ഒളിമ്പിക്‌സിലെ ജിംനാസ്റ്റിക്‌സ് മത്സരത്തിൽ നിന്ന് | Photo:AP
ടോക്യോ: ഒളിമ്പിക്‌സില്‍ വനിതാ താരങ്ങളുടെ ചിത്രങ്ങള്‍ ലൈംഗിക താത്പര്യത്തോടെ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നടപടിയെടുത്ത് ഒളിമ്പിക് ബ്രോഡ്കാസ്റ്റിങ് സര്‍വീസ്. മുന്‍കാല കവറേജുകളില്‍ കണ്ടതുപോലെയുള്ള ചിത്രങ്ങള്‍ ഇനി കാണാന്‍ കഴിയില്ലെന്നും ശരീരഭാഗങ്ങള്‍ അടുത്തു കാണുന്ന വിധമുള്ള ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യില്ലെന്നും ഒളിമ്പിക് ബ്രോഡ്കാസ്റ്റിങ് ചീഫ് എക്‌സിക്യൂട്ടീവ് യിയാനിസ് എക്‌സാര്‍ക്കോസ് വ്യക്തമാക്കി. എന്നാല്‍ ബീച്ച് വോളിബോള്‍, ജിംനാസ്റ്റിക്‌സ്, നീന്തല്‍ തുടങ്ങിയ കായിക ഇനങ്ങളില്‍ ഇത് എത്രമാത്രം പ്രായോഗികമാണ് എന്നത് സംശയമാണ്.
ശരീരഭാഗങ്ങള്‍ കാണിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിനെതിരേ ജര്‍മനിയുടെ ജിംനാസ്റ്റിക്‌സ് ടീം കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സിലെ പരമ്പരാഗത വേഷമായ തോള് മുതല്‍ അരക്കെട്ട് വരെ മാത്രം മറയുന്ന ബിക്കിനി, സ്വിംസ്യൂട്ട് മാതൃകയിലുള്ള ലിയോടാര്‍ഡിന് പകരം കണങ്കാല്‍ വരെയെത്തുന്ന വേഷം ധരിച്ചാണ് സാറ വോസ്, പൗലീന്‍ ഷാഫര്‍-ബെറ്റ്സ്, എലിസബ് സെയ്റ്റ്സ്, കിം ബ്യു തുടങ്ങിയ താരങ്ങള്‍ മത്സരിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് യിയാനിസ് എക്‌സാര്‍ക്കോസിന്റെ പ്രതികരണം.
വനിതാ താരങ്ങളുടെ വസ്ത്രധാരണത്തിന് അമിതപ്രാധാന്യം നല്‍കിയുള്ള സംപ്രേഷണം ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കും. ഇതിനായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. വനിതാ താരങ്ങള്‍ക്ക് ആദരവ് നല്‍കുന്ന തരത്തിലായിരിക്കണം പെരുമാറ്റമെന്നും വസ്ത്രം സ്ഥാനം തെറ്റി നില്‍ക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെങ്കില്‍ അതു നീക്കം ചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്യണമെന്നുമാണ് പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.
Content Highlights: Olympic broadcasters curb sexual images of female athletes