നീരജ് ചോപ്രയും മിൽഖാ സിങ്ങും | Photo: AP|PTI
ന്യൂഡല്‍ഹി: ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ചരിത്രം രചിച്ച നീരജ് ചോപ്രയുടെ നേട്ടം സ്പ്രിന്റ് ഇതിഹാസം മില്‍ഖാ സിങ്ങ് സ്വര്‍ഗത്തിലിരുന്ന് കാണുന്നുണ്ടാകുമെന്ന് മകന്‍ ജീവ് മില്‍ഖാ സിങ്ങ്. ചരിത്രനേട്ടം മില്‍ഖാ സിങ്ങിനാണ് നീരജ് സമര്‍പ്പിച്ചത്. അതുകേട്ടപ്പോള്‍ അച്ഛന്‍ കരഞ്ഞിട്ടുണ്ടാകുമെന്നും ജീവ് വ്യക്തമാക്കി.
'അച്ഛന്റെ സ്വപ്‌നം മറ്റൊരാളിലൂടെ യാഥാര്‍ഥ്യമായി. ഈ ട്വീറ്റ് ചെയ്യുമ്പോഴും ഞാന്‍ കരയുകയാണ്. ഇന്ത്യക്ക് അഭിമാന നിമിഷം. നീരജിന്റെ നിശ്ചയദാര്‍ഢ്യത്തിനും കഠിനധ്വാനത്തിനും സല്യൂട്ട്. ദൈവം അനുഗ്രഹിക്കട്ടെ...' ജീവ് കുറിച്ചു. 2021 ജൂണ്‍ പതിനെട്ടിനാണ് മില്‍ഖാ സിങ്ങ് ജീവിതത്തില്‍ നിന്ന് വിട വാങ്ങിയത്.
1960 റോം ഒളിമ്പിക്‌സില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ മത്സരിച്ച മില്‍ഖാ സിങ്ങിന് മെഡല്‍ നേടാന്‍ കഴിയാത്തത് ഇന്നും ഇന്ത്യന്‍ കായികചരിത്രത്തിലെ വേദനയാണ്. ആദ്യ 200 മീറ്റര്‍ വരെ മില്‍ഖ ലീഡ് നേടിയെങ്കിലും അവസാന 200 മീറ്ററില്‍ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. റോമില്‍ മില്‍ഖ കുറിച്ച 45.73 സെക്കന്റിന്റെ ദേശീയ റെക്കോഡ് തിരുത്തപ്പെടാതെ നിലനിന്നത് 40 വര്‍ഷമാണ്.
Content Highlights: My father is crying up above in the heavens says Jeev Milkha Singh