പ്രധാനമന്ത്രിയോട് സംസാരിക്കുന്ന ഇന്ത്യൻ വനിതാ ഹോക്കി ടീമംഗങ്ങൾ | Photo: twitter| mygovindia
ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്‌സ് ഹോക്കിയില്‍ വെങ്കല മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യന്‍ വനിതാ ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ വനിതാ ടീമിലെ ചില താരങ്ങള്‍ കരയുകയായിരുന്നു. ഇതുകേട്ട മോദി അവരെ ആശ്വസിപ്പിച്ചു.
'നിങ്ങള്‍ കരയുന്നത് എനിക്കു കേള്‍ക്കാം. ആരും കരയരുത്. രാജ്യം നിങ്ങളില്‍ അഭിമാനിക്കുന്നു. ഇന്ത്യയുടെ അടയാളമായ ഹോക്കി പതിറ്റാണ്ടുകളായി വിസ്മൃതിയിലായിരുന്നു. നിങ്ങളുടെ കഠിനധ്വാനത്തിലൂടെ അതിന് വീണ്ടും പ്രാധാന്യം ലഭിച്ചിരിക്കുന്നു.' മോദി വനിതാ താരങ്ങളോട് പറഞ്ഞു.
ഒളിമ്പിക്‌സ് മത്സരത്തിനിടയില്‍ പരിക്കേറ്റ നവനീത് കൗറിനെ പ്രധാനമന്ത്രി പ്രത്യേകം അന്വേഷിച്ചു. കണ്ണിന് താഴെ പരിക്കേറ്റ താരം നാല് സ്റ്റിച്ചുമായാണ് കളിച്ചത്. മികച്ച പ്രകടനം പുറത്തെടുത്ത വന്ദന കതാരിയയേയും സലീമ ടെറ്റെയേയും മോദി അഭിനന്ദിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ റാണി രാംപാല്‍ പ്രധാനമന്ത്രിയോട് നന്ദി അറിയിച്ചു.
വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ ടീമിനേയും മോദി നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു. 41 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ ടീം ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ നേടുന്നത്. വെള്ളിയാഴ്ച്ച നടന്ന വെങ്കല മെഡല്‍ മത്സരത്തില്‍ ബ്രിട്ടനോട് 4-3നാണ് ഇന്ത്യന്‍ വനിതകള്‍ പൊരുതിത്തോറ്റത്.
Content Highlights: Don't Cry India Is Proud Of You PM Tells Women's Hockey Team