സ്വർണവും വെള്ളിയും നേടിയ 13 വയസ്സുകാരികൾ | Photo: AP
ടോക്യോ: പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്ന് പറയുന്നത് വെറുതെയല്ല. ഒളിമ്പിക്‌സില്‍ വനിതാ സ്‌കേറ്റ് ബോര്‍ഡിങ്ങില്‍ സ്വര്‍ണവും വെള്ളിയും നേടിയത് സ്‌കൂള്‍ കുട്ടികള്‍. ഒളിമ്പിക്‌സിനെ വിസ്മയത്തോടെ കാണുന്ന പ്രായത്തില്‍ ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ചത് ജപ്പാന്‍ താരം മോമിജി നിഷിയയും ബ്രസീല്‍ താരം റെയ്‌സ ലീലുമാണ്. ജപ്പാന്റെ ഫ്യൂന നകായാമയ്ക്കാണ് വെങ്കലം. അവള്‍ക്കും പ്രായം അധികമില്ല. പതിനാറ് വയസ്സ് മാത്രം!
13 വര്‍ഷവും 330 ദിവസവുമാണ് മോമിജി നിഷിയയുടെ പ്രായം. ഇതോടെ ഒളിമ്പിക്‌സില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മോമിജി. 1936-ല്‍ ബെര്‍ലിന്‍ ഗെയിംസില്‍ സ്പ്രിങ്‌ബോര്‍ഡില്‍ സ്വര്‍ണം നേടിയ യു.എസ് ഡ്രൈവര്‍ മര്‍ജോറി ഗെസ്ട്രിങ്ങാണ് ഒന്നാമത്തെ താരം. അന്ന് 13 വര്‍ഷവും 268 ദിവസവുമായിരുന്നു മര്‍ജോറിയുടെ പ്രായം.
വ്യക്തിഗത ഇനത്തില്‍ ഒളിമ്പിക് മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് വെള്ളി നേടിയ റെയ്‌സ സ്വന്തമാക്കി. 13 വര്‍ഷവും 203 ദിവസവുമാണ് റെയ്‌സയുടെ പ്രായം.
ഇതേ ഇനത്തില്‍ പുരുഷ വിഭാഗത്തിലും സ്വര്‍ണം നേടിയത് ജപ്പാന്‍ തന്നെയാണ്. 22 വയസ്സുകാരനായ യൂട്ടോ ഹോറിഗോമിയാണ് ഒന്നാമതെത്തിയത്. വെള്ളി ബ്രസീലിന്റെ കോല്‍വിന്‍ ഹോഫ്‌ളറും വെങ്കലും യു.എസിന്റെ ജാഗര്‍ ഈറ്റണും നേടി.
Content Highlights: Japan's Momiji Nishiya, 13, Becomes First Women's Olympic Skateboard Champion