അരിയെർന ടിറ്റ്മസും കോച്ചും | photo: twitter|ausolympic team
ടോക്യോ: ഒളിമ്പിക്‌സില്‍ വനിതകളുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലില്‍ കണ്ടത് ആവേശപ്പോര്. അഞ്ചു തവണ ഒളിമ്പിക് സ്വര്‍ണം നേടിയ അമേരിക്കയുടെ നീന്തല്‍ ഇതിഹാസം കാത്തി ലെഡേകിയെ അട്ടിമറിച്ച് ഓസ്‌ട്രേലിയന്‍ താരം അരിയെര്‍ന ടിറ്റ്മസ് സ്വര്‍ണം കഴുത്തിലണിഞ്ഞു. ദി ടെര്‍മിനേറ്റര്‍ എന്നു വിളിപ്പേരുള്ള അരിയെര്‍ന 3.56.69 സെക്കന്റില്‍ ഫിനിഷ് ചെയ്തപ്പോള്‍ കാത്തി ലെഡേകി 3.57.36 സെക്കന്റില്‍ വെള്ളിയിലെത്തി.
എന്നാല്‍ ഈ മത്സരത്തില്‍ താരങ്ങേളേക്കാള്‍ ആവേശം കണ്ടത് നീന്തല്‍ക്കുളത്തിന് പുറത്താണ്. ബാല്‍ക്കണിയില്‍ നിന്ന് അരിയെര്‍നയുടെ പരിശീലകന്‍ ഡീന്‍ ബോക്‌സലാണ് ആവേശത്തിന്റെ ചരടുപൊട്ടിച്ചത്. അരിയെര്‍ന ഫിനിഷിങ് ലൈന്‍ തൊട്ടപ്പോള്‍ പരിശീലകന് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു.
മാസ്‌ക്ക് വലിച്ചൂരിയും അങ്ങോട്ടും ഇങ്ങോട്ടും ഓടിയും ബാല്‍ക്കണിയുടെ കൈവരിയില്‍ പിടിച്ച് അട്ടഹസിച്ചും അദ്ദേഹം ശിഷ്യയുടെ വിജയം ആഘോഷിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി ട്രോളുകളുമായി ഈ വീഡിയോ പരിണമിച്ചു. വാക്‌സിന്‍ സ്ലോട്ട് കിട്ടുമ്പോഴുള്ള ആഹ്ലാദം എന്നാണ് ഒരാളുടെ ട്രോള്‍.
Content Highlights: Coach Goes Wild After Australia's Ariarne Titmus Claims Swimming Freestyle Gold At Tokyo Olympics