Photo: twitter.com|16Sreejesh
'ടോക്യോയിലേക്ക് പുറപ്പെടുമ്പോള്‍ എന്റെ കൈയില്‍ ഒരു 'ബാഗു'ണ്ട്, അതില്‍ നിറയെ സ്വപ്നങ്ങളാണ്' : ഒളിമ്പിക്‌സിന് യാത്ര തിരിക്കുന്നതിനുമുമ്പ് നീരജ് ചോപ്ര കുറിച്ച വരികള്‍. ശനിയാഴ്ച ഒളിമ്പിക്വേദിയില്‍ ഇന്ത്യയുടെ ദേശീയ ഗാനം മുഴങ്ങുമ്പോള്‍ നീരജ് ധരിച്ചിരുന്ന വെള്ള നിറത്തിലുള്ള മുഖാവരണം ഒരു ഹൃദയംപോലെ മിടിക്കുന്നുണ്ടായിരുന്നു. ദേശീയഗാനം ഒപ്പം ആലപിക്കുന്നതിനിടെ നീരജിന്റെ കണ്ണുകള്‍ ചെറുതായി നിറഞ്ഞു. ഒരു രാജ്യം മുഴുവന്‍ എത്രയോ വര്‍ഷങ്ങളായി കാത്തിരുന്ന സ്വര്‍ണമെഡലില്‍ ചുംബിച്ച ആ ചുണ്ടുകള്‍ വികാരം പുറത്തറിയിക്കാതെ മുഖാവരണത്തിനുള്ളില്‍ മറഞ്ഞെങ്കിലും ആ കണ്ണുകള്‍ എല്ലാം ലോകത്തോട് വിളിച്ചു പറയുന്നുണ്ടായിരുന്നു. ശനിയാഴ്ച രാവുറങ്ങാതെ ആ മെഡലില്‍ എത്ര തവണ ചുംബിച്ചെന്ന് നീരജിന് അറിയില്ല. ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളിലൂടെ കടന്നുപോയ അനുഭവങ്ങള്‍ നീരജ് ചോപ്ര പങ്കുവെയ്ക്കുന്നു.
രാജ്യം കാത്തിരുന്ന മെഡല്‍ നേടിയ രാത്രിയിലെ അനുഭവം
രാത്രി ഞാന്‍ ഉറങ്ങിയിട്ടില്ല എന്നതാണ് സത്യം. മെഡല്‍ ദാനത്തിനുശേഷം ഉത്തേജക പരിശോധനയും അഭിമുഖങ്ങളും ഒക്കെയായി സ്റ്റേഡിയത്തില്‍തന്നെ ഒരുപാട് നേരം ചെലവഴിക്കേണ്ടി വന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഞാന്‍ ഗെയിംസ് വില്ലേജിലെത്തി അല്‍പമൊന്ന് ഉറങ്ങിയത്. രാവിലെതന്നെ എഴുന്നേറ്റ് വീണ്ടും തിരക്കുകളിലേക്ക് പോയി.
ഗെയിംസ് വില്ലേജിലെ ആഘോഷം എങ്ങനെയായിരുന്നു
ഗെയിംസ് വില്ലേജില്‍ ഇന്ത്യന്‍ ടീമിലെ എല്ലാവരും ചേര്‍ന്ന് ഞായറാഴ്ച രാവിലെ കേക്ക് മുറിച്ചു. ഇന്ത്യയുടെ വിജയമായിട്ടാണ് എല്ലാവരും ഇതിനെ കാണുന്നത്. ഞാനും അങ്ങനെതന്നെയാണ് ആഘോഷിച്ചത്. നാട്ടില്‍ തിരിച്ചെത്തി എല്ലാവരോടുമൊപ്പം ആഘോഷിക്കാന്‍ കാത്തിരിക്കുന്നു.
രാജ്യം കാത്തിരുന്ന മെഡലണിഞ്ഞ് ഒളിമ്പിക് പോഡിയത്തില്‍ നിന്നപ്പോള്‍ എന്തായിരുന്നു മനസ്സില്‍
മനസ്സിലൂടെ പല ചിന്തകളും കടന്നുപോയി. അതൊന്നും വേര്‍തിരിച്ച് ഓര്‍ത്തെടുക്കാനാകില്ല. എന്നാല്‍ അവിടെ നിന്നപ്പോള്‍ ഞാന്‍ മില്‍ഖാജിയെ ഓര്‍ത്തിരുന്നു. ഇന്ത്യ കണ്ട മഹാനായ അത്ലറ്റായ മില്‍ഖാ സിങ്ങിന് കിട്ടാതെ പോയ മെഡലാണ് കഴുത്തില്‍ കിടക്കുന്നതെന്ന സത്യം എന്നെ വികാരഭരിതനാക്കി. കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് മില്‍ഖാജിയെ കണ്ടപ്പോള്‍ അദ്ദേഹം എനിക്ക് ഒരു ഓട്ടോഗ്രാഫ് തന്നിരുന്നു.
ഫൈനലില്‍ എറിയാന്‍ തുടങ്ങിയപ്പോള്‍ ഏത് മെഡലാണ് പ്രതീക്ഷിച്ചത്
ഫൈനല്‍ തുടങ്ങുമ്പോള്‍ ഏറ്റവും മികച്ച ദൂരമാണ് മനസ്സിലുണ്ടായിരുന്നത്. ആദ്യത്തെ ഏറുതന്നെ നല്ല ദൂരം കടന്നാല്‍ എതിരാളികള്‍ക്കുമേല്‍ അത് സമ്മര്‍ദം സൃഷ്ടിക്കും. എന്റെ ഭാഗ്യത്തിന് ആദ്യ രണ്ട് ഏറുകളും നന്നായതോടെ ആത്മവിശ്വാസമേറി. അപ്പോഴും സ്വര്‍ണം കിട്ടുമെന്ന് അറിയില്ലായിരുന്നു. അവസാന റൗണ്ടില്‍ ഏഴാമത്തെ ആളും എറിഞ്ഞുകഴിഞ്ഞപ്പോഴാണ് സ്വര്‍ണം ഉറപ്പിച്ചത്. അവസാന ഏറിനെത്തുമ്പോള്‍ വല്ലാത്ത വികാരങ്ങളിലൂടെ കടന്നുപോവുകയായിരുന്നു.
ജര്‍മനിയുടെ ലോക ചാമ്പ്യന്‍ ജൊഹാനസ് വെറ്ററിനെ തോല്‍പ്പിച്ചപ്പോള്‍
അങ്ങനെ ഒരു താരത്തെ മാത്രമായി തോല്‍പ്പിക്കാനൊന്നും ഞാന്‍ ശ്രമിച്ചിട്ടില്ല. ഫൈനലില്‍ ഉണ്ടായിരുന്ന എല്ലാവരും എതിരാളികളായിരുന്നു. അവരുടെ കൂട്ടത്തില്‍നിന്ന് മികച്ച ദൂരം എറിയാനാണ് ഞാന്‍ ശ്രമിച്ചത്. വെറ്റര്‍ ലോകത്തിലെ മികച്ച ജാവലിന്‍ ത്രോവറാണ്. ഏത് ലോകോത്തര താരത്തിനും ചില സമയങ്ങളില്‍ പിഴവ് വരാം. അദ്ദേഹം പുറത്തായ രീതി വളരെ അപൂര്‍വമായിമാത്രം സംഭവിക്കുന്നതാണ്.
Content Highlights: Tokyo 2020 neeraj chopra exclusive interview