Photo: twitter.com|Olympics
ടോക്യോ: ടോക്യോ ഒളിമ്പിക്‌സിലെ പുരുഷ വിഭാഗം ഫുട്‌ബോളിൽ സ്വര്‍ണം സ്വന്തമാക്കി ബ്രസീല്‍. ആവേശകരമായ മത്സരത്തില്‍ സ്‌പെയിനിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ കീഴടക്കിയത്. എക്‌സ്ട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ മാല്‍ക്കോമാണ് ബ്രസീലിന്റെ വിജയഗോള്‍ നേടിയത്.
2016 റിയോ ഒളിമ്പിക്‌സിലും ബ്രസീല്‍ തന്നെയാണ് സ്വര്‍ണം നേടിയത്. ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ ബ്രസീല്‍ നേടുന്ന രണ്ടാം സ്വര്‍ണമാണിത്.
ബ്രസീലിന് വേണ്ടി മാല്‍ക്കോമും മത്തേയൂസ് കുന്യയും സ്‌കോര്‍ ചെയ്തപ്പോള്‍ നായകന്‍ മിക്കേല്‍ ഒയാര്‍സബാല്‍ സ്‌പെയിനിനായി ഗോള്‍വല ചലിപ്പിച്ചു. മികച്ച പ്രകടനം നടത്തിയിട്ടും സ്‌പെയിനിന് വിജയം സ്വന്തമാക്കാന്‍ സാധിച്ചില്ല.
ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ മത്തേയൂസ് കുന്യയിലൂടെ ബ്രസീലാണ് മത്സരത്തില്‍ ലീഡെടുത്തത്. നായകന്‍ ഡാനി ആല്‍വസ് എടുത്ത കോര്‍ണര്‍ കിക്ക് സ്വീകരിച്ച കുന്യ പന്ത് കൃത്യമായി വലയിലെത്തിച്ച് നിലവിലെ ഒളിമ്പിക് ചാമ്പ്യന്മാര്‍ക്ക് ലീഡ് സമ്മാനിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ആ ലീഡ് നിലനിര്‍ത്താനും ബ്രസീലിന് സാധിച്ചു. ആദ്യപകുതിയില്‍ റിച്ചാലിസണ്‍ പെനാല്‍ട്ടി പാഴാക്കിയത് ബ്രസീലിന് തിരിച്ചടിയായി.
എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറി. ഉണര്‍ന്നുകളിച്ച സ്‌പെയിന്‍ സംഘം 61-ാം മിനിട്ടില്‍ ലക്ഷ്യം കണ്ടു. മുന്നേറ്റതാരവും നായകനുമായ മിക്കേല്‍ ഒയാര്‍സബാലാണ് സ്പാനിഷ് സംഘത്തിന് സമനില ഗോള്‍ സമ്മാനിച്ചത്. കാര്‍ലോസ് സോളറുടെ തകര്‍പ്പന്‍ പാസ് സ്വീകരിച്ച ഒയാര്‍സബാല്‍ പന്ത് കാനറികളുടെ പോസ്റ്റിലേക്ക് അടിച്ചുകയറ്റി.
കളി സമനിലയിലായതോടെ വിജയഗോളിനായി ഇരുടീമുകളും ആക്രമിച്ചുകളിച്ചു. 88-ാം മിനിട്ടില്‍ സ്‌പെയിന്‍ ഗോള്‍ നേടി എന്ന് തോന്നിച്ചെങ്കിലും ബ്രയാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ ഷോട്ട് ബ്രസീല്‍ ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. വൈകാതെ നിശ്ചിത സമയം അവസാനിച്ചു. മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു.
എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നെങ്കിലും രണ്ടാം പകുതിയില്‍ ബ്രസീല്‍ മത്സരത്തില്‍ ലീഡെടുത്തു. 108-ാം മിനിട്ടില്‍ യുവതാരം മാല്‍ക്കോമാണ് ഗോള്‍ നേടിയത്. പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ താരം സ്‌പെയിന്‍ ഗോള്‍കീപ്പര്‍ ഉനായ് സിമോണിനെ കബിളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. ഇതോടെ ബ്രസീല്‍ വിജയമുറപ്പിച്ചു.
Content Highlights: Brazil wins gold in men's football, tokyo olympics 2020