4x400 മീറ്റര്‍ റിലേയില്‍ ഏഷ്യന്‍ റെക്കോഡുമായി ഇന്ത്യ; ടീമില്‍ മൂന്നു മലയാളികള്‍


2 min read
Read later
Print
Share

ഹീറ്റ്‌സ് രണ്ടില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തെങ്കിലും ഇന്ത്യക്ക് ഫൈനല്‍ യോഗ്യത നേടാനായില്ല.

ഒളിമ്പിക് മത്സരത്തിൽ നിന്ന്‌ | Photo: twitter| tokyo 2020

ടോക്യോ: ഒളിമ്പിക്‌സില്‍ പുരുഷന്‍മാരുടെ 4x400 മീറ്റര്‍ റിലേയില്‍ ഏഷ്യന്‍ റെക്കോഡ് പ്രകടനവുമായി ഇന്ത്യന്‍ ടീം. ഹീറ്റ്‌സ് രണ്ടില്‍ മത്സരിച്ച ഇന്ത്യ 3:00.25 സെക്കന്റില്‍ ഫിനിഷിങ് ലൈന്‍ തൊട്ടു. മുഹമ്മദ് അനസ് യഹിയ, നോഹ നിര്‍മല്‍ ടോം, ആരോക്യ രാജീവ്, അമോജ് ജേക്കബ് എന്നിവര്‍ ഇന്ത്യക്കായി ട്രാക്കിലിറങ്ങി.

ടീമിലെ മൂന്നു താരങ്ങളും മലയാളികളാണെന്നത് കേരളത്തിനും അഭിമാന നിമിഷം സമ്മാനിച്ചു. മുഹമ്മദ് അനസും നോഹ നിര്‍മല്‍ ടോമും അമോജ് ജേക്കബുമാണ് മലയാളി താരങ്ങള്‍.

ഖത്തറിന്റേ പേരിലുള്ള ഏഷ്യന്‍ റെക്കോഡാണ് ഇന്ത്യ തിരുത്തിയത്. 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 3:00.56 സെക്കന്റിലാണ് ഖത്തര്‍ ടീം റെക്കോഡ് സൃഷ്ടിച്ചിരുന്നത്.

ഹീറ്റ്‌സ് രണ്ടില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തെങ്കിലും ഇന്ത്യക്ക് ഫൈനല്‍ യോഗ്യത നേടാനായില്ല. എന്നാല്‍ കരുത്തരായ ജപ്പാനും ഫ്രാന്‍സിനും ദക്ഷിണാഫ്രിക്കയ്ക്കും കൊളംബിയക്കും മുന്നിലെത്താനായി. ഈ ഹീറ്റ്‌സില്‍ നിന്ന് പോളണ്ടും ജമൈക്കയും ബെല്‍ജിയവുമാണ് ഫൈനലിലെത്തിയത്.

നേരത്തെ ആദ്യ ഹീറ്റ്‌സില്‍ നിന്ന് അമേരിക്കയും ബോസ്വാനയും ട്രിനഡാഡ് ആന്റ് ടൊബാഗോയും നേരിട്ട് ഫൈനല്‍ യോഗ്യത നേടിയിരുന്നു. ഇറ്റലിയും നെതര്‍ലന്റ്‌സും ശേഷിക്കുന്ന മികച്ച സമയത്തിന്റെ അടിസ്ഥാനത്തിലും ഫൈനലിലെത്തി. ഈ ഹീറ്റ്‌സില്‍ ഓടിയ ബ്രിട്ടനും ചെക് റിപ്പബ്ലിക്കും ജര്‍മനിയും ഇന്ത്യയേക്കാള്‍ മോശം പ്രകടനമാണ് പുറത്തെടുത്തത്.

പട്യാലയില്‍ നടന്ന ഇന്റര്‍‌സ്റ്റേറ്റ് അത്‌ലറ്റിക് മീറ്റില്‍ 03.01.89 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ഇന്ത്യ ഒളിമ്പിക്‌സിന് യോഗ്യത നേടിയത്. ഈ പ്രകടനത്തോടെ ലോകറാങ്കിങ്ങില്‍ 13-ാം സ്ഥാനത്ത് എത്തുകയും റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ ഒളിമ്പിക്‌സ് ടിക്കറ്റെടുക്കുകയുമായിരുന്നു. ഇന്ത്യന്‍ ടീമിന്റെ സീസണിലെ ഏറ്റവും മികച്ച പ്രകടനവും ഇതുതന്നെയായിരുന്നു.

എന്നാല്‍ ടോക്യോയില്‍ ഈ പ്രകടനം തിരുത്തിയെഴുതി. ഒമ്പതാം സ്ഥാനത്തേക്ക് കുതിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ഇന്ത്യയേക്കേള്‍ മികച്ച സമയം കുറിച്ച എട്ടു ടീമുകളും ഫൈനലിലെത്തുകയും ചെയ്തു.

Content Highlights: New Asian Record by India 4x400m relay team at the Tokyo Olympics 2020

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram