20 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യയ്ക്ക് നിരാശ, മലയാളി താരം ഇര്‍ഫാന്‍ 51-ാം സ്ഥാനത്ത്


1 min read
Read later
Print
Share

മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ ഇര്‍ഫാനെതിരേ കടുത്ത നടപടിയെടുക്കുമെന്ന് അത്‌ലറ്റിക്‌സ് ഫെഡെറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് അദിലെ ജെ സുമരിവാല അറിയിച്ചിരുന്നു.

Photo: twitter.com|Media_SAI

ടോക്യോ: 20 കിലോമീറ്റര്‍ നടത്തത്തില്‍ മലയാളി താരം കെ.ടി.ഇര്‍ഫാന് കാലിടറി. 52 പേര്‍ പങ്കെടുത്ത മത്സരത്തില്‍ 51-ാമതായി മാത്രമാണ് താരം ഫിനിഷ് ചെയ്തത്. ഇന്ത്യയുടെ മറ്റ് താരങ്ങളായ സന്ദീപ് കുമാര്‍ 23-ാമതും രാഹുല്‍ 47-ാം സ്ഥാനത്തും മത്സരം പൂര്‍ത്തീകരിച്ചു.

ഒരു മണിക്കൂറും 34 മിനിട്ടും 41 സെക്കന്‍ഡുമെടുത്താണ് ഇര്‍ഫാന്‍ 20 കിലോമീറ്റര്‍ പൂര്‍ത്തീകരിച്ചത്. ഈ ഇനത്തില്‍ ഇറ്റലിയുടെ മാസ്സിമോ സ്റ്റാനോ സ്വര്‍ണം നേടി. 1 മണിക്കൂറും 21 മിനിട്ടും അഞ്ച് സെക്കന്‍ഡുമാണ് മാസ്സിമോ 20 കിലോമീറ്റര്‍ പിന്നിടാന്‍ എടുത്ത സമയം. വെള്ളിയും വെങ്കലവും ജപ്പാനാണ് സ്വന്തമാക്കിയത്. കോകി ഇകേഡ വെള്ളിയും തൊഷികാസു യമനിഷി വെങ്കലവും നേടി.

ഇര്‍ഫാന്‍ തന്റെ കരിയറിലെ മികച്ച പ്രകടനത്തിന്റെ അടുത്തുപോലും എത്തിയില്ല. ഈ സീസണിലെ മികച്ച സമയമാണ് ടോക്യോയില്‍ കുറിച്ചത്. പക്ഷേ ഈ സീസണില്‍ താരം അധികം മത്സരങ്ങളില്‍ കളിച്ചിട്ടില്ല.

2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഇര്‍ഫാന്‍ അന്ന് പത്താം സ്ഥാനത്തെത്തുകയും ദേശീയ റെക്കോഡ് സ്വന്തമാക്കുകയും ചെയ്തിരുന്നു. ഒരു മണിക്കൂര്‍ 20 മിനിട്ട് 21 സെക്കന്‍ഡാണ് ഇര്‍ഫാന്റെ മികച്ച പ്രകടന സമയം. അതിനേക്കാളും 13 മിനിട്ടും 36 സെക്കന്‍ഡുമെടുത്തു ടോക്യോയില്‍ മത്സരം പൂര്‍ത്തീകരിക്കാന്‍.

മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ ഇര്‍ഫാനെതിരേ കടുത്ത നടപടിയെടുക്കുമെന്ന് അത്‌ലറ്റിക്‌സ് ഫെഡെറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് അദിലെ ജെ സുമരിവാല അറിയിച്ചിരുന്നു. ബെംഗളൂരു സായ് കേന്ദ്രത്തില്‍ നടന്ന ഫിറ്റ്‌നസ് പരിശോധനയുടെ അടിസ്ഥാനത്തില്‍ ഇരുവരെയും ഒളിമ്പിക്‌സ് ടീമില്‍ നിന്നും പുറത്താക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ ഇരുവരുടെയും പരിശീലകരുടെ ഉറപ്പിന്മേലാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്.

Content Highlights: KT Irfan 20 km race walk in tokyo 2020

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram