ്ടായിരുന്നു. അതിന് വേണ്ടി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ശ്രമവും നടത്തിയിരുന്നു.
റിയോയില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി പ്രതീക്ഷിച്ച നീരജ് ചോപ്ര, അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ടോക്യോയില്‍ ഗോള്‍ഡന്‍ എന്‍ട്രിയുമായി ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ മേല്‍വിലാസമായി മാറിയിരിക്കുന്നു.
Content Highlights: Tokyo 2020 Neeraj Chopra made lost Rio wild card entry to a golden entry