Photo: twitter.com|Media_SAI
ചണ്ഡിഗഢ്: ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി വെള്ളി മെഡല്‍ നേടിയ ഗുസ്തി താരം രവികുമാര്‍ ദഹിയയെ അഭിനന്ദിച്ച് ഹരിയാന സര്‍ക്കാര്‍. സുശീല്‍ കുമാറിന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി ഗുസ്തിയില്‍ വെള്ളി മെഡല്‍ നേടിയ രവികുമാറിന് ഹരിയാന സര്‍ക്കാര്‍ നാല് കോടി രൂപയും ഉയര്‍ന്ന ജോലിയും സമ്മാനമായി നല്‍കും.
57 കിലോ വിഭാഗത്തിലാണ് രവികുമാര്‍ ഇന്ത്യയ്ക്ക് വേണ്ടി ചരിത്രമെഴുതിയത്. ടോക്യോ ഒളിമ്പിക്‌സില്‍ രാജ്യത്തിന് വേണ്ടി വെള്ളി മെഡല്‍ നേടുന്ന രണ്ടാമത്തെ താരമാണ് രവികുമാര്‍. 23 കാരനായ രവികുമാറിന് 4 കോടി രൂപയ്ക്ക് പുറമേ ക്ലാസ് വണ്‍ വിഭാഗത്തിലുള്ള ജോലിയും ലഭിക്കും. ഒപ്പം താരത്തിന് സ്ഥലവും പതിച്ചുനല്‍കും. സ്ഥലത്തിന്റെ 50 ശതമാനം തുകയും സര്‍ക്കാര്‍ വഹിക്കും. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ് ഇക്കാര്യം അറിയിച്ചത്.
ഹരിയാനയിലെ സോണിപാത് ജില്ലയിലെ നാഹ്രി ഗ്രാമത്തിലാണ് രവികുമാര്‍ താമസിക്കുന്നത്. താരത്തിന്റെ നാട്ടില്‍ വളര്‍ന്നുവരുന്ന ഗുസ്തി താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ രവികുമാറിന്റെ പേരില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം സ്ഥാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ടോക്യോ ഒളിമ്പിക്‌സ് ഫൈനലില്‍ രണ്ട് തവണ ലോകചാമ്പ്യനായ റഷ്യയുടെ സൗര്‍ യുഗുവേവിനോട് തോറ്റാണ് രവികുമാര്‍ വെള്ളിമെഡല്‍ സ്വന്തമാക്കിയത്.
Content Highlights: Haryana govt announces Rs 4 crore prize money, class 1 category job for Olympic silver-medallist Ravi Dahiya