Photo: A.K BIJURAJ| Mathrubhumi
ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത കാഴ്ചകളായിരുന്നു അതെല്ലാം. നീരജിന്റെ കൈകളില്‍നിന്ന് ജാവലിന്‍ 87.58 മീറ്റര്‍ ദൂരത്തേക്ക് ചെന്നുവീഴുമ്പോള്‍ ഞങ്ങളും അറിയാതെ ഗാലറിയില്‍നിന്ന് വായുവിലേക്കുയര്‍ന്നിരുന്നു. ആത്മവിശ്വാസത്തിന്റെ ആള്‍രൂപം പോലെ നീരജ് ചോപ്ര ട്രാക്കില്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ ഒരു നിമിഷം വിശ്വസിക്കാനാകാതെ തരിച്ചിരുന്നു പോയി.
ഒളിമ്പിക്‌സിലെ അത്ലറ്റിക്‌സ് വേദിയില്‍ ഇത്ര ആധിപത്യത്തോടെ ഒരു ഇന്ത്യന്‍ താരം നില്‍ക്കുന്നെന്ന സത്യം മനസ്സിലായപ്പോള്‍ ആകെ കോരിത്തരിച്ചു.
നീരജ് സ്വര്‍ണം ഉറപ്പിച്ചതോടെ ഞങ്ങളെല്ലാം ആവേശത്തിന്റെ ആകാശത്തായിരുന്നു. മെഡല്‍ നേടി ഞങ്ങളുടെ ഗാലറിയുടെ അരികിലേക്ക് ഓടിയെത്തുമ്പോള്‍ കോച്ച് രാധാകൃഷ്ണന്‍ സാര്‍ ദേശീയ പതാക നീരജിന് എറിഞ്ഞുകൊടുത്തു. അത് പുതയ്ക്കുമ്പോള്‍ നീരജിന്റെ കണ്ണുകള്‍ നിറഞ്ഞുപോയി. അവന്‍ ഒളിമ്പിക് മെഡലുമായി പോഡിയത്തില്‍ നില്‍ക്കുമ്പോള്‍ ദേശീയഗാനം മുഴങ്ങി.
ശരീരത്തിലെ രോമം എഴുന്നേറ്റുനിന്ന ആ നിമിഷം മരണംവരെ ഓര്‍മയിലുണ്ടാകും. വല്ലാത്ത സന്തോഷത്തിലാണ് ഞങ്ങള്‍ ഗെയിംസ് വില്ലേജില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ ദിവസം റിലേയില്‍ ഞാനും അമോജ് ജേക്കബും നോഹ നിര്‍മല്‍ ടോമും ഉള്‍പ്പെട്ട ടീം ഫൈനല്‍ കാണാതെ പുറത്തായതിന്റെ സങ്കടം എല്ലാവരിലുമുണ്ടായിരുന്നു.
ഏഷ്യന്‍ റെക്കോഡ് തകര്‍ത്തിട്ടും നേരിയ വ്യത്യാസത്തിന് ഫൈനല്‍ നഷ്ടമായതിന്റെ സങ്കടം പക്ഷേ, നീരജിന്റെ സുവര്‍ണ നിമിഷങ്ങളില്‍ മാഞ്ഞുപോയി. ഞായറാഴ്ച രാവിലെ നീരജ് ഞങ്ങളുടെ അരികില്‍ വന്നു. അവനോടൊപ്പം കുറച്ചുനേരം ചെലവഴിച്ചു. പട്യാലയില്‍ ഞാന്‍ താമസിച്ചിരുന്ന മുറിയുടെ അടുത്താണ് അവന്‍ താമസിച്ചിരുന്നത്. അന്നുതൊട്ടേ സൗഹൃദമുണ്ട്. നീരജിന്റെ മെഡല്‍ നേട്ടം കാണാനായത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായാണ് ഞാന്‍ കരുതുന്നത്.
(ടോക്യോയില്‍ നിന്ന് മലയാളി അത്ലറ്റ് മുഹമ്മദ് അനസ് എഴുതിയ കുറിപ്പ്)
Content Highlights: Tokyo 2020 malayali athlete Muhammed Anas writes from Tokyo