വിജയനിമിഷത്തിൽ ബെലിന്ദ ബെൻസിക് | Photo: Reuters
ടോക്യോ: ടെന്നീസ് വനിതാ സിംഗിള്‍സില്‍ സ്വിറ്റ്‌സര്‍ലന്റ് താരം ബെലിന്ദ ബെന്‍സിക്കിന് സ്വര്‍ണം. ഫൈനലില്‍ ബെലിന്ദ ചെക്ക് റിപ്പബ്ലിക്കിന്റെ വോണ്ട്രൊസോവയെ മൂന്നു സെറ്റു നീണ്ട പോരാട്ടത്തില്‍ മറികടന്നു.
ആദ്യ സെറ്റ് 7-5ന് സ്വിസ് താരം സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റില്‍ വോണ്ട്രൊസോവ തിരിച്ചടിച്ചു. 6-2നായിരുന്നു വിജയം. എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റില്‍ 6-3ന് വിജയിച്ച് ബെലിന്ദ സ്വര്‍ണം സ്വന്തമാക്കി. ചെക് താരം വെള്ളിയും നേടി.
യുക്രെയ്ന്‍ താരം എലിന സ്വിറ്റോലിനയ്ക്കാണ് വെങ്കലം. കസാകിസ്താന്റെ എലിന റയ്ബാകിനയെ കീഴടക്കിയാണ് യുക്രെയ്ന്‍ താരം മൂന്നാം സ്ഥാനം നേടിയത്. ആദ്യ സെറ്റ് 6-1ന് കൈവിട്ട സ്വിറ്റോലിന തോല്‍വിയുടെ വക്കില്‍ നിന്ന് തിരിച്ചുവരികയായിരുന്നു. രണ്ടാം സെറ്റ് ടൈ ബ്രേക്കറില്‍ സ്വന്തമാക്കിയ താരം മൂന്നാം സെറ്റില്‍ ആത്മവിശ്വാസത്തോടെ കളിച്ചു. ഇതോടെ 6-4ന് സെറ്റും വെങ്കലവും സ്വിറ്റോലിനയ്ക്ക് സ്വന്തമായി.
Content Highlights: Belinda Bencic Wins Tokyo Olympic Women's Singles Gold