Photo: PTI
ടോക്യോ: ചരിത്രത്തിലേക്ക് ഇടിച്ചു കയറാന്‍ ലവ്ലിനയുടെ മുന്നില്‍ ഒമ്പത് മിനിറ്റുകള്‍ മാത്രം. ബുധനാഴ്ച രാവിലെ 11-ന് തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെനെലിയെ നേരിടുമ്പോള്‍ ജയത്തില്‍ കുറഞ്ഞൊന്നും ലവ്ലിനയ്ക്ക് മുന്നിലില്ല.
ലക്ഷ്യം നേടാന്‍ കൈ മെയ് മറന്ന് മത്സരിക്കണമെന്ന തിരിച്ചറിവും ഉണ്ട്. കാരണം എതിരാളി അത്ര നിസാരയല്ല. ലോക ഒന്നാം നമ്പര്‍ താരമാണ് ബുസെനാസ്. വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തില്‍ നിലവിലെ ലോക ചാമ്പ്യന്‍.
ലോകവേദിയില്‍ കഴിവ് തെളിയിച്ച ബോക്‌സര്‍. മുമ്പ് മിഡില്‍വെയ്റ്റ് വിഭാഗത്തിലാണ് (70 കിലോ മുതല്‍ 73 കിലോ വരെ ശരീരഭാരം) തുര്‍ക്കി താരം മത്സരിച്ചിരുന്നത്. വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തിലേക്ക് മാറിയതിനുശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
എതിരാളിയുടെ പെരുമയൊന്നും ലവ്ലിനയുടെ ആത്മവിശ്വാസത്തിന് തടസ്സമാകുന്നില്ല. വിജേന്ദര്‍ സിങ്ങിനും (2008) മേരി കോമിനും (2012) ശേഷം ബോക്‌സിങ്ങില്‍ ഒളിമ്പിക് മെഡല്‍ നേടുന്ന മൂന്നാം ഇന്ത്യന്‍ താരമെന്ന ബഹുമതി അവര്‍ ഉറപ്പാക്കിക്കഴിഞ്ഞു. ഇനി സ്വര്‍ണമാണ് ലക്ഷ്യമെന്ന് സെമിയിലെത്തിയപ്പോള്‍തന്നെ പ്രഖ്യാപിച്ചതുമാണ്.
''ലവ്ലിന ആത്മവിശ്വാസത്തിലാണ്. നല്ലൊരു മത്സരം കാഴ്ചവെക്കാമെന്ന പ്രതീക്ഷയുണ്ട്.'' - ദേശീയ കോച്ച് മുഹമ്മദ് അലി ഖമര്‍ മത്സരത്തലേന്ന് വ്യക്തമാക്കി. ലവ്ലിനയ്ക്കും ബുസെനാസിനും ഇത് ആദ്യ ഒളിമ്പിക്‌സാണ്. ഇരുവരും ആദ്യമായാണ് ഏറ്റുമുട്ടുന്നതെന്ന പ്രത്യേകതയുമുണ്ട്.
Content Highlights: Tokyo 2020 Lovlina Borgohain chase of historic Olympic final berth