Photo: AFP
ടോക്യോ: സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് ടോക്യോ ഒളിമ്പിക്‌സില്‍ മത്സരിക്കും.
റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, ഡൊമിനിക് തീം അടക്കമുള്ള താരങ്ങള്‍ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറിയ സാഹചര്യത്തില്‍ ജോക്കോയുടെ സാന്നിധ്യം ടെന്നീസ് ആരാധകര്‍ക്ക് ആവേശമാകും.
ഈ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ കിരീടങ്ങള്‍ സ്വന്തമാക്കിയ ജോക്കോവിച്ച് ഗോള്‍ഡന്‍സ്ലാം നേട്ടത്തിലേക്കുള്ള യാത്രയിലാണ്. ഒരേ വര്‍ഷം നാല് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും ഒളിമ്പിക് സ്വര്‍ണവും സ്വന്തമാക്കുന്നതിനെയാണ് ഗോള്‍ഡന്‍സ്ലാം എന്ന് വിശേഷിപ്പിക്കുന്നത്. ഇന്നേവരെ ഒരു പുരുഷ താരത്തിനും ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ല. 1988-ല്‍ ജര്‍മനിയുടെ സ്റ്റെഫി ഗ്രാഫാണ് ഗോള്‍ഡന്‍സ്ലാം സ്വന്തമാക്കിയ ഏക താരം.
ദിവസങ്ങള്‍ക്കു മുമ്പാണ് ജോക്കോവിച്ച് തന്റെ കരിയറിലെ ആറാം വിംബിള്‍ഡണ്‍ കിരീടവും 20-ാം ഗ്രാന്‍ഡ്സ്ലാം നേട്ടവും സ്വന്തമാക്കിയത്. ഈ കിരീട വിജയത്തോടെ റോജര്‍ ഫെഡററുടെയും റാഫേല്‍ നദാലിന്റെയും 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന നേട്ടത്തിനൊപ്പമെത്താനും ജോക്കോയ്ക്കായി.
ഓപ്പണ്‍ കാലഘട്ടത്തില്‍ എല്ലാ നാല് ഗ്രാന്‍ഡ്സ്ലാമും രണ്ടു തവണ വീതം നേടുന്ന ആദ്യ താരമെന്ന റെക്കോഡും ജോക്കോ സ്വന്തമാക്കിയിരുന്നു.
ഫെഡററുടെ പിന്മാറ്റത്തിന് കാരണം പരിക്ക്
ഫ്രഞ്ച് ഓപ്പണിനിടെ കാല്‍മുട്ടിനേറ്റ പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്നാണ് സ്വിസ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ടോക്യോ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറിയത്. സ്വിറ്റ്‌സര്‍ലന്‍ഡിനെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുക്കുക എന്നത് അഭിമാനമാണെന്നും എന്നാല്‍ പരിക്കുമൂലം ഇത്തവണ മത്സരിക്കാനാവാത്തത് നിരാശാജനകമാണെന്നും ഫെഡറര്‍ വ്യക്തമാക്കി.
Content Highlights: Novak Djokovic confirms he will compete at Tokyo 2020