Photo: instagram.com|neeraj____chopra
130 കോടിയിലേറെ വരുന്ന ജനങ്ങളുടെ കാത്തിരിപ്പ് പൊന്നുകൊണ്ട് സഫലമാക്കിയിരിക്കുകയാണ് ഇരുപത്തിമൂന്നുകാരന് സുബേധാര്‍ നീരജ് ചോപ്ര.
ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ എറിഞ്ഞ് ഒളിമ്പിക്സില്‍ ഒരു അത്ലറ്റിക്സിൽ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും നീരജ് സ്വന്തം പേരിലാക്കിയിരിക്കുകയാണ്.
തന്നേക്കാള്‍ ദൂരമെറിഞ്ഞ ചരിത്രമുള്ള എതിരാളികളെ മറികടന്നായിരുന്നു ടോക്യോയില്‍ നീരജിന്റെ സ്വര്‍ണ നേട്ടം.
സ്വര്‍ണം എറിഞ്ഞിട്ട ആ വലതു കൈയുടെ ആരോഗ്യത്തിന് നീരജ് നന്ദി പറയുന്ന ഒരാളുണ്ട് മുംബൈയിലെ കോകിലാബെന്‍ ധീരുബായ് അംബാനി ആശുപത്രിയില്‍. ഡോ. ദിന്‍ഷാ പര്‍ഡിവാല. നീരജിന്റെ കരിയര്‍ പോലും അവസാനിക്കുമായിരുന്ന ഒരു പരിക്കില്‍ നിന്ന് താരത്തിന്റെ വലതു കൈ രക്ഷിച്ചെടുത്തത് സര്‍ജനായ പര്ഡിവാലയായിരുന്നു.
രണ്ടു വര്‍ഷം മുമ്പ് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി ഒരു മാസത്തിനു ശേഷമാണ് നീരജിന്റെ വലത് കൈമുട്ടിന് പരിക്കേല്‍ക്കുന്നത്. ജാവലിന്‍ പോയിട്ട് ചെറിയ ഒരു കല്ലെടുത്ത് എറിയാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള വേദനയായിരുന്നു ആ സമയം. ഇതോടെ 2019-ല്‍ ദോഹയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പും താരത്തിന് നഷ്ടമായി.
നീരജിന്റെ കൈമുട്ട് അന്ന് ലോക്കായിപ്പോയ അവസ്ഥയിലായിരുന്നുവെന്ന് പര്‍ഡിവാല പറയുന്നു. കരിയറിന് തന്നെ ഭീഷണിയാകുന്ന ഒരു സര്ജറിക്കായിരുന്നു നീരജ് അന്ന് വിധേയനാകേണ്ടിയിരുന്നത്.
രണ്ടു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയായിരുന്നു അത്. അതിനു ശേഷം നാലു മാസത്തോളമാണ് നീരജിന് വിശ്രമം വേണ്ടി വന്നത്. നീരജിന്റെ തിരിച്ചുവരവില്‍ താന്‍ ഏറെ സന്തോഷിച്ചിട്ടുണ്ടെന്നും പര്‍ഡിവാല പറഞ്ഞു.
നീരജ് മാത്രമല്ല ക്രിക്കറ്റ് താരങ്ങളായ ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യര്‍, ബാഡ്മിന്റണ്‍ താരം സൈന നേവാള്‍, ഗുസ്തി താരം ഗീത ഫോഗട്ട്, ബബിത ഫോഗട്ട് തുടങ്ങിയവരും പര്‍ഡിവാലയുടെ കീഴില്‍ ശസ്ത്രക്രിയക്ക് വിധേയരായവരാണ്.
Content Highlights: Tokyo 2020 Dinshaw Pardiwala the doctor who saved Neeraj Chopra s career