Image Courtesy: AFP
ടോക്കിയോ: കോവിഡ്-19 രോഗവ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ച ടോക്കിയോ ഒളിമ്പിക്‌സ് ഉപേക്ഷിക്കേണ്ടിവരുമെന്ന് സംഘാടക സമിതി പ്രസിഡന്റ് യോഷിറോ മോറി. ഇനിയും ഒളിമ്പിക്‌സ് മാറ്റിവെയ്ക്കാന്‍ സാധിക്കില്ലെന്ന് മോറി പറഞ്ഞു.
ജപ്പാനിലെ നിക്കാന്‍ സ്‌പോര്‍ട്‌സ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മോറി ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ കോവിഡ് ഭീഷണിമൂലം കാനഡയും ഓസ്ട്രേലിയയും പിന്‍മാറിയതിനു പിന്നാലെ ഈ വര്‍ഷത്തെ ടോക്കിയോ ഒളിമ്പിക്സ് മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചിരുന്നു. 2021 ജൂലായ് മുതല്‍ ഗെയിംസ് നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇപ്പോഴും വൈറസ് നിയന്ത്രണവിധേയമാകാത്ത ഈ സാഹചര്യത്തില്‍ ഇനി ഒരു മാറ്റിവെയ്ക്കല്‍ നടക്കില്ലെന്ന് മോറി ഉറപ്പിച്ചു പറയുന്നു.
നേരത്തെ കോവിഡ്-19 രോഗവ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച ടോക്കിയോ ഒളിമ്പിക്സ് അടുത്ത വര്‍ഷം നടക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്ന് സംഘാടക സമിതി സി.ഇ.ഒ തോഷിറോ മുട്ടൊയും പറഞ്ഞിരുന്നു.
Content Highlights: next year’s Olympics will be cancelled if covid 19 pandemic not over, says Games chief