മിൽഖ സിങ്ങും നീരജ് ചോപ്രയും
ടോക്യോ: ഒളിമ്പിക് ജാവലിന്‍ ചരിത്രം കുറിച്ച് നേടിയ സ്വര്‍ണം ഇന്ത്യയുടെ നീരജ് ചോപ്ര സ്പ്രിന്റ് ഇതിഹാസം പറക്കും സിഖ് മില്‍ഖ സിങ്ങിന് സമര്‍പ്പിച്ചു. 'അദ്ദേഹം ഇത് എവിടെയോ ഇരുന്ന് കാണുന്നുണ്ടെന്നാണ് എന്റെ പ്രതീക്ഷ. എവിടെയായാലും ഈ മെഡല്‍ ഞാന്‍ അദ്ദേഹത്തിന് സമര്‍പ്പിക്കുകയാണ്'-മെഡല്‍ സ്വീകരിച്ചശേഷം നീരജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
'ശരിക്കും ഇത് അവിശ്വസനീയമാണ്. അത്‌ലറ്റിക്‌സില്‍ ഇന്ത്യ ഒരു സ്വര്‍ണം നേടുന്നത് ആദ്യമായാണല്ലോ. അതുകൊണ്ട് തന്നെ അതിരില്ലാത്ത സന്തോഷമുണ്ടെനിക്ക്. എനിക്കും രാജ്യത്തിനും ഇത് അഭിമാനമുഹൂര്‍ത്തമാണ്. യോഗ്യതാ റൗണ്ടില്‍ നന്നായി എറിയാന്‍ എനിക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഫൈനലില്‍ കൂടുതല്‍ മെച്ചപ്പെടുത്താമെന്ന വിശ്വാസവുമുണ്ടായിരുന്നു. എന്നാല്‍, സ്വര്‍ണം ലഭിക്കുമെന്ന് അറിയുമായിരുന്നില്ല. എന്തായാലും അങ്ങേയറ്റം സന്തോഷവാനാണ് ഞാന്‍'-നീരജ് പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും മികച്ച പുരുഷ അത്‌ലറ്റായാണ് മില്‍ഖ സിങ്ങിനെ കണക്കാക്കിയിരുന്നത്. റോം അത്‌ലറ്റിക്‌സില്‍ പുരുഷന്മാരുടെ 400 മീറ്ററിലെ നാലാം സ്ഥാനമായിരുന്നു മില്‍ഖയുടെ ഏറ്റവും വലിയ നേട്ടം. ആദ്യ ഇരുന്നൂറ് മിനിറ്റ് ലീഡ് ചെയ്തശേഷമാണ് മില്‍ഖ അവസാനം നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പട്ടുപോയത്. ഇന്ത്യന്‍ അത്‌ലറ്റി്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നായാണ് ഇത് കണക്കാക്കപ്പെട്ടിരുന്നത്. ഇതിനുശേഷം മറ്റൊരു ഇന്ത്യന്‍ പുരുഷ അത്‌ലറ്റിന് ഒളിമ്പിക് ട്രാക്കില്‍ കാര്യമായ സാന്നിധ്യമറിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. നീരജ് നേടിയ സ്വര്‍ണത്തിന്റെ മാറ്റ ഇരട്ടിയാക്കുന്നതും ഇതാണ്.
Content Highlights: Neeraj Chopra Dedicates Tokyo Olympics Gold Medal to Deceased Milkha Singh