സുശീൽ കുമാറും കെഡി ജാദവും | Photo: Reuters| Pro Wrestling League
വര്‍ഷങ്ങളായി ഇന്ത്യക്ക് ഒളിമ്പിക്‌സില്‍ മെഡല്‍ സമ്മാനിക്കുന്ന വേദിയാണ് ഗോദ. 1952-ലെ ഹെല്‍സിങ്കി ഒളിമ്പിക്‌സ് മുതല്‍ തുടങ്ങിയ ജൈത്രയാത്ര 2021 ടോക്യോ ഒളിമ്പിക്‌സ് വരെ എത്തിനില്‍ക്കുന്നു. അന്ന് കെഡി ജാദവ് ആണെങ്കില്‍ ഇന്ന് രവികുമാര്‍ ദഹിയ. ഇന്ത്യയുടെ ഒളിമ്പിക് ഗുസ്തി മെഡലിലൂടെ ഒരു യാത്ര.
കെഡി ജാദവ്
1952-ലെ ഹെല്‍സിങ്കി ഒളിമ്പിക്‌സ് 57 കിലോഗ്രാം ബാന്റംവെയ്റ്റ് ഫ്രീസ്റ്റൈലിലായിരുന്നു ജാദവിന്റെ വെങ്കല നേട്ടം. 1948-ല്‍ ലണ്ടനിലായിരുന്നു ജാദവിന്റെ ഒളിമ്പിക്‌സ് അരങ്ങേറ്റം. അന്നുപക്ഷേ ആറാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 1952 ഒളിമ്പിക്‌സ് ടീമിലേക്ക് ജാദവിന് യോഗ്യത ലഭിച്ചിരുന്നില്ല. ദേശീയ ചാമ്പ്യനായ നിരഞ്ജന്‍ ദാസിനെ മൂന്നു തവണ തോല്‍പ്പിച്ച് താന്‍ യോഗ്യനാണെന്ന് ജാദവ് അധികാരികളെ ബോധ്യപ്പെടുത്തി. ഒടുവില്‍ ഹെല്‍സിങ്കിയില്‍ വെങ്കലം നേടി ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ വ്യക്തിഗത മെഡല്‍ സ്വന്തം പേരില്‍ കുറിച്ചു
സുശീല്‍ കുമാര്‍
2008 ബെയ്ജിങ് ഒളിമ്പിക്‌സില്‍ സുശീല്‍ കുമാര്‍ നേടിയ വെങ്കലത്തിന് ഹെല്‍സിങ്കിയില്‍ നിന്ന് 56 വര്‍ഷത്തെ ദൂരമുണ്ട്. 66 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ റെപ്പാഷെ റൗണ്ടിലൂടെയായിരുന്നു സുശീലിന്റെ മെഡല്‍ നേട്ടം.
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ലണ്ടനില്‍ സുശീല്‍ നേട്ടം ആവര്‍ത്തിച്ചു. ഇത്തവണ വെങ്കലം വെള്ളിയായി. ഇതോടെ രണ്ട് ഒളിമ്പിക്‌സുകളില്‍ വ്യക്തിഗത മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും സുശീല്‍ സ്വന്തമാക്കി.
യോഗേശ്വര്‍ ദത്ത്
ലണ്ടന്‍ ഒളിമ്പിക്‌സിലായിരുന്നു യോഗേശ്വറിന്റേയും മെഡല്‍നേട്ടം. 60 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ലോക ചാമ്പ്യന്‍ ബെസ്ലിക് കുഡുകോവിന് തോറ്റെങ്കിലും വെങ്കല പോരാട്ടത്തില്‍ ഇന്ത്യന്‍ താരം വിജയം കണ്ടു.
സാക്ഷി മാലിക്
ഗുസ്തിയില്‍ ഇന്ത്യക്കായി മെഡല്‍ നേടിയ ഏക ഇന്ത്യന്‍ വനിതാ താരമാണ് സാക്ഷി മാലിക്. 2016 റിയോ ഒളിമ്പിക്‌സില്‍ ആദ്യ രണ്ട് റൗണ്ടിലും വിജയിച്ചെങ്കിലും ക്വാര്‍ട്ടറില്‍ പരാജയം. ഒടുവില്‍ റെപ്പാഷെ റൗണ്ടിലൂടെ വെങ്കലത്തിലേക്ക്. 58 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തിലായിരുന്നു സാക്ഷിയുടെ മെഡല്‍.
രവി കുമാര്‍ ദഹിയ
57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ടോക്യോയില്‍ വെള്ളി നേടി രവി കുമാര്‍ ദഹിയ ഗുസ്തിയില്‍ ഇന്ത്യക്ക് ആറാം മെഡല്‍ സമ്മാനിച്ചു. ഫൈനലില്‍ റഷ്യന്‍ ഒളിമ്പിക് കമ്മിറ്റിയുടെ താരം സൗര്‍ ഉഗ്യോവിന് മുന്നില്‍ അടിയറവ് പറഞ്ഞു.
Content Highlights: Wrestling Indian Medals Olympics