മീരാബായ് ചാനു | Photo: twitter| SAI Media
ടോക്യോ: ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാനമായ മീരാബായ് ചാനുവിനെ ഇനി മണിപ്പൂര്‍ പോലീസില്‍ കാണാം. പോലീസ് സേനയില്‍ അഡീഷണല്‍ സൂപ്രണ്ട് ആയി മീരാബായിയെ നിയമിക്കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരെന്‍ സിങ്ങ് വിക്തമാക്കി. സമ്മാനമായി ഒരു കോടി രൂപയും ബിരെന്‍ സിങ്ങ് പ്രഖ്യാപിച്ചു.
ടോക്യോ ഒളിമ്പിക്‌സ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചരിത്രമെഴുതിയിരുന്നു. സ്നാച്ചില്‍ 87 കിലോയും ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 115 കിലോയുമായി ആകെ 202 കിലോഗ്രാമാണ് ഉയര്‍ത്തിയത്.
ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിത ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടുന്നത്. പി.വി.സിന്ധുവിന് ശേഷം ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടുന്ന ഇന്ത്യന്‍ വനിതകൂടിയാണ് ചാനു. 2000-ലെ സിഡ്‌നി ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരിക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഭാരോദ്വാഹനത്തില്‍ ഒളിമ്പിക് മെഡല്‍ സ്വന്തമാക്കുന്നത്.
Content Highlights: Mirabai Chanu to be appointed as Addl SP, Manipur Police says CM Biren