'അങ്ങനെ വില്‍പനച്ചരക്കാക്കേണ്ട'; വേഷം മാറ്റി ജര്‍മന്‍ ജിംനാസ്റ്റുകള്‍


2 min read
Read later
Print
Share

ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സിലെ പരമ്പരാഗത വേഷമായ തോള് മുതല്‍ അരക്കെട്ട് വരെ മാത്രം മറയുന്ന ബിക്കിനി, സ്വിംസ്യൂട്ട് മാതൃകയിലുള്ള ലിയോടാര്‍ഡിന് പകരം കണങ്കാല്‍ വരെയെത്തുന്ന വേഷം ധരിച്ചാണ് താരങ്ങള്‍ മത്സരിച്ചത്.

Photo: Getty Images

ടോക്യോ: താരങ്ങളുടെ മെയ്‌വഴക്കമല്ല, മേനിയഴക് കൂടിയാണ് ഒളിമ്പിക് ജിംനാസ്റ്റിക്‌സിന്റെ നാളിതുവരെയുളള പ്രധാന ആകര്‍ഷണം. അഭ്യാസങ്ങള്‍ക്ക് പകരം അംഗലാവണ്യം വില്‍പനച്ചരക്കാക്കുന്നതിനെതിരേ വലിയ പ്രതിഷേധമാണ് സമീപകാലത്ത് ലോകമെങ്ങും ഉയരുന്നത്. പ്രതിഷേധം ഇപ്പോഴിതാ വേറിട്ട രീതിയില്‍ ഒളിമ്പിക്‌സ് വേദിയിലുമെത്തി. അങ്ങനെയിപ്പോള്‍ ഞങ്ങളുടെ ശരീരം വില്‍പനച്ചരക്കാക്കേണ്ട എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ജര്‍മന്‍ താരങ്ങള്‍ ടോക്യോ ഒളിമ്പിക്‌സില്‍ മത്സരിക്കുന്നത്. ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സിലെ പരമ്പരാഗത വേഷമായ തോള് മുതല്‍ അരക്കെട്ട് വരെ മാത്രം മറയുന്ന ബിക്കിനി, സ്വിംസ്യൂട്ട് മാതൃകയിലുള്ള ലിയോടാര്‍ഡിന് പകരം കണങ്കാല്‍ വരെയെത്തുന്ന വേഷം ധരിച്ചാണ് സാറ വോസ്, പൗലീന്‍ ഷാഫര്‍-ബെറ്റ്‌സ്, എലിസബ് സെയ്റ്റ്‌സ്, കിം ബ്യു തുടങ്ങിയ താരങ്ങള്‍ മത്സരിച്ചത്. സാധാരണയായി മതപരമായ കാരണങ്ങള്‍ കൊണ്ട് മാത്രമായിരുന്നു ജിംനാസ്റ്റുകള്‍ കാല്‍മറയ്ക്കുന്ന വേഷം ധരിച്ച് മത്സരിച്ചിരുന്നത്.

യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നേരത്തെ തന്നെ പ്രതിഷേധം എന്ന രീതിയില്‍ ഈ പുതിയ വേഷവും ധരിച്ച് താരങ്ങള്‍ മത്സരിച്ചിരുന്നു. ഇപ്പോള്‍ ശക്തമായ ഈ വേഷപ്രതിഷേധത്തിന് ഒളിമ്പിക്‌സും വേദിയായിരിക്കുകയാണ്. പതിനെട്ട് കൊല്ലക്കാലം നൂറുകണക്കിന് താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചതിന് 176 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമേരിക്കന്‍ വനിതാ ടീമിന്റെ മുന്‍പരിശീലകന്‍ ലാറി നാസറിന്റെ അപ്പീല്‍ മിഷിഗണ്‍ അപ്പീല്‍ കോടതി തള്ളിയതിന് തൊട്ടുപിറകെയാണ് ഈ പ്രതിഷേധം ഒളിമ്പിക് വേദിയിലുമെത്തിയത്. നാസറിന്റെ ഞെട്ടുന്ന പീഡനക്കഥകള്‍ പുറത്തുവന്നതിനുശേഷമാണ് വേഷത്തില്‍ മാറ്റം വേണമെന്ന ആവശ്യം ശക്തമായത്.

പുതിയ തലമുറയ്ക്ക് ജിംനാസ്റ്റിക്‌സ് സുരക്ഷിതമായ ഒരു ഗെയിമാണെന്ന തോന്നലുണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സാറ വോസ് പറഞ്ഞു. ഞങ്ങള്‍ ഏറ്റവും അധികം ആത്മവിശ്വാസം അനുഭവിക്കുന്നത് ഈ വേഷത്തിലാണ്മൂന്നാം ഒളിമ്പിക്‌സിനെിത്തയ പൗലീന്‍ ഷേഫര്‍ പറഞ്ഞു. എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് ഉണ്ടാവണം. ഇത് ലോകത്തെ മുഴുവന്‍ കാണിച്ചുകൊടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം-ഷെയ്ഫര്‍ പറഞ്ഞു.

gymnastics

അമേരിക്കന്‍ ജിംനാസ്റ്റിക്‌സിലെ സൂപ്പര്‍താരം സിമോണ്‍ ബില്‍സ് നേരത്തെ തന്നെ കാലുവെ മറയുന്ന ഇത്തരം വേഷങ്ങള്‍ക്കുവേണ്ടി രംഗത്തുവന്നിരുന്നു. വേഷം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം താരങ്ങള്‍ക്ക് നല്‍കണമെന്നും ബൈല്‍സ് പറഞ്ഞു.

ഒളിമ്പിക്‌സിന് തൊട്ടുമുന്‍പ് ബിക്കിനി ധരിച്ച് കളിക്കാന്‍ വിസമ്മതിച്ച നോര്‍വീജിയന്‍ ബീച്ച് വോളി ടീമിന് പിഴയിട്ടിരുന്നു. ബിക്കിനിക്ക് പകരം സ്‌കിന്‍ ടൈറ്റ് ഷോട്ട്‌സ് ധരിക്കണം എന്നതായിരുന്നു അവരുടെ ആവശ്യം. എന്നാല്‍, ഇത് സംഘാടകര്‍ വകവച്ചുകൊടുത്തില്ല. എന്നാല്‍, ഇത്തരം എതിര്‍പ്പ് ജര്‍മന്‍ ടീമിന് ഒളിമ്പിക് അസോസിയേഷനില്‍ നിന്ന് ഇതുവരെ നേരിടേണ്ടിവന്നിട്ടില്ല. ടീം ഇറങ്ങിയപ്പോള്‍ നല്ല വേഷം എന്നായിരുന്നു അനൗണ്‍സ്‌മെന്റ്.

Content Highlights: German women's gymnastics team wears full-body suits In Tokyo Olympics


Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram