ബെൽജിയം താരങ്ങളുടെ വിജയാഘോഷം
ടോക്യോ: ഒളിമ്പിക്‌സ് പുരുഷ ഹോക്കി ഫൈനലില്‍ കരുത്തരായ ഓസ്‌ട്രേലിയയെ കീഴടക്കി ബെല്‍ജിയം സ്വര്‍ണം നേടി. ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ 3-2 എന്ന സ്‌കോറിനാണ് ബെല്‍ജിയം വിജയം നേടിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
ഷൂട്ടൗട്ടില്‍ ബെല്‍ജിയം മൂന്ന് തവണ ലക്ഷ്യം കണ്ടപ്പോള്‍ ഓസ്‌ട്രേലിയയ്ക്ക് കാലിടറി. നിശ്ചിത സമയത്ത് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ടി.ജെ വിക്ക്ഹാമും ബെല്‍ജിയത്തിനായി വാന്‍ ഔബെലും ലക്ഷ്യം കണ്ടു. ബെല്‍ജിയം ഗോള്‍കീപ്പര്‍ വിന്‍സെന്റ് വാനാഷ് തകര്‍പ്പന്‍ സേവുകളുമായി കളം നിറഞ്ഞു.
ബെല്‍ജിയം ഹോക്കി ടീം ഒളിമ്പിക്‌സില്‍ നേടുന്ന ആദ്യ സ്വര്‍ണമാണിത്. നിലവിലെ ലോകചാമ്പ്യന്മാരായ ബെല്‍ജിയം ഇതോടെ പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലെല്ലാം ചാമ്പ്യന്മാരായി. നിലവില്‍ ലോകചാമ്പ്യന്‍ഷിപ്പ്, യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് എന്നീ ടൂര്‍ണമെന്റുകളിലെല്ലാം ബെല്‍ജിയമാണ് കപ്പുയര്‍ത്തിയത്.
സെമിയില്‍ ഇന്ത്യയെ കീഴടക്കിയാണ് ബെല്‍ജിയം ഫൈനലിലേക്ക് യോഗ്യത നേടിയത്. ഓസ്‌ട്രേലിയ ജര്‍മനിയെ കീഴടക്കി ഫൈനലിലേക്ക് പ്രവേശിച്ചു.
Content Highlights: Belgium hockey team wins their first ever gold in plympics, tokyo 2020