Photo: ANI
ന്യൂഡല്‍ഹി: ഒരൊറ്റ ഒളിമ്പിക്‌സു കൊണ്ട് ഇന്ത്യക്കാരെ ഗോള്‍ഫ് പഠിപ്പിച്ച താരമാണ് അദിതി അശോക്.
ടോക്യോയില്‍ ഗോള്‍ഫ് വനിതകളുടെ വ്യക്തിഗത സ്‌ട്രോക്ക് പ്ലേയില്‍ മെഡല്‍ പ്രതീക്ഷയുയര്‍ത്തിയ ഇന്ത്യന്‍ താരം പക്ഷേ നാലാം റൗണ്ടില്‍ പിന്നാക്കം പോകുകയായിരുന്നു. മൂന്നാം റൗണ്ടില്‍ 54 ഹോളുകള്‍ പിന്നിട്ടപ്പോള്‍ ലോക ഒന്നാം നമ്പര്‍ താരം അമേരിക്കയുടെ നെല്ലി കോര്‍ഡയ്ക്കു പിന്നില്‍ രണ്ടാമതായിരുന്ന അദിതി പിന്നീട് നാലാം സ്ഥാനത്തേക്ക് വീണു.
ഇപ്പോഴിതാ തന്റെ ഹൃദയം തകര്‍ന്നുപോയ നിമിഷമായിരുന്നു അതെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരം.
'മധുരവും കയ്പുമേറിയ ഓര്‍മകളുമായി ടോക്യോ വിടുന്നു. ഒരു ഗോള്‍ഫ് ടൂര്‍ണമെന്റില്‍ നാലാം സ്ഥാനം നേടിയ ശേഷം എന്റെ ഹൃദയം ഇത്തരത്തില്‍ തകര്‍ന്നു പോകുന്നത് ഇപ്പോഴാണ്. അവസാനം വരെ ഞാന്‍ പരമാവധി ശ്രമിച്ചു, പക്ഷേ ഗോള്‍ഫ് ചിലപ്പോള്‍ അങ്ങനെയാണ്. നിങ്ങള്‍ അര്‍ഹിക്കുന്നത് എല്ലായ്‌പ്പോഴും നിങ്ങള്‍ക്ക് ലഭിക്കില്ല, പക്ഷേ നിങ്ങള്‍ ശ്രമിക്കുന്നത് നിങ്ങള്‍ക്ക് ലഭിക്കും' - ടോക്യോയില്‍ നിന്ന് മടങ്ങും മുമ്പ് അദിതി ട്വിറ്ററില്‍ കുറിച്ചതാണിത്.
200-ാം റാങ്കുകാരിയായ അദിതി തകര്‍പ്പന്‍ പ്രകടനമാണ് ടോക്യോയിലെ ഗോള്‍ഫ് കോഴ്‌സില്‍ പുറത്തെടുത്തത്.
Content Highlights: Tokyo 2020 Aditi Ashok recalls dream run at Tokyo