നീരജ് ചോപ്ര
ടോക്യോ: വര്‍ഷങ്ങളായുള്ള ഇന്ത്യന്‍ ജനതയുടെ കാത്തിരിപ്പിന് അറുതി വരുത്തിക്കൊണ്ട് ഒളിമ്പിക്‌സിലെ അത്‌ലറ്റിക്‌സില്‍ ആദ്യമായി സ്വര്‍ണം നേടി നീരജ് ചോപ്ര ചരിത്രം കുറിച്ചു. നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തതാണ് താരത്തിന് ഈ മികച്ച നേട്ടം സ്വന്തമാക്കാന്‍ പ്രാപ്തനാക്കിയത്. ഫൈനലില്‍ 87.58 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ചോപ്ര സ്വര്‍ണം കഴുത്തിലണിഞ്ഞത്.
ഒളിമ്പിക് സ്വര്‍ണമെന്ന സ്വപ്നത്തിനുശേഷം ഇനി ഒളിമ്പിക് റെക്കോഡ് സ്വന്തമാക്കുക എന്നതാണ് നീരജ് ചോപ്രയുടെ ലക്ഷ്യം. ' ഈ വര്‍ഷം രണ്ട് മൂന്ന് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചു. അതുകൊണ്ടുതന്നെ ഫൈനലില്‍ എനിക്ക് യാതൊരുവിധ പരിഭ്രമവുമില്ലായിരുന്നു. എന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം 88.07 മീറ്ററാണ്. അത് 90.57 മീറ്ററിന് മുകളിലാക്കണം. എന്നാലേ ഒളിമ്പിക് റെക്കോഡ് സ്വന്തമാക്കാനാകൂ. അതാണ് എന്റെ അടുത്ത ലക്ഷ്യം'-നീരജ് ചോപ്ര മത്സരത്തിനുശേഷമുള്ള പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
ആദ്യ ശ്രമത്തില്‍ തന്നെ മികച്ച ദൂരം കണ്ടതോടെ നീരജ് മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി. രണ്ടാം ശ്രമത്തിലാണ് ഒളിമ്പിക് സ്വര്‍ണത്തിലേക്കുള്ള പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് കഴിഞ്ഞത്.
' ആദ്യ ശ്രമത്തില്‍ തന്നെ പരമാവധി ദൂരം കണ്ടെത്താനാണ് ഞാന്‍ ശ്രമിച്ചത്. അത് മറ്റ് താരങ്ങള്‍ക്ക് മേല്‍ സമ്മര്‍ദമുണ്ടാക്കും. അതില്‍ ഞാന്‍ വിജയിച്ചു. അതുകൊണ്ടാണ് രണ്ടാം ശ്രമത്തില്‍ മികച്ച ദൂരം കണ്ടെത്താന്‍ സാധിച്ചത്'- ചോപ്ര കൂട്ടിച്ചേര്‍ത്തു.
അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടുന്ന ആദ്യ താരമാണ് നീരജ് ചോപ്ര
Content Highlights: After winning gold in Tokyo 2020, Neeraj Chopra aims to break the Olympics record