ടോക്കിയോ ഒളിമ്പിക്‌സില്‍ നിന്ന് കാനഡ പിന്മാറി; പാരാലിമ്പിക്‌സിലും പങ്കെടുക്കില്ല


1 min read
Read later
Print
Share

കോവിഡ്-19 നെ തുടര്‍ന്ന് ഈ വരുന്ന ഒളിമ്പിക്‌സിലും പാരാലിമ്പിക്‌സിലും കാനഡ ടീം പങ്കെടുക്കില്ലെന്ന് കനേഡിയന്‍ ഒളിമ്പിക് കമ്മിറ്റിയും (സി.ഒ.സി) കനേഡിയന്‍ പാരാലിമ്പിക് കമ്മിറ്റിയും (സി.പി.സി) ഞായറാഴ്ച അറിയിച്ചു

Image Courtesy: Getty Images

ഒട്ടാവ: കോവിഡ്-19 ഭീതിയുടെ പശ്ചാത്തലത്തില്‍ ടോക്കിയോ ഒളിമ്പിക്‌സ് മാറ്റിവെച്ചേക്കുമെന്ന സൂചനകള്‍ നിലനില്‍ക്കെ ഒളിമ്പിക്‌സില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി കാനഡ.

കോവിഡ്-19 നെ തുടര്‍ന്ന് ഈ വരുന്ന ഒളിമ്പിക്‌സിലും പാരാലിമ്പിക്‌സിലും കാനഡ ടീം പങ്കെടുക്കില്ലെന്ന് കനേഡിയന്‍ ഒളിമ്പിക് കമ്മിറ്റിയും (സി.ഒ.സി) കനേഡിയന്‍ പാരാലിമ്പിക് കമ്മിറ്റിയും (സി.പി.സി) ഞായറാഴ്ച അറിയിച്ചു.

അതേസമയം ഒളിമ്പിക്‌സ് ഒരു വര്‍ഷത്തേക്കെങ്കിലും മാറ്റിവെയ്ക്കണമെന്ന് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയോടും (ഐ.ഒ.സി) രാജ്യാന്തര പാരാലിമ്പിക് കമ്മിറ്റിയോടും (ഐ.പി.സി) ലോകാരോഗ്യ സംഘടനയോടും (ഡബ്ല്യു.എച്ച്.ഒ) കനേഡിയന്‍ ഒളിമ്പിക് കമ്മിറ്റിയും പാരാലിമ്പിക് കമ്മിറ്റിയും ആവശ്യപ്പെട്ടു. ഇതിലൂടെ നേരിട്ടേക്കാവുന്ന സങ്കീര്‍ണതകളും മറ്റും പരിഹരിക്കാന്‍ എല്ലാവിധ പിന്തുണയും തങ്ങളുടെ പക്കല്‍ നിന്നുണ്ടാകുമെന്നും ഇരു കമ്മിറ്റിയും പ്രസ്താവനയില്‍ വ്യക്തമാക്കി. അത്‌ലറ്റുകളുടെയും ലോകത്തിലെ ജനങ്ങളുടെയും സുരക്ഷയേക്കാളും ആരോഗ്യത്തേക്കാളും വലുതായി മറ്റൊന്നുമില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

ഒളിമ്പിക്‌സ് റദ്ദാക്കണമെന്ന ആവശ്യത്തോട് ഭരണസമിതി യോജിക്കുന്നില്ലെന്നും എന്നാല്‍ മാറ്റിവെയ്ക്കുന്നതിനെ കുറിച്ച് നാലാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്നും രാജ്യാന്തര ഒളിമ്പിക്‌സ് കമ്മിറ്റി (ഐ.ഒ.സി) പ്രസിഡന്റ് തോമസ് ബാച്ച് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. ഒളിമ്പിക്‌സിന് വെറും നാലു മാസങ്ങള്‍ മാത്രം ശേഷിക്കെ ഗെയിംസ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് വലിയ രീതിയിലുള്ള സമ്മര്‍ദമാണ് വിവിധ അത്‌ലറ്റുകളില്‍ നിന്നും ഫെഡറേഷനുകളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും ഐ.ഒ.സി നേരിടുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കാനഡ തങ്ങളുടെ പിന്മാറ്റവുമായി രംഗത്തെത്തിയിരിക്കുന്നത്.

നോര്‍വേ, കൊളംബിയ, സ്ലോവേനിയ എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ ബ്രസീലും ഗെയിംസ് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Content Highlights: Canada withdraws from Tokyo Olympics 2020 and Paralympics

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram