പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഫോണിൽ സംസാരിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ മൻപ്രീത് സിങ്ങ് | Photo: twitter| Hockey India
ടോക്യോ: ഇന്ത്യയുടെ ഏറെക്കാലത്തെ ആഗ്രഹമാണ് ഇന്ന് സഫലമായിരിക്കുന്നത്. 41 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ഹോക്കി ടീം ഇന്ത്യയിലേക്ക് ഒളിമ്പിക്സ് മെഡല്‍ കൊണ്ടുവന്നിരിക്കുന്നു. ജര്‍മനിയെ 5-4 എന്ന സ്‌കോറിന് കീഴടക്കിയാണ് ഇന്ത്യ വിജയമാഘോഷിച്ചത്.
ഈ ചരിത്രവിജയത്തിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ മന്‍പ്രീത് സിങ്ങിനെത്തേടി ഒരു ഫോണ്‍ കോള്‍ വന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മന്‍പ്രീതിനെയും ഇന്ത്യന്‍ ടീമിനെയും അഭിനന്ദിച്ചുകൊണ്ടു വിളിച്ചത്.
'മന്‍പ്രീത്, നിങ്ങള്‍ക്കും ഇന്ത്യന്‍ ടീമിനും ആശംസകള്‍. നിങ്ങള്‍ വലിയൊരു നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. രാജ്യം മുഴുവന്‍ ഈ വിജയത്തിന്റെ സന്തോഷത്തില്‍ നൃത്തം ചെയ്യുകയാണ്. എന്റെ ഹൃദയം നിറയുന്നു. എന്റെ ആശംസകള്‍ എല്ലാവരോടും പങ്കുവെയ്ക്കൂ. ഓഗസ്റ്റ് 15 ന് ഏവരെയും കാണാം'-മോദി പറഞ്ഞു.
സെമി ഫൈനലില്‍ ബെല്‍ജിയത്തോട് തോല്‍വി വഴങ്ങിയപ്പോഴും മോദി മന്‍പ്രീതിനെ വിളിച്ചിരുന്നു. മോദിയുടെ വാക്കുകള്‍ വിജയത്തിലേക്ക് നയിക്കാന്‍ ഊര്‍ജം പകര്‍ന്നുവെന്ന് മന്‍പ്രീത് പറഞ്ഞു.
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തില്‍ ടോക്യോ ഒളിമ്പിക്സില്‍ പങ്കെടുത്ത എല്ലാ കായിക താരങ്ങളെയും പ്രത്യേക അതിഥികളായി മോദി ചെങ്കോട്ടയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
Content Highlights: PM Narendra Modi congrats Manpreet Singh and Indian Team after India's bronze in Tokyo 2020