മാന പട്ടേൽ. Photo Courtesy: twitter
ന്യൂഡല്‍ഹി: ഇന്ത്യയുടെ മാന പട്ടേല്‍ ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുക്കും. യൂണിവേഴ്‌സാലിറ്റി ക്വാട്ടയിലാണ് മാന യോഗ്യത നേടിയത്. നൂറ് മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കിലാവും മത്സരിക്കുക. ടോക്യോ ഒളിമ്പിക്‌സ് നീന്തലിന് യോഗ്യത നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരവും ആദ്യ ഇന്ത്യന്‍ വനിതയുമാണ് മാന. ശ്രീഹരി നടരാജനും മലയാളിയായ സജന്‍ പ്രകാശും നേരത്തെ യോഗ്യത നേടിയിരുന്നു.
പുരുഷ, വനിതാ വിഭാഗങ്ങളില്‍ ഒരാള്‍ പോലും യോഗ്യത നേടാത്ത രാജ്യങ്ങളിലെ താരങ്ങള്‍ക്ക് ഒളിമ്പിക്‌സില്‍ മാറ്റുരയ്ക്കാന്‍ അവസരം നല്‍കുന്നതാണ് യൂണിവേഴ്‌സാലിറ്റി ക്വാട്ട. ഇന്ത്യയില്‍ നിന്ന് വനിതകളാരും യോഗ്യത നേടാത്തതിനാലാണ് മാനയുടെ പേര് ശുപാര്‍ശ ചെയ്തത്. അന്താരാഷ്ട്ര നീന്തല്‍ ഫെഡറേഷന്റെ ബി യോഗ്യത കൈവരിച്ചത് ഇരുപത്തിയൊന്നുകാരിയായ മാനയ്ക്ക് തുണയായി.
2019ല്‍ കൈമുട്ടിന് പരിക്കേറ്റ മാന രണ്ട് വര്‍ഷത്തിനുശേഷമാണ് നീന്തല്‍ക്കുളത്തില്‍ മടങ്ങിയെത്തിയത്. ഇതിനുശേഷം ഇക്കഴിഞ്ഞ ഏപ്രിലില്‍ ഉസ്ബക്കിസ്താന്‍ ഓപ്പണ്‍ നീന്തലില്‍ മികച്ച പ്രകടനം പുറത്തെടുത്തു. 100 ബാക്ക്‌സ്‌ട്രോക്കില്‍ 1:04.47 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തിരുന്നു.
സജന്‍ പ്രകാശ് പുരുഷന്മാരുടെ 200 മീവര്‍ ബട്ടര്‍ഫ്‌ളൈയിലും ശ്രീഹരി 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കിലുമാണ് ഒളിമ്പിക്‌സ് യോഗ്യത നേടിയത്. സജന്‍ 1:56:48 സെക്കന്‍ഡിലും ശ്രീഹരി 53.77 സെക്കന്‍ഡിലുമാണ് ഫിനിഷ് ചെയ്തത്. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലെ ഒളിമ്പിക് യോഗ്യതാ മാര്‍ക്ക് 1:56:48 സെക്കന്‍ഡും 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കിലേത് 53.85 സെക്കന്‍ഡുമായിരുന്നു.
Content Highlights: Maana Patel becomes first Indian female swimmer to qualify for Tokyo Olympics