എം.കെ. രാജ്മോഹൻ
ടോക്യോ: ഒളിമ്പിക്സ് 4X400 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ ടീം ഏഷ്യന്‍ റെക്കോഡ് തിരുത്തിയപ്പോള്‍ അഭിമാനത്തോടെ കൈയടിച്ചത് മലയാളികളായിരുന്നു. കാരണം മറ്റൊന്നുമല്ല, ടീമിലെ മൂന്നു താരങ്ങള്‍ മലയാളികളാണ്. മുഹമ്മദ് അനസ് യഹിയയും നോഹ നിര്‍മല്‍ ടോമും അമോജ് ജേക്കബും. കോഴിക്കോട് ചക്കിട്ടപാറയില്‍ നിന്നുള്ള നോഹ നിര്‍മല്‍ ടോമിന്റെ പരിശീലകനായ രാജ്മോഹന്‍ മത്സരശേഷം മാതൃഭൂമി ഡോട്ട് കോമുമായി സന്തോഷം പങ്കുവെച്ചു.
'നമ്മുടെ കുട്ടികള്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. അവരുടെ പരമാവധി അവര്‍ ശ്രമിച്ചു. ഒളിമ്പിക്‌സ് പോലൊരു വലിയ വേദിയില്‍ സാധാരണ നമ്മുടെ കായികതാരങ്ങള്‍ തളര്‍ന്നുപോകുകയാണ് പതിവ്. എന്നാല്‍, ഇത്തവണ ആരും തളര്‍ന്നില്ല. ഏഷ്യന്‍ റെക്കോഡും നാഷണല്‍ റെക്കോഡും തിരുത്താന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. മെഡല്‍ കിട്ടാത്തതില്‍ വിഷമമുണ്ടെങ്കിലും അടുത്ത ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും മികച്ച പ്രകടനം നടത്തി ഇന്ത്യയുടെ യശ്ശസ് ഉയര്‍ത്താനാണ് ഇനിയുള്ള ശ്രമം- രാജ്‌മോഹന്‍ പറഞ്ഞു.
'എല്ലാ രാജ്യങ്ങളും മികച്ച മത്സരമാണ് പുറത്തെടുത്തത്. പലരും ദേശീയ റെക്കോഡും സീസണിലെ മികച്ച സമയവുമെല്ലാം തിരുത്തിക്കുറിച്ചു. അതല്ലെങ്കില്‍ ഇന്ത്യ ഫൈനലിലെത്തുമായിരുന്നു. നേരിയ വ്യത്യാസത്തിലാണ് ഫൈനല്‍ നഷ്ടപ്പെട്ടത്. ഈ ഒളിമ്പിക്‌സിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. റിയോ ഒളിമ്പിക്സില്‍ നമ്മള്‍ അയോഗ്യരാക്കപ്പെട്ടു. അതിന്റെ നിരാശ മായ്ച്ചുകളയാനായി.'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴ സ്വദേശിയായ രാജ്‌മോഹന്റെ കീഴിലാണ് 2014 മുതല്‍ നോഹ നിര്‍മല്‍ ടോം പരിശീലനം നേടുന്നത്.
Content Highlights: